ഭവന നിർമാണ പദ്ധതിയിൽ പണം തട്ടി : മുൻ പട്ടികജാതി വികസന ഓഫീസർക്ക് കഠിനതടവും പിഴയും
Saturday, September 14, 2024 3:12 AM IST
മൂ​വാ​റ്റു​പു​ഴ: പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്കു​ള്ള ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ നി​ന്ന് വ്യാ​ജ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് 11.90 ല​ക്ഷം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ മു​ൻ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫി​സ​ർ​ക്ക് വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി ഏഴു വ​ർ​ഷം ക​ഠി​ന ത​ട​വും 30 ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി. ദേ​വി​കു​ളം മു​ൻ പ​ട്ടി​ക​ജാ​തി ഓ​ഫി​സ​ർ ഡി.​പി. ക്രി​സ്‌​റ്റ​ഫ​ർ രാ​ജി(74)നെ​യാ​ണ് മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി ജ​ഡ്‌​ജി എ​ൻ.​വി. രാ​ജു ശി​ക്ഷി​ച്ച​ത്.

മ​റ​യൂ​ർ വി​ല്ലേ​ജി​ലെ കോ​ച്ചാ​രം പ്ര​ദേ​ശ​ത്ത് ഭ​വ​ന​ര​ഹി​ത​രാ​യി​ട്ടു​ള്ള 34 പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക് ദേ​വി​കു​ളം പ​ട്ടി​കജാ​തി ഓ​ഫി​സി​ൽ നി​ന്ന് വീ​ടു നി​ർ​മി​ക്കു​ന്ന​തി​ന് അ​നു​വ​ദി​ച്ച ഫ​ണ്ടി​ൽ നി​ന്നാ​ണു പ​ണം ത​ട്ടി​യ​ത്. വീ​ടു നി​ർ​മി​ക്കാ​ൻ പ​ണം ന​ൽ​കി​യ​താ​യു​ള്ള വ്യാ​ജ രേ​ഖ​ക​ൾ ത​യാ​റാ​ക്കി​യാ​ണു ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​ത്. അ​ർ​ഹ​രാ​യ ഭൂ​രി​ഭാ​ഗം പേ​ർ​ക്കും തു​ക ല​ഭി​ച്ചി​ല്ല.​


ഇ​തേത്തു​ട​ർ​ന്നു ന​ൽ​കി​യ പ​രാ​തി​യി​ൽ ഇ​ടു​ക്കി വി​ജി​ല​ൻ​സ് 2006ൽ ​കേ​സ് റ​ജി​സ്‌​റ്റ​ർ ചെ​യ്‌​ത് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു. 18 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

അ​ഴി​മ​തി നി​രോ​ധ നി​യ​മ​ത്തി​ലെ 13 (2) സെ​ക്‌​ഷ​ൻ പ്ര​കാ​രം മൂന്നുവ​ർ​ഷം ക​ഠി​ന ത​ട​വും 15 ല​ക്ഷം രൂ​പ പി​ഴ​യും 409 ഐ​പി​സി പ്ര​കാ​രം മൂന്നുവ​ർ​ഷം ക​ഠി​ന ത​ട​വും 15 ല​ക്ഷം രൂ​പ പി​ഴ​യും 465 ഐ​പി​സി പ്ര​കാ​രം ഒരു വ​ർ​ഷം ക​ഠി​ന ത​ട​വി​നു​മാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. ശി​ക്ഷ ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി​യാ​കും.​പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ വി.​എ. സ​രി​ത ഹാ​ജ​രാ​യി.