ചികിത്സാ വിവാദം ഉയർത്തില്ല; "പുണ്യാളനെ'പ്പറ്റി മൗനം പാലിക്കുമെന്ന് സിപിഎം
Saturday, August 12, 2023 7:56 PM IST
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർത്തില്ലെന്ന് സിപിഎം.
ഉമ്മൻ ചാണ്ടിക്ക് ശരിയായ ചികിത്സ ലഭിച്ചോ ഇല്ലയോ എന്ന വിഷയം ചർച്ചയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ചികിത്സാ വിവാദം സംബന്ധിച്ച സിപിഎം സംസ്ഥാന സമിതി അംഗം കെ. അനിൽ കുമാർ ഉയർത്തിയ ആരോപണങ്ങൾ ഗോവിന്ദൻ തള്ളി.
അനിൽ കുമാറിന്റെ ഭാഗത്ത് നിന്ന് അത്തരമൊരു പരാമർശം വേണ്ടിയിരുന്നില്ല. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ വ്യക്തിപരമായി തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കൊണ്ടുവരില്ല.
വിശുദ്ധൻ പരാമർശത്തെപ്പറ്റി കോൺഗ്രസിൽതന്നെ ചിലർക്ക് എതിർപ്പുണ്ടെങ്കിലും വിശുദ്ധൻ, പുണ്യാളൻ എന്നീ പ്രയോഗങ്ങളെ സിപിഎം ശ്രദ്ധിക്കില്ല. അത് വിശ്വാസികൾ ശ്രദ്ധിക്കട്ടെ. പുണ്യാളനെ പ്രഖ്യാപിക്കേണ്ടത് ഓർത്തഡോക്സ് സഭയാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.