പുജാരയ്ക്കു സസ്പെൻഷൻ
Tuesday, September 19, 2023 11:45 PM IST
ലണ്ടൻ: ഇന്ത്യൻ താരവും ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ സസക്സിന്റെ നായകനുമായ ചേതേശ്വർ പുജാരയ്ക്ക് സസ്പെൻഷൻ. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡാണ് (ഇസിബി) നടപടി പ്രഖ്യാപിച്ചത്.
പെരുമാറ്റച്ചട്ടം ലംഘിച്ചതാണ് കാരണം. താരത്തിന്റെ ടീമായ സസക്സിന് 12 പോയിന്റ് പെനാൽറ്റിയും ലഭിച്ചു. സസ്പെൻഷനെത്തുടർന്ന് ഡെർബിഷെയറിനെതിരേ നടക്കാനിരിക്കുന്ന മത്സരം പൂജാരയ്ക്കു നഷ്ടമാകും.
കഴിഞ്ഞ ദിവസം ലെസ്റ്റർഷെയറിനെതിരായ മത്സരത്തിൽ സസക്സ് താരങ്ങളായ ടോം ഹെയിൻസിനും, ജാക്ക് കാഴ്സണും അച്ചടക്കലംഘനത്തെത്തുടർന്ന് അന്പയർമാർ പെനാൽറ്റി ചുമത്തിയിരുന്നു. ഇതോടെ സീസണിലെ മൂന്നാമത്തെയും, നാലാമത്തെയും പെനാൽറ്റി സസക്സിന് ലഭിച്ചു.
കൗണ്ടി ചാന്പ്യൻഷിപ്പ് നിയമമനുസരിച്ച് ഒരു സീസണിൽ നാലു പെനാൽറ്റികൾ ചുമത്തപ്പെടുന്നത് ടീമിന്റെ 12 പോയിന്റ് വെട്ടിക്കുറയ്ക്കാൻ ഇടയാക്കും. ഈ മത്സരങ്ങളിലെ ടീമിന്റെ ക്യാപ്റ്റന് ഒരു മത്സരത്തിൽനിന്നു വിലക്കും ലഭിക്കും. ഈ സാഹചര്യത്തിലാണു പൂജാരയ്ക്കെതിരായ നടപടി.