കൊച്ചി: വൈറ്റില മൊബിലിറ്റി ഹബിനു സമീപം വീടു കുത്തിത്തുറന്ന് എട്ട് ലക്ഷത്തിലധികം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ച പ്രതി തിരുവനന്തപുരം നെയ്യാറ്റിന്‍കര മലയന്‍കീഴ് മേപ്രക്കുഴി വടക്കേതില്‍ സുനില്‍ ഗുപ്ത (42) മോഷണം നടത്തുന്നത് കൈയിൽ കിട്ടുന്ന ആയുധം ഉപയോഗിച്ചു വാതിൽ കുത്തിത്തുറന്ന്.
മോഷണം നടത്തി സര്‍വ സാധനങ്ങളും എടുത്തുകൊണ്ടുപോകുന്നതാണ് ഇയാളുടെ രീതി. ആര്‍ഭാട ജീവിതം നയിച്ചിരുന്ന പ്രതി കൂടുതലും സ്വര്‍ണവും ഇലക്ട്രോണിക്സ് ഉപകരണങ്ങളുമാണ് വീടുകളില്‍നിന്നു മോഷ്ടിക്കുക. മരട് പോലീസ് ഇന്നലെ പളനിയില്‍നിന്നു സുനിലിനെ അറസ്റ്റു ചെയ്തത്.
കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും. വൈറ്റില ഹബിനടുത്ത് ആര്‍എസ്എസി റോഡിലുള്ള വിദേശമലയാളിയുടെ വീട് കുത്തിത്തുറന്നു സ്വര്‍ണാഭരണങ്ങളും, വിദേശകറന്‍സികളും വിദേശവാച്ചുകളും ഉള്‍പ്പടെ എട്ടു ലക്ഷം രൂപ വിലവരുന്ന സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 50ഓളം മോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍. കേസുകളില്‍ പിടിക്കപ്പെട്ടു ജയിലിലായാലും പുറത്തിറങ്ങി ഉടന്‍ അടുത്ത മോഷണം നടത്തും.
വൈറ്റിലയിലെ വീട്ടില്‍നിന്ന് എട്ട് വാച്ചുകളാണ് ഇയാള്‍ കവര്‍ന്നത്. സ്വന്തമായി വീടില്ലാത്ത പ്രതി ലോഡ്ജുകളില്‍ റൂമെടുത്തു താമസിച്ചു പകല്‍ സമയങ്ങളില്‍ ആള് താമസമില്ലാത്ത വീട് കണ്ടുവയ്ക്കും. രാത്രി മോഷ്ടിക്കാനെത്തുന്ന ഇയാള്‍ വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് മാത്രമാണ് മോഷണം നടത്തിയിരുന്നത്.
വൈറ്റിലയിലെ മോഷണത്തിനു ശേഷം മോഷണ മുതലുകളില് കുറച്ചുഭാഗം കോഴിക്കോട് വിറ്റതിന് ശേഷമാണ് പ്രതി ബാക്കി മുതലുകള്‍ വില്‍ക്കുന്നതിനായി പളനിയില്‍ എത്തിയത്. ഇവിടെ ബസ് സ്റ്റാന്‍ഡ് പരിസരത്തു പ്രതി ഉണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം പളനിയിലെത്തി ഇയാള്‍ താമസിച്ചുവന്നിരുന്ന ലോഡ്ജ് റൂം റെയ്ഡ് ചെയ്തു. പോലീസ് എത്തിയതറിഞ്ഞ് ഒന്നാം നിലയില്‍നിന്നു ചാടി രക്ഷപ്പെട്ടോടിയ പ്രതിയെ പോലീസ് സംഘം ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.