പേനയും പെൻസിലും പിടിച്ച കരങ്ങളിൽ ഉളിയും കൊട്ടുവടിയും ഇണങ്ങും
1464664
Tuesday, October 29, 2024 12:17 AM IST
സുൽത്താൻ ബത്തേരി: പേനയും പെൻസിലും മാത്രമല്ല, ഈ കരങ്ങളിൽ ഉളിയും കൊട്ടുവടിയും ഇണങ്ങുമെന്നും അതിലൂടെ പുത്തൻ ഭാവനകൾ പീലിവിടർത്തുമെന്നും കുരുന്നുകൾ തെളിയിച്ചിരിക്കുന്നു.
ജില്ലാ ശാസ്ത്രോത്സവത്തിലെ മരപ്പണി മത്സര വിഭാഗത്തിലാണ് പെണ്‍കുട്ടികളുൾപ്പെടെയുള്ളവരുടെ ഭാവന മരത്തടികളിൽ രൂപങ്ങളായി മാറിയത്. മത്സരാർഥികൾക്ക് ലഭിച്ച ചിത്രം പലകകളിൽ കോറിയെടുത്തും അളവ് തെറ്റാതെ മുറിച്ചെടുത്ത പലകകൾ ഉളിയും കൊട്ടുവടിയുമുപയോഗിച്ച് ആണിവച്ച് ഉറപ്പിച്ചും തച്ചു ശാസ്ത്രത്തിൽ മികവ് തെളിയിച്ചുമാണ് രൂപം നൽകിയത്.
പെണ്‍കുട്ടികളെ അപേക്ഷിച്ച് എണ്ണം കൊണ്ട് ആണ്‍കുട്ടികളായിരുന്നു തച്ചുശാസ്ത്രത്തിൽ മത്സരത്തിൽ കൂടുതലെങ്കിലും മത്സര മികവുകൊണ്ട് ഇവർക്കൊപ്പം തിളങ്ങി നിൽക്കുകയാണ് പെണ്‍കുട്ടികളും.
മരത്തിലുള്ള കൊത്തുപണിയും മരപ്പണിയും തങ്ങൾക്കും വഴങ്ങുമെന്ന് തെളിയിക്കുകയാണ് ഈ മിടുക്കികൾ. വാളേരി ഹൈസ്കൂളിലെ തീർഥയും തരിയോട് ഹയർ സെക്കൻഡറി സ്കൂളിലെ സായൂജ്യയും കൊത്തുപണിയിലും വടുവഞ്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ജിത്യ പ്രകാശും വാളാട് ഹയർ സെക്കൻഡറി സ്കൂളിലെ ശ്രീനന്ദ ശ്രീനിവാസുമാണ് മരപ്പണിയിലും തിളങ്ങിയത്. ഇതിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മരപ്പണിയിൽ ജിത്യാ പ്രകാശിന് രണ്ടാം സ്ഥാനവും ലഭിച്ചു.