ബ്ലാസ്റ്റേഴ്സിന്റെ ജപ്പാൻ തന്ത്രം
Tuesday, January 14, 2020 12:00 AM IST
ഐഎസ്എൽ ഫുട്ബോളിന്റെ ഈ സീസണിൽ തുടർച്ചയായ രണ്ട് ജയം കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ശുഭപ്രതീക്ഷ നല്കിയിരിക്കുന്നു. ഹൈദരാബാദിനെതിരേ കൊച്ചിയിൽവച്ച് 5-1ന്റെ ജയത്തിനു പിന്നാലെ കോൽക്കത്തയിലെത്തിയ ബ്ലാസ്റ്റേഴ്സ് എടികെയെ 1-0നും പരാജയപ്പെടുത്തി. എടികെയ്ക്കെതിരായ ജയത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് ബ്ലാസ്റ്റേഴ്സ് ഒരുക്കിയ ഓഫ് സൈഡ് കെണിയാണ്.
70-ാം മിനിറ്റിൽ ഹാളിചരണ്‍ നർസറിയിലൂടെ മുന്നിൽ കടന്ന ബ്ലാസ്റ്റേഴ്സ് ജപ്പാൻ മോഡൽ ഓഫ് സൈഡ് കെണി ഒരുക്കിയാണ് ജയം ഉറപ്പിച്ചത്. മത്സരത്തിന്റെ 90-ാം മിനിറ്റിൽ എടികെയ്ക്ക് ഫ്രീകിക്ക്. അവസാന നിമിഷം ലീഡ് നഷ്ടപ്പെടുത്തി സമനില വഴങ്ങുന്ന പതിവ് ബ്ലാസ്റ്റേഴ്സിനെയല്ല അപ്പോൾ കണ്ടത്. ജാവി ഹെർണാണ്ടസ് കിക്കെടുത്തപ്പോൾ ബ്ലാസ്റ്റേഴ്സ് താരങ്ങൾ സ്വന്തം പോസ്റ്റിലേക്ക് ഇറങ്ങി പ്രതിരോധിക്കുന്നതിനു പകരം കിക്കെടുത്ത ഹെർണാണ്ടസിനു നേർക്ക് ഓടിക്കയറി. ഫലമോ ആറ് എടികെ കളിക്കാർ ഓഫ് സൈഡ് ആയി. റോയ് കൃഷ്ണ ഫ്രീകിക്കിൽനിന്നു ലഭിച്ച പന്ത് സ്വീകരിച്ച് വല കുലുക്കിയെങ്കിലും ഓഫ് സൈഡ് കുരുക്കിൽ അത് നിഷേധിക്കപ്പെട്ടു.
2018 റഷ്യൻ ലോകകപ്പിൽ ഗ്രൂപ്പ് എച്ചിൽ സെനഗലിനെതിരായ മത്സരത്തിൽ ജപ്പാൻ പുറത്തെടുത്ത അതേ ഓഫ് സൈഡ് കുരുക്കാണ് ബ്ലാസ്റ്റേഴ്സ് എടികെയ്ക്ക് എതിരേ ഒരുക്കിയത്. 2-2 സമനിലയിൽ അവസാന അന്നത്തെ മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാനമായിരുന്നു ജപ്പാന്റെ ഓഫ് സൈഡ് കുരുക്ക്.