താ​മ​സി​ക്കാ​ൻ ആ​രുമില്ല : ജിഎ​സ്ടി ​വ​കു​പ്പി​ന്‍റെ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ ന​ശി​ക്കു​ന്നു
Friday, June 21, 2024 4:05 AM IST
നെ​ടുങ്കണ്ടം: നെ​ടുങ്ക​ണ്ട​ത്ത് ജിഎ​സ്ടി ​വ​കു​പ്പി​ന്‍റെ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ ഉ​പ​യോ​ഗി​ക്കാ​തെ ന​ശി​ക്കു​ന്നു. കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സ​ക്കാ​ർ ഇ​ല്ലാ​ത്ത​ത്.
നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു സ​മീ​പ​മാ​ണ് ജിഎ​സ്ടി ​വ​കു​പ്പി​ന്‍റെ ക്വാ​ർ​ട്ടേ​ഴ് സു​ക​ൾ സ്ഥി​തി ചെ​യ്യു​ന്ന​ത്.

കി​ട​പ്പു​മു​റി, അ​ടു​ക്ക​ള, ഹാ​ൾ, ശു​ചി​മു​റി തു​ട​ങ്ങി​യ സൗ​കര്യ​ങ്ങ​ളോടെ പതിനഞ്ച് ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ ഉ​ണ്ട്. ഇ​വ​യി​ൽ ഏ​താ​നും കെ​ട്ടി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് താ​മ​സ​കാ​രു​ള്ള​ത്. ചി​ല കെ​ട്ടി​ട​ങ്ങ​ളു​ടെ ജ​ന​ൽച്ചില്ലു​ക​ളും ടൈ​ലു​ക​ളും ത​ക​ർ​ന്നു. മീ​റ്റ​ർ ബോ​ർ​ഡു​ക​ളി​ൽ കി​ളി​ക​ൾ കൂ​ട് കൂ​ട്ടി​യ സ്ഥി​തി​യാ​ണ്. മി​ക്ക ക്വോ​ർ​ട്ടേ​ഴ്സു​ക​ളും കാ​ടു​മൂ​ടി കി​ട​ക്കുക​യാ​ണ്.

താ​മ​സ​ക്കാ​ർ ആ​രുമില്ലെ​ങ്കി​ലും കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റിം​ഗി​ലെ ചോ​ർ​ച്ച ത​ട​യാ​ൻ മേ​ൽ​ക്കൂ​ര​യി​ൽ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ഷീ​റ്റ് മേ​ഞ്ഞി​ട്ടു​ണ്ട്. വാ​ണി​ജ്യനി​കു​തി വ​കു​പ്പ് ജിഎ​സ്ടി ​വ​കു​പ്പാ​യി മാ​റി​യ​പ്പോ​ൾ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യി​. ഇ​താ​ണ് ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ കാ​ലി​യാ​യി കി​ട​ക്കാ​നു​ള്ള കാ​ര​ണം. ക്വ​ർ​ട്ടേ​ഴ്സു​ക​ൾ മ​റ്റു വ​കു​പ്പു​ക​ൾ​ക്കു വി​ട്ടുകൊ​ടു​ക്കാ​നും ന​ട​പ​ടി​യി​ല്ല.