കീവികളെ എറിഞ്ഞിട്ട് വിൻഡീസ് സൂപ്പർ എട്ടിൽ
Friday, June 14, 2024 1:17 AM IST
സാൻ ഫെർണാണ്ടോ: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലൻഡിന്റെ സൂപ്പർ എട്ട് പ്രതീക്ഷകൾക്കു തിരിച്ചടിയായി രണ്ടാം തോൽവി.
വെസ്റ്റ് ഇൻഡീസിനെതിരേ 13 റൺസിന് തോൽവി വഴങ്ങിയ കിവീസ് ഗ്രൂപ്പ് സിയിൽ അവസാനസ്ഥാനത്താണ്. തുടർച്ചയായ മൂന്നാം ജയത്തോടെ കരീബിയൻ പട സൂപ്പർ എട്ടിൽ പ്രവേശനം നേടി.
നേരത്തേ ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത കെയ്ൻ വില്യസണിന്റെ തീരുമാനം ശരിവയ്ക്കും വിധമായിരുന്നു ന്യൂസിലൻഡിന്റെ തുടക്കം.
തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെട്ട വെസ്റ്റ് ഇൻഡീസ് ഒരുഘട്ടത്തിൽ 30ന് അഞ്ച് വിക്കറ്റ് എന്ന നിലയിലായിരുന്നു. പിന്നീട് വാലറ്റത്തെ കൂട്ടുപിടിച്ച് ഷെർഫെയ്ൻ റുഥർഫോഡ് (39 പന്തിൽ 68) നടത്തിയ ചെറുത്തുനിൽപ്പാണു വിൻഡീസിനെ ഒന്പത് വിക്കറ്റ് നഷ്ടത്തിൽ 149ലെത്തിച്ചത്.
ന്യൂസിലൻഡിനു വേണ്ടി ട്രെന്റ് ബോൾട്ട് മൂന്നും ടിം സൗത്തി, ലൂക്കി ഫെർഗൂസൺ എന്നിവർ രണ്ടു വിക്കറ്റും നേടി.
150 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡ് നിരയിൽ 33 പന്തിൽ 40 റൺസ് നേടിയ ഗ്ലെൻ ഫിൽപ്സ്, ഫിൻ അലൻ (23 പന്തിൽ 26), മിച്ചൽ സാന്റ്നർ (പുറത്താകാതെ 12 പന്തിൽ 21) എന്നിവർക്കു മാത്രമാണ് തിളങ്ങാനായത്.
വിൻഡീസിനു വേണ്ടി അൽസാരി ജോസഫ് നാലു വിക്കറ്റും ഗുഡകേഷ് മോട്ടി മൂന്നുവിക്കറ്റും നേടി.