ഗണേഷിന്റെ "യുഡിഎഫ് മോഹങ്ങൾ'ക്കെതിരെ ഷാഫി പറമ്പിൽ
Sunday, September 10, 2023 5:41 PM IST
പാലക്കാട്: സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയത് കേരള കോൺഗ്രസ് ബി നേതാവ് കെ.ബി. ഗണേഷ് കുമാർ ആണെന്ന സിബിഐ കണ്ടെത്തലിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ.
സിബിഐ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഗണേഷ് കുമാറിനെതിരെ കേസെടുക്കണമെന്ന് ഷാഫി ആവശ്യപ്പെട്ടു.
ഗണേഷ് തുടരുന്നത് ഉമ്മൻ ചാണ്ടിയുടെ ഔദാര്യത്തിന്റെ ബലത്തിലാണെന്നും കൂടെനിന്ന് ഒറ്റിയതിൽ സമാനതകളില്ലാത്ത ചരിത്രമാണ് അദ്ദേഹം എഴുതിച്ചേർത്തതെന്നും ഷാഫി പറഞ്ഞു.
യുഡിഎഫിലേക്ക് കണ്ണെറിയാനാണ് ഗണേഷിന്റെ ഭാവമെങ്കിൽ, അതിന് ഏതെങ്കിലും നേതാവ് കണ്ണോ കാതോ കൊടുക്കാൻ തീരുമാനിച്ചാൽ അത് യൂത്ത് കോൺഗ്രസ് നടത്തിക്കില്ലെന്നും ഷാഫി കൂട്ടിച്ചേർത്തു.