ചെന്നൈ സൂപ്പർ കിംഗ്സിനു ജയം
Tuesday, April 9, 2024 1:00 AM IST
ചെന്നൈ: ഐപിഎൽ ട്വന്റി 20 ക്രിക്കറ്റിൽ പന്തേറുകാരുടെ തകർപ്പൻ പ്രകടനത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനു ജയം. ചെന്നൈ സൂപ്പർ കിംഗ്സ് ഏഴു വിക്കറ്റുകൾക്ക് കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ചു. സ്കോർ കോൽക്കത്ത നൈറ്റ് റൈഡേഴ് 20 ഓവറിൽ 137/7. ചെന്നൈ സൂപ്പർ കിംഗ്സ് 17.4 ഓവറിൽ 141/3. രവീന്ദ്ര ജഡേജയാണ് കളിയിലെ താരം.
ടോസ് നേടി ഫീൽഡിംഗ് തെരഞ്ഞെടുത്ത ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്വാദിന്റെ തീരുമാനം ശരിയെന്നു തെളിക്കുന്നതായിരുന്നു ആദ്യ ഓവർ മുതലുള്ള പ്രകടനം. ആദ്യ ഓവറിലെ ആദ്യ പന്തിൽ ഫീൽ സാൾട്ടിനെ തുഷാർ ദേശ്പാണ്ഡെ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചു. ഈ പുറത്താകലിനുശേഷം സുനിൽ നരേനും അംഗൃഷ് രഘുവംശിയും ചേർന്നുള്ള കൂട്ടുകെട്ട് ആക്രമിച്ചു കളിച്ചു തുടങ്ങി.
56 റണ്‍സ് നേടിയ ഈ സഖ്യം രഘുവംശിയെ (24) വിക്കറ്റിനു മുന്നിൽ കുരുക്കി രവീന്ദ്ര ജഡേജ പൊളിച്ചു. ആ ഓവറിൽ തന്നെ നരേനും (20 പന്തിൽ 27) പുറത്തായി. ഓരോവറിനുശേഷം ജഡേജ വെങ്കിടേഷ് അയ്യരെയും വീഴ്ത്തി. ഇതോടെ കോൽക്കത്ത സ്കോറിംഗ് താഴ്ന്നു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും കൂടെ നിൽക്കാനാളില്ലായിരുന്നു.
തീക്ഷണയും ദേശ്പാണ്ഡെയും മുഷ്താഫിസുർ റഹ്മാനും കോൽക്കത്തയുടെ മധ്യനിര തകർത്തു. അവസാന ഓവറിലെ ആദ്യ പന്തിൽ ശ്രേയസ് അയ്യരെ പുറത്താക്കി മുഷ്താഫിസുർ റഹ്മാൻ കൂടുതൽ റണ്‍സ് എടുക്കുന്നതിൽനിന്ന് കോൽക്കത്തയെ തടഞ്ഞു. 32 പന്തിൽ 34 റണ്‍സ് നേടിയ ശ്രേയസ് അയ്യരാണ് കോൽക്കത്തയുടെ ടോപ് സ്കോറർ.
രവീന്ദ്ര ജഡേജയും തുഷാർ ദേശ്പാണ്ഡെയും മൂന്നു വിക്കറ്റ് വീതവും മുഷ്താഫിസുർ റഹ്മാൻ രണ്ടും മഹീഷ് തീക്ഷണ ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ടീം സ്കോർ 27ലെത്തിയപ്പോൾ രചിൻ രവീന്ദ്രയെ (എട്ട് പന്തിൽ 15) നഷ്ടമായെങ്കിലും ഋതുരാജും ഡാരൽ മിച്ചലും കൂടുതൽ അപകടങ്ങളൊന്നും വരുത്താതെ ചെന്നൈയിയെ ജയത്തിലേക്ക് നയിച്ചു. 70 റണ്‍സ് നേടിയ സഖ്യം മിച്ചലിനെ (19 പന്തിൽ 25) ക്ലീൻബൗൾഡാക്കി നരേൻ പൊളിച്ചു.
ഇംപാട്ക് പ്ലെയറായി വന്ന ശിവം ദുബെ പതിവു തെറ്റിക്കാതെ തകർത്തടിച്ചതോടെ ജയം അനായാസമായി. ജയത്തിന് മൂന്നു റണ്‍സ് അകലെവച്ച് ദുബെ (18 പന്തിൽ 28) വൈഭവ് അറോറയുടെ പന്തിൽ ക്ലീൻബൗൾഡായി. ധോണിയും ഋതുരാജും ചേർന്ന് ജയത്തിലെത്തിച്ചു. അറോറ രണ്ടു വിക്കറ്റ് വീഴ്ത്തി. ഒരെണ്ണം നരേനും സ്വന്തമാക്കി.