നൂ​റുക​ണ​ക്കി​ന് രോ​ഗി​ക​ൾ; ഒരു ഡോക്‌ടറും
Friday, June 21, 2024 3:30 AM IST
രാ​ജാ​ക്കാ​ട്:​ രാ​ജാ​ക്കാ​ട് സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ദ​യ​നീ​യാ​വ​സ്ഥ​ക്ക് അ​റു​തി​യി​ല്ല. ആ​റി​ൽ പ​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ളു​ടെ ആ​ശ്ര​യ​കേ​ന്ദ്ര​മാ​ണ് രാ​ജാ​ക്കാ​ട് സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്രം.

39 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​മാ​യി മു​ല്ല​ക്കാ​ന​ത്ത് തു​ട​ങ്ങി​യ സ്ഥാ​പ​ന​ത്തി​ന് പേ​ര് മാ​ത്ര​മാ​ണ് സി ​എ​ച്ച്സി എ​ന്ന് മാ​റ്റി​യി​ട്ടു​ള്ള​ത്.​ഇ​വി​ടെ പി​എ​ച്ച്സി​യു​ടെ സ്റ്റാ​ഫ് പാ​റ്റേ​ൺ പോ​ലു​മി​ല്ല.​ഓ​രോ ദി​വ​സ​വും മുന്നൂറിനുമേ​ൽ രോ​ഗി​ക​ളാ​ണ് ചി​കി​ത്സ തേ​ടി എ​ത്തു​ന്ന​ത്.​

ഒ​രു സ്റ്റാ​ഫ് ന​ഴ്സും ഒ​രു മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​മാ​ണ് സ്ഥി​ര നി​യ​മ​ന​ത്തി​ലു​ള്ള​ത്.​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് ജി​ല്ല,ബ്ലോ​ക്കു,പ​ഞ്ചാ​യ​ത്തു ത​ല ഔ​ദ്യോ​ഗി​ക മീ​റ്റിം​ഗു​ക​ളു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്ക് മി​ക്ക​പ്പോ​ഴും യാ​ത്ര ചെ​യ്യേ​ണ്ടി​വ​രും. എ​ൻഎ​ച്ച്എം, ദി​വ​സ​വേ​ത​ന വ്യ​വ​സ്ഥ​യി​ൽ​ര​ണ്ടു ഡോ​ക്ട​ർ​മാ​രും ആ​റു ന​ഴ്സു​മാ​രും ഉ​ണ്ടെ​ങ്കി​ലും പ​ല​പ്പോ​ഴും ഒ​രു ഡോ​ക്ട​റു​ടെ സേ​വ​ന​മേ ല​ഭി​ക്കു​ക​യു​ള്ളൂ. ഇ​ന്ന​ലെ ഒ​രു ഡോ​ക്ട​റാ​ണ് ഇരുനൂറോളം രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച​ത്.

നാ​ട്ടു​കാ​ർ സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ ര​ണ്ട് ഏ​ക്ക​ർ സ്ഥ​ല​ത്ത് കേ​ന്ദ്ര--​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഫ​ണ്ടു​ക​ളും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഫ​ണ്ടും ഉ​ൾ​പ്പെ​ടു​ത്തി ആ​വ​ശ്യ​ത്തി​ന് കെ​ട്ടി​ട​ങ്ങ​ൾ പ​ണി​തു​യ​ർ​ത്തി​യി​ട്ടു​മു​ണ്ട്.​പ്രാ​ദേ​ശി​ക ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും വ്യാ​പാ​രി സം​ഘ​ട​ന​യും ചേ​ർ​ന്ന് ന​ൽ​കി​യ മുപ്പതിൽ​പ​രം ക​ട്ടി​ലു​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും നി​ല​വി​ൽ വി​ശ്ര​മ​ത്തി​ലാ​ണ്.​

കി​ട​ത്തി ചി​കി​ത്സ നി​ല​ച്ചി​ട്ട് ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി. എ​ക്സ് റേ, ഇ​സി​ജി ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.​യൂ​റി​ക് ആ​സി​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പ​രി​ശോ​ധി​ക്കാ​ൻ ലാ​ബി​ൽ സം​വി​ധാ​ന​മി​ല്ല.​ട്രി​പ്പ് ഇ​ടു​ന്ന​തി​നു​ള്ള ഐവി സെ​റ്റ്പോ​ലും രോ​ഗി​ക​ൾ പു​റ​ത്തുനി​ന്നു വി​ല കൊ​ടു​ത്ത് വാ​ങ്ങേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്.

ഇ​ൻ​സു​ലി​ൻ തു​ട​ങ്ങി അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ളും പു​റ​ത്തു​നി​ന്നും രോ​ഗി​ക​ൾ വി​ല കൊ​ടു​ത്ത് വാ​ങ്ങ​ണം.​പ​നി ല​ക്ഷ​ണ​ങ്ങ​ൾ അ​ധി​ക​മു​ള്ള സ​മ​യ​ത്ത് ചു​മ​യു​ടെ മ​രു​ന്ന​ട​ക്കം മി​ക്ക മ​രു​ന്നു​ക​ളും പു​റ​ത്തു നി​ന്ന് വാ​ങ്ങ​ണം.

നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫ് ഉ​ൾ​പ്പെ​ടെ​യു​ള്ള താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ നി​യ​മ​ന കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പി​രി​ച്ച് വി​ട്ടി​രു​ന്നു. പ​ക​രം നി​യ​മ​നം ന​ട​ത്തി​യി​ട്ടി​ല്ല. വാ​ർ​ഡി​ലു​ള്ള ശു​ചി​മു​റി​ക​ൾ​ക്ക് ക​ത​കു​ണ്ടെ​ങ്കി​ലും അ​ത് അ​ട​ച്ച് കു​റ്റി​യി​ടു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മി​ല്ല.​

അ​ക​ത്തു ക​യ​റു​ന്ന രോ​ഗി ഒ​രു കൈ കൊ​ണ്ടു വാ​തി​ൽ ത​ള്ളി​പ്പി​ടി​ക്കേ​ണ്ട ഗ​തി​കേ​ടാ​ണു​ള്ള​ത്. ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി (​എ​ച്ച് എം സി)​യു​ടെ അ​ക്കൗ​ണ്ടി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ മി​ച്ച​മു​ള്ള​പ്പോ​ഴാ​ണ് ഈ ​സ്ഥി​തി ഇ​വി​ടെ തു​ട​രു​ന്ന​ത്.