ജനകീയ കൗണ്‍സലിംഗ്: ആദ്യഘട്ട പരിശീലനം പുരോഗമിക്കുന്നു
1463932
Saturday, October 26, 2024 1:22 AM IST
മാനന്തവാടി: പ്രകൃതിദുരന്തബാധിതർക്ക് സാന്ത്വനം പകരുന്നതിന് കാത്തിലിക് റിലീഫ് സർവീസിന്റെ സാന്പത്തിക പിന്തുണയോടെ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നടപ്പാക്കുന്ന ജനകീയ കൗണ്‍സലിംഗ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന പരിശീലനത്തിന്റെ ആദ്യഘട്ടം പുരോഗമിക്കുന്നു.
അഞ്ച് ദിവസം നീളുന്ന ആദ്യഘട്ടം പരിശീലനമാണ് സൊസൈറ്റി ഹാളിൽ നടന്നുവരുന്നത്. വിവിധ ഘട്ടങ്ങളായി 14 ദിവസത്തെ പരിശീലനമാണ് പദ്ധതിയിൽ നൽകുന്നത്. കൗണ്‍സലിംഗ്, സാമൂഹികസേവനം എന്നിവയിൽ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള 50 പേരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.
മാനന്തവാടി രൂപതയിൽ സേവനം ചെയ്യുന്ന ക്ലാര, വിമലാലയം, കർമലീത്ത, തിരുഹൃദയം, ക്രിസ്തുദാസി, അഗതികളുടെ സഹോദരിമാർ എന്നീ സന്യാസിനീസമൂഹങ്ങളിലെ അംഗങ്ങളാണ് പരിശീലനം നേടുന്നതിൽ 43 പേർ. പരിശീലനം നൂതനവും ആകർഷകവുമാണെന്നാണ് ഇവരടക്കമുള്ളവരുടെ സാക്ഷ്യം. വിവിധതരം തെറാപ്പികളും പരിശീലന പദ്ധതിയുടെ ഭാഗമാണ്. "സ്കാർഫ്’ ചെന്നൈയിലെ വിദഗ്ധരാണ് പരിശീലകർ. ദുരന്ത-യുദ്ധ മേഖലകളിലും കുടിയിറക്കപ്പെട്ടവർക്കിടയിലും പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ഏജൻസിയാണ് "സ്കാർഫ്’.
1984ൽ പദ്മഭൂഷണ്‍ ഡോ.എം. ശാരദ മേനോന്റെ നേതൃത്വത്തിൽ സ്ഥാപിതമായ പ്രസ്ഥാനം 1996 മുതൽ ലോകാരോഗ്യസംഘടനയുടെ സഹകരണ കേന്ദ്രമായി പ്രവർത്തിച്ചുവരികയാണ്. മികച്ച കൗണ്‍സലർമാരെ വാർത്തെടുക്കാൻ ഉതകുന്ന വിധത്തിലാണ് പരിശീലനഘട്ടങ്ങൾ ചിട്ടപ്പെടുത്തിയതെന്നു "സ്കാർഫ്’ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ കോ ഓർഡിനേറ്റർ ജെയ്നി ജോസഫ്, സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ ഫെലോ ടി.എ. ഡോളി എന്നിവർ പറഞ്ഞു.
ഓരോ വ്യക്തിയെയും ആഴത്തിൽ കേട്ടും അനുഭാവപൂർവം സമീപിച്ചും സഹാനുഭൂതിയോടെ പെരുമാറിയും ശരിയായി ആശയവിനിമയം നടത്തിയും കൗണ്‍സലർമാർക്ക് വിജയിക്കാനാകുമെന്ന് അവർ അഭിപ്രായപ്പെട്ടു. സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ജിനോജ് പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, പ്രോജക്റ്റ് കോ ഓർഡിനേറ്റർമാരായ ജാൻസി ജിജോ, ചിഞ്ചു മരിയ എന്നിവരാണ് പരിശീലന പരിപാടിക്കു നേതൃത്വം നൽകുന്നത്.