കന്നുകാലി സെൻസസ് വിവരശേഖരണം ആരംഭിച്ചു
1463934
Saturday, October 26, 2024 1:22 AM IST
കൽപ്പറ്റ: ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 21-ാമത് കന്നുകാലി സെൻസസ് വിവരശേഖരണം ആരംഭിച്ചു.
മീനങ്ങാടി പഞ്ചായത്ത് ചെണ്ടക്കുനിയിലെ ക്ഷീര കർഷകൻ രാജീവ് വാഴേങ്ങാട്ടിലെ വീട്ടിൽ നിന്നു ആരംഭിച്ച വിവരശേഖരണം മൃഗസംരക്ഷണ വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ ഡോ. സജി ജോസഫ് ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ വകുപ്പിന്റെ പ്രേത്യേക പരിശീലനം ലഭിച്ച കുടുംബശ്രീയുടെ എ ഹെൽപ്പ് പശുസഖിമാരാണ് വിവരശേഖരണം നടത്തുന്നത്.
കന്നുകാലികൾ, പക്ഷികൾ, മറ്റു വളർത്തുമൃഗങ്ങൾ എന്നിവയുടെ എണ്ണം, ഇനം, പ്രായം, ലിംഗം, മൃഗകർഷകർവനിതാ സംരഭകരുടെ എണ്ണം, മേഖലയിലെ ഗാർഹിക ഗാർഹികേതര സംരഭകരുടെയും സ്ഥാപനങ്ങളുടെയും കണക്കുകളാണ് ശേഖരിക്കുന്നത്. അറവു ശാലകൾ, മാംസ സംസ്കരണ പ്ലാന്റുകൾ, ഗോശാലകൾ എന്നിവയുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ജില്ലയിലെ മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട വികസനങ്ങൾ, നയങ്ങൾ, പദ്ധതികൾ നടപ്പാക്കാൻ സെൻസസിലെ വിവരങ്ങൾ ഉപയോഗിക്കും. മൃഗസംരക്ഷണ വകുപ്പ് നിയോഗിക്കുന്ന ഉദ്യോഗസ്ഥർ വിവരശേഖരണത്തിന് എത്തുന്പോൾ കൃത്യവും സത്യസന്ധവുമായ വിവരങ്ങൾ നൽകി സെൻസസിൽ പങ്കാളികളാകണമെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പ് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. രമാ ദേവി, സീനിയർ വെറ്ററിനറി സർജൻ ഡോ. വി.ജെ. മനോജ്, എഎഫ്ഒ പി.ആർ. പ്രസന്നകുമാർ, ആനി ജസീന്ത എന്നിവർ പ്രസംഗിച്ചു.