ടിപ് ടോപ്
Sunday, February 5, 2023 1:00 AM IST
മുംബൈ: ടേബിൾ ടോപ്പർമാരായ മുംബൈ സിറ്റിയും ഹൈദരാബാദും ഏറ്റുമുട്ടിയ ഐഎസ്എൽ ഫുട്ബോൾ പോരാട്ടം 1-1 സമനിലയിൽ.
മുംബൈ അപരാജിത കുതിപ്പ് തുടർന്നപ്പോൾ നേരിട്ട് സെമിഫൈനൽ ടിക്കറ്റ് ലക്ഷ്യംവച്ച് ഹൈദരാബാദും തലയുയർത്തി മടങ്ങി. മത്സരത്തിന്റെ 23-ാം മിനിറ്റിൽ പെനാൽറ്റി ഗോളിലൂടെ ജോർജ് പെരേര ഡിയസ് മുംബൈ സിറ്റിക്ക് ലീഡ് നൽകി.
സീസണിൽ ജോർജ് പെരേര ഡിയസിന്റെ 10-ാം ഗോളായിരുന്നു. ഒരു ഗോളിന്റെ ലീഡുമായി 64 മിനിറ്റ് വരെ മുംബൈ പിടിച്ചുനിന്നു. എന്നാൽ, 65-ാം മിനിറ്റിൽ ഹിതേഷ് ശർമയിലൂടെ ഹൈദരാബാദ് ഗോൾ മടക്കി. മുഹമ്മദ് യാസിറിന്റെ അസിസ്റ്റിലായിരുന്നു ഗോൾ.
ലീഗിൽ 17 മത്സരങ്ങൾ പൂർത്തിയാക്കിയ മുംബൈ സിറ്റി 13 ജയവും നാല് സമനിലയും ഉൾപ്പെടെ 43 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. 16 മത്സരങ്ങളിൽനിന്ന് 36 പോയിന്റുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്തുണ്ട്.
16 മത്സരങ്ങളിൽ 28 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ്, 15 മത്സരങ്ങളിൽ 27 പോയിന്റുള്ള എടികെ മോഹൻ ബഗാൻ ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ജംഷഡ്പുർ എഫ്സി എവേ പോരാട്ടത്തിൽ 2-0ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ചു. നോർത്ത് ഈസ്റ്റിന്റെ 15-ാം തോൽവിയാണ്.
റിത്വിക് ദാസ് (39’), ചീമ ചുക്വു (57’) എന്നിവരായിരുന്നു ജംഷഡ്പുരിന്റെ ഗോൾനേട്ടക്കാർ. ജംഷഡ്പുർ (12 പോയിന്റ്) 10-ാം സ്ഥാനത്തും നോർത്ത് ഈസ്റ്റ് (4 പോയിന്റ്) 11-ാം സ്ഥാനത്തുമാണ്.