ഉമ്മൻ ചാണ്ടി സന്തോഷവാൻ; ആരോഗ്യ സ്ഥിതിയെ കുറിച്ച് പറയേണ്ടത് ഡോക്ടറെന്നും ഹസൻ
Monday, February 6, 2023 5:06 PM IST
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദത്തിൽ പ്രതികരണവുമായി യുഡിഎഫ് കൺവീനർ എം.എം. ഹസൻ. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അഭിപ്രായം പറയേണ്ടത് ഡോക്ടർമാരാണെന്നും താൻ സന്ദർശിച്ചപ്പോൾ അദ്ദേഹം സന്തോഷവാനായിരുന്നു എന്നും ഹസൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയെ ഉടൻ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് മാറ്റുമെന്നും ആരോഗ്യസ്ഥിതിയെ കുറിച്ച് മാധ്യമങ്ങൾ അനാവശ്യ ചർച്ച നടത്തരുതെന്നും ഹസൻ അറിയിച്ചു. തിരുവനന്തപുരത്തെ "പുതുപ്പള്ളി' വീട്ടിലെത്തിയാണ് യുഡിഎഫ് കൺവീനർ ഉമ്മൻ ചാണ്ടിയെ കണ്ടത്. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയും ഒപ്പമുണ്ടായിരുന്നു.
എന്നാൽ ഉമ്മൻ ചാണ്ടിയുടെ ചികിത്സയെ കുറിച്ചുള്ള വിവാദങ്ങളോട് പ്രതികരിക്കാൻ ആന്റണി തയാറായില്ല. ഇടയ്ക്കിടെയുള്ള സൗഹൃദസന്ദർശനം മാത്രമാണിതെന്നും മറ്റുവിഷയങ്ങളൊന്നും സംസാരിച്ചില്ലെന്നും ആന്റണി പറഞ്ഞു.