പോളിംഗ് ദിനത്തിലും വിവാദം; ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ജെയ്ക്കിനായി പ്രാർഥനാപേക്ഷ
Tuesday, September 5, 2023 5:42 PM IST
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ വിവാദമായി ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെ പ്രാർഥനാപേക്ഷ. പുതുപ്പള്ളിയിലെ "പുതിയ പുണ്യാള'നായ ഉമ്മൻ ചാണ്ടി ഇടതുമുന്നണി സ്ഥാനാർഥിയായ ജെയ്ക് സി. തോമസിന്റെ വിജയത്തിനായി പ്രാർഥിക്കണമെന്നാണ് അപേക്ഷ.
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലാണ് വിവാദ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. "പുതുപ്പള്ളിയിലെ പുതിയ പുണ്യാളാ, വി. ചാണ്ടിസാറേ... സഖാവ് ജെയ്ക്കിന്റെ വിജയത്തിന് വേണ്ടി പ്രാർഥിക്കണമേ' എന്നാണ് കുറിപ്പിൽ എഴുതിയിട്ടുള്ളത്.
മെൽബിൻ സെബാസ്റ്റ്യൻ എന്ന ഫേസ്ബുക്ക് ഐഡിയിലൂടെയാണ് കുറിപ്പ് പുറത്തുവന്നത്. തെരഞ്ഞെടുപ്പ് ആയതിനാൽ പുതുപ്പള്ളിയിലെ പുതിയ പുണ്യാളന്റെ അടുത്ത് പോയി പ്രാർഥിച്ചതായും യഥാർഥ പുണ്യാളൻ ആരാണെന്ന് സെപ്റ്റംബർ എട്ടിന് അറിയാമെന്നും "മെൽബിൻ' ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പ് സ്ഥാപിച്ചത് ഇടതുപക്ഷ പ്രവർത്തകരാണെന്നും തെരഞ്ഞെടുപ്പ് ദിനത്തിലും ഉമ്മൻ ചാണ്ടിയെ അവഹേളിക്കാനാണ് ശ്രമമെന്നും കോൺഗ്രസ് ആരോപിച്ചു.