മുണ്ടക്കൈ, ചൂരൽമല ദുരന്ത ബാധിതരുടെ മുഴുവൻകടങ്ങളും എഴുതി തള്ളണം: സിപിഐ-എംഎൽ റെഡ്സ്റ്റാർ
1464165
Sunday, October 27, 2024 1:01 AM IST
കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ, അട്ടമല, പുഞ്ചിരിമട്ടം പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ മൂലം സർവതും നഷ്ടപ്പെട്ട കുടുംബങ്ങളുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും റിസർവ് ബാങ്കും അടിയന്തര നടപടി സ്വീകരിക്കണമെന്ന ദുരന്ത ബാധിതരുടെ ആവശ്യം പരിഗണിക്കാതെ വായ്പാ പുനർ ക്രമീകരണ പദ്ധതിക്കാണ് സർക്കാർ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിശ്ചിത കാലയളിവിൽ തിരിച്ചടവ് മരവിപ്പിക്കുന്ന നടപടിക്രമം മാത്രമാണിതു. സർക്കാർ തീരുമാനിക്കുന്ന കാലയളവ് കഴിഞ്ഞാൽ വീണ്ടും ലോണ്‍ തിരിച്ചടക്കണമെന്ന ഉറപ്പാണ് ദുരന്ത ബാധിതരിൽ നിന്ന് സർക്കാർ രേഖാമൂലം ഒപ്പിട്ട് വാങ്ങുന്നത്.
28 ആളുകൾവരെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട കുടുംബങ്ങളിൽ അവശേഷിക്കുന്ന മനുഷ്യരോടാണ് സർക്കാർ ഈ ക്രൂര നടപടിക്കായി രേഖാമൂലം ഒപ്പിട്ടു വാങ്ങുന്നത്. ദുരന്ത ബാധിതർക്കെതിരേ സർക്കാർ സ്വീകരിക്കുന്ന സമാനതകളില്ലാത്ത മനുഷ്യത്വ വിരുദ്ധമായ ഈ നടപടി നിർത്തിവച്ച് ദുരന്ത ബാധിതരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകളും റിസർവ് ബാങ്കും അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐ-എംഎൽ റെഡ്സ്റ്റാർ ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.