ഗുസ്തി: ദിവ്യ, പിങ്കി, സരിത സ്വർണത്തിൽ
Thursday, February 20, 2020 11:57 PM IST
ന്യൂഡൽഹി: ഏഷ്യൻ ഗുസ്തി ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ ദിവ്യ കക്റന് സ്വർണം. ഏഷ്യൻ ഗുസ്തിയിൽ സ്വർണം നേടുന്ന രണ്ടാമത് ഇന്ത്യൻ വനിത എന്ന നേട്ടം ഇതോടെ ദിവ്യ സ്വന്തമാക്കി. 68 കിലോഗ്രാം വിഭാഗത്തിലായിരുന്നു ദിവ്യയുടെ നേട്ടം. തൊട്ടുപിന്നാലെ 55 കിലോഗ്രാം വിഭാഗത്തിൽ പിങ്കിയും 59 കിലോഗ്രാം വിഭാഗത്തിൽ സരിത മോറും സ്വർണത്തിലെത്തി. 2018ൽ നവ്ജ്യോത് കൗറിലൂടെയാണ് ഏഷ്യൻ ചാന്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ഇന്ത്യ ആദ്യമായി സ്വർണം നേടിയത്.
നിർമല ദേവിക്ക് വെള്ളി. 2010 കോമണ്‍വെൽത്ത് ഗെയിംസ് വെള്ളി ജേതാവായ നിർമല 50 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിച്ചത്. ഫൈനലിൽ ജാപ്പനീസ് താരം മിഹൊ ഇഗരാഷിയോട് 3-2നായിരുന്നു നിർമലയുടെ തോൽവി.