കത്തെഴുതിയത് പരാതിക്കാരിയല്ല, ഉമ്മൻ ചാണ്ടിയുടെ പേര് ചേർത്തത് ഗണേഷ് കുമാറും ശരണ്യ മനോജും: ഫെനി ബാലകൃഷ്ണൻ
Wednesday, September 13, 2023 1:01 PM IST
തിരുവനന്തപുരം: സോളാർ കേസിലെ അതിജീവിത കത്ത് എഴുതിയിട്ടില്ലെന്നും പരാതിയുടെ ഡ്രാഫ്റ്റാണ് അവർ നൽകിയതെന്നും അഡ്വ. ഫെനി ബാലകൃഷ്ണൻ.
ഗണേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരം ശരണ്യ മനോജാണ് ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ. മാണിയുടെയും പേരെഴുതി ചേര്‍ത്ത കത്തെഴുതിയതെന്നും ഫെനി ബാലകൃഷ്ണൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പരാതിക്കാരി പത്തനംതിട്ട ജയിലിൽ നിന്നും കോടതിയിൽ നൽകാൻ ഏല്‍പ്പിച്ചത് ഒരു ഡ്രാഫ്റ്റാണ്. ആ ഡ്രാഫ്റ്റ് ശരണ്യ മനോജ്, ബാലകൃഷ്ണ പിള്ളയുടെ വീട്ടിലേക്ക് കൊണ്ടുപോയി.
സരിത ജയിലിൽ നിന്നും ഇറങ്ങിയതിന് ശേഷം രണ്ടുദിവസം തന്റെ വീട്ടിൽ താമസിച്ചുവെന്നും ബാക്കി ആറുമാസം ഗണേഷ് കുമാറിന്റെ നിർദേശമനുസരിച്ച് ശരണ്യ മനോജിന്റെ വീട്ടിലാണ് താമസിച്ചിരുന്നതെന്നും ഫെനി പറഞ്ഞു.
ഗണേഷ് കുമാറിന് മന്ത്രിയാകാൻ വേണ്ടിയുള്ള പരിശ്രമങ്ങളാണ് അവിടെ നടന്നത്. എന്നാൽ അത് പരാജയപ്പെട്ടന്ന് അറിഞ്ഞതോടെ ശരണ്യ മനോജും ഗണേഷിന്റെ പിഎ പ്രദീപും തന്നെ സമീപിച്ചു.
കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ശരണ്യ മനോജ് ഒരു കവറിൽ കത്ത് എഴുതി തന്നെ ഏൽപിച്ചു. കത്ത് വായിച്ചുനോക്കിയപ്പോൾ ഉമ്മൻചാണ്ടിസാറിനെക്കുറിച്ചുള്ള ലൈംഗിക ആരോപണമുണ്ടായിരുന്നു. ഒപ്പം ജോസ് കെ.മാണിയുടെ പേരുമുണ്ടായിരുന്നു.
ഉമ്മൻചാണ്ടിയുടെയും ജോസ് കെ. മാണിയുടെയും പേര് ഇവർ എഴുതിചേർത്തതാണെന്നും ഫെനി പറഞ്ഞു.
ഇതൊരു മോശം പരിപാടിയല്ലേ എന്നു ചോദിച്ചപ്പോൾ ഗണേഷ് കുമാറിന്റെ നിർദേശ പ്രകാരം തന്ന കത്താണെന്നും സാറിന് മന്ത്രിയാകാൻ സാധിച്ചില്ല അതുകൊണ്ട് എങ്ങനെയെങ്കിലും ഉമ്മൻചാണ്ടിയെ താഴെ ഇറക്കാനാണിതെന്നും പറഞ്ഞു.
ഈ കത്ത് എന്താണ് ചെയ്യേണ്ടെതെന്ന് ചോദിച്ചപ്പോൾ കത്ത് സരിതയുടെ വീട്ടിൽ കൊണ്ടുചെന്ന് അവരുടെ കൈപടയിൽ തന്നെ കത്ത് എഴുതിക്കുക എന്നതായിരുന്നു. പിന്നീട് ആ കത്ത് ഡ്രാഫ്റ്റ് ചെയ്ത് പത്രസമ്മേളനം നടത്താനാണ് ശരണ്യ മനോജ് നൽകിയ നിർദേശം.
സോളാർ കേസിന്റെ പ്രധാന സൂത്രധാരൻമാർ ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം എല്ലാം ചെയ്ത ഗണേഷിന്റെ പിഎ പ്രദീപ് കുമാറും ശരണ്യ മനോജ തന്നെയാണ്.
ലൈംഗിക ആരോപണത്തെ ചൂഷണം ചെയ്യുകയായിരുന്നു രാഷ്ട്രീയപാർട്ടികളെല്ലാവരും. ലൈംഗികആരോപണം കൊണ്ട് ഒരു സർക്കാരിനെ താഴെ ഇറക്കുകയും മറ്റൊരു സർക്കാരിനെ അധികാരത്തിലേറ്റുകയും ചെയ്യാനുള്ള ശ്രമമാണ് നടന്നത്.
ഇ.പി.ജയരാജൻ പരാതിക്കാരിയെ കാണുകയും പല കാര്യങ്ങൾ ആവശ്യപ്പെടുകയും ചെയ്തു എന്ന് പരാതിക്കാരി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഫെനി പറഞ്ഞു. സജി ചെറിയാനും ഇതേ ആവശ്യം ഉന്നയിച്ച് തന്റെ വീട്ടിലെത്തിയെന്നും അതിജീവിത പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
കുറച്ചുപേരുടെ പേര് ഒഴിവാക്കണമെന്നും മറ്റുചിലരുടെ കൂട്ടിചേർക്കണമെന്ന് ആവശ്യപ്പെട്ടും വെള്ളാപള്ളി നടേശനും എത്തിയിരുന്നുവെന്നും എന്നാൽ താൻ അതിന് തയ്യാറാകാതെ ഇരുന്നതിനാൽ അദ്ദേഹം തന്നെ പത്രസമ്മേളനം നടത്തി ഫെനി പറഞ്ഞു എന്ന രീതിയിൽ മാറ്റി.
സിഡി ഉൾപ്പെടെ പല തെളിവുകളും തന്റെ കൈയിലുണ്ടെന്നും ആ തെളിവ് ലഭിക്കാൻ പലരും സമീപ്പിച്ചിരുന്നെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു.
എനിക്ക് ഗണേഷ് കുമാർ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനം വരെ വാഗ്ദാനം ചെയ്തിരുന്നു. പരാതിക്കാരിക്ക് വേണ്ടി വക്കീൽ ഫീസ് തന്നിരുന്നത് ഗണേഷിന്റെ പിഎയാണെന്നും ഫെനി ബാലകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.