100ൽ ഹാരിക്കു ഡബിൾ
Thursday, September 12, 2024 12:44 AM IST
ലണ്ടൻ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ഹാരി കെയ്ന്റെ ഇരട്ടഗോൾ ബലത്തിൽ ഇംഗ്ലണ്ട് 2-0നു ഫിൻലൻഡിനെ കീഴടക്കി.
ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയ്ന്റെ 100-ാം രാജ്യാന്തര മത്സരമായിരുന്നു. തന്റെ 100-ാം മത്സരത്തിൽ ഗോൾഡൻ നിറമുള്ള ബൂട്ടണിഞ്ഞായിരുന്നു കെയ്ൻ എത്തിയത്. ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം 57-ാം മിനിറ്റിൽ ഹാരി കെയ്ൻ ആദ്യ വെടിപൊട്ടിച്ചു. തുടർന്ന് 76-ാം മിനിറ്റിൽ ടീമിന്റെ രണ്ടാം ഗോളും സ്വന്തമാക്കി.
ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ ഹാരിയുടെ അക്കൗണ്ടിൽ ഇതോടെ 68 ഗോളായി. വെംബ്ലിയിൽ ഏറ്റവും കൂടുതൽ മത്സരം, ക്യാപ്റ്റൻ എന്നനിലയിൽ ഏറ്റവും കൂടുതൽ ഗോൾ തുടങ്ങിയ ഇംഗ്ലീഷ് റിക്കാർഡുകളും കെയ്ന്റെ പേരിലാണ്.
നേഷൻസ് ലീഗ് ഗ്രൂപ്പ് രണ്ടിൽ ഇംഗ്ലണ്ടിന്റെ രണ്ടാം ജയമാണ്. ഗ്രൂപ്പിൽ രണ്ടു ജയം നേടിയ ഗ്രീസ്, ഗോൾ വ്യത്യാസത്തിൽ ഇംഗ്ലണ്ടിനെ പിന്തള്ളി ഒന്നാം സ്ഥാനത്തുണ്ട്.
ജർമനി 2-2 നെതർലൻഡ്സ്
നേഷൻസ് ലീഗ് ഗ്രൂപ്പ് മൂന്നിൽ കരുത്തരായ ജർമനിയും നെതർലൻഡ്സും രണ്ടു ഗോൾ വീതമടിച്ചു സമനിലയിൽ പിരിഞ്ഞു. റെയ്ൻഡേഴ്സ് (2’), ഡെൻസിൽ ഡംഫ്രിസ് (50’) എന്നിവർ നെതർലൻഡ്സിനായും ഡെനിസ് ഉണ്ടവ് (38’), ജോഷ്വ കിമ്മിഷ് (45+3’) എന്നിവർ ജർമനിക്കുവേണ്ടിയും ഗോൾ നേടി.