ആലപ്പുഴ: പക്ഷിപ്പനി പക്ഷികളില്‍നിന്നു പക്ഷികളിലേക്കാണ് സാധാരണയായി പകരാറുള്ളതെങ്കിലും ചില ഘട്ടങ്ങളില്‍ മനുഷ്യരിലേക്കു പകരാനിടയുണ്ട്. അങ്ങനെ മനുഷ്യരിലേക്കു രോഗം വന്നാല്‍ ഗുരുതരമായേക്കാം. കോഴി, താറാവ് തുടങ്ങിയ വളര്‍ത്തു പക്ഷികളിലാണ് സാധാരണയായി പക്ഷിപ്പനി കാണുന്നത്. എന്നാല്‍, കാക്കയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രത്യേക ജാഗ്രത വേണം. പക്ഷികളുമായും മൃഗങ്ങളുമായും സുരക്ഷിതമായ അകലം പാലിക്കുക. രോഗബാധയേറ്റ കോഴി ,താറാവ് പോലെയുള്ള പക്ഷികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, പരിപാലിക്കുന്നവര്‍, വളര്‍ത്തു പക്ഷികളുമായി ഇടപഴകുന്നവര്‍,വീട്ടമ്മമാര്‍, കശാപ്പുകാര്‍, വെറ്റിനറി ഡോക്ടര്‍മാര്‍, പക്ഷികളെ നശിപ്പിക്കാന്‍ നിയോഗിച്ചവര്‍, മറ്റു ബസപ്പെട്ട ജീവനക്കാര്‍ എന്നിവര്‍ രോഗബാധ ഏല്‍ക്കാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണം.
ചത്തുവീണ പക്ഷികളെ
അലക്ഷ്യമായി കൈകാര്യം
ചെയ്യരുത്
ചത്ത പക്ഷികളെ കുഴിച്ചിടുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം സ്വീകരിക്കണം. രോഗബാധയുള്ള പക്ഷികളെയും ചത്ത പക്ഷികളെയും, കൈകാര്യം ചെയ്യുമ്പോളും വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കണം. രോഗമുള്ള പക്ഷികളെ കൈകാര്യം ചെയ്യുമ്പോഴും ചത്ത പക്ഷികളെ കുഴിച്ചിടുമ്പോഴും മാസ്കും, നീളമുള്ള കൈയുറയും ധരിക്കണം. കൈകള്‍ സോപ്പിട്ട് കഴുകുകയും ചെയ്യണം. ചത്തു പോയ പക്ഷികള്‍, അവയുടെ മുട്ട, കാഷ്ഠം മുതലായവ ആഴത്തില്‍ കുഴിച്ചുമൂടുകയോ കത്തിക്കുകയോ ചെയ്യണം.
പ്രതിരോധ മാര്‍ഗങ്ങള്‍
രോഗബാധയുള്ള പക്ഷികളുടെ കാഷ്ഠത്തില്‍നിന്നും മറ്റു സ്രവങ്ങളില്‍നിന്നും രോഗബാധ വളര്‍ത്തു പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഉണ്ടാക്കാന്‍ ഇടയുണ്ട്. അതുകൊണ്ടുതന്നെ വീട്ടില്‍ വളര്‍ത്തുന്ന പക്ഷികളുടെയും മറ്റു വളര്‍ത്തുമൃഗങ്ങളുടെയും സുരക്ഷ ശ്രദ്ധിക്കുക.
കാക്കയുടെ കാഷ്ഠവും മറ്റും വീണു മലിനമായ സാഹചര്യങ്ങളുമായി സമ്പര്‍ക്കത്തില്‍ ആയാല്‍ കൈകള്‍, ശരീരം സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. നന്നായി കുളിക്കുക.
രോഗമുളള പക്ഷികളുമായും ചത്ത പക്ഷികളുമായും സമ്പര്‍ക്കത്തില്‍ വരുന്നവര്‍ അതത് പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കേണ്ടതും സ്വയം നിരീക്ഷണത്തില്‍ കഴിയേണ്ടതുമാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
ഇറച്ചി നന്നായി സമയമെടുത്തു വേവിച്ചതിനു ശേഷം മാത്രം കഴിക്കുക . സമയമെടുത്ത് പാകം ചെയ്യാന സാധ്യതയില്ലാത്ത മുട്ട വിഭവങ്ങള്‍ ബുള്‍സൈ, ഓംലെറ്റ്)ഒഴിവാക്കുക. മുട്ട ഉപയോഗിക്കുന്നതിനു മുമ്പ് പുറംഭാഗം സോപ്പിട്ട് വൃത്തിയായി കഴുകാന്‍ ശ്രദ്ധിക്കുക.
പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളിലെ മുട്ട ,മാംസം തുടങ്ങിയ പൗള്‍ട്രി ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചിട്ടുണ്ട്. കാഷ്ഠം വളമായി ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ടല്‍, ജലദോഷം, കഫത്തില്‍ രക്തം മുതലായവ മനുഷ്യരിലെ രോഗ ലക്ഷണങ്ങള്‍ ആണ്. രോഗ പകര്‍ച്ചയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിലുള്ളവര്‍ പനി , ജലദോഷം എന്നീ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെയോ ആരോഗ്യ പ്രവര്‍ത്തകരെയോ അറിയിക്കുക. പ്രതിരോധ മരുന്ന് മുടക്കം ഇല്ലാതെ കഴിക്കുക.
വളര്‍ത്തു പക്ഷികളോ മറ്റു പക്ഷികളോ ചത്ത് വീഴുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തൊട്ടടുത്തുള്ള ആരോഗ്യ സ്ഥാപനത്തിലും മൃഗാശുപത്രിയിലും അറിയിക്കേണ്ടതാണ്. പക്ഷികളെ ആകര്‍ഷിക്കുന്ന രീതിയില്‍ മാംസാവശിഷ്ടങ്ങളും ആഹാര അവശിഷ്ടങ്ങളും വലിച്ചെറിയരുത്. സുരക്ഷിതമായി സംസ്കരിക്കുക.