തിരുവല്ല: ഫ്ളാറ്റില്‍ തനിച്ചു താമസിച്ചിരുന്ന വയോധികന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം കവര്‍ന്ന കേസില്‍ പുരുഷ ഹോം നഴ്സിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം കണ്ടയം വീട്ടില്‍ രാജീവാണ് (38) അറസ്റ്റിലായത്. തിരുവല്ല ചിലങ്ക തിയറ്ററിനു സമീപത്തെ ബി.ടെക് ഫ്ളാറ്റിലെ താമസക്കാരനായ പി.എ. ഏബ്രഹാമിന്റെ പണമാണ് എടിഎമ്മിലൂടെ പല തവണയായി രാജീവ് കവര്‍ന്നത്.
തനിച്ചു താമസിച്ചിരുന്ന ഏബ്രഹാമിനെ പരിചരിക്കാനായി പുനലൂരിലെ ഒരു ഏജന്‍സി മുഖേന ഇക്കഴിഞ്ഞ ജനുവരിയിലാണ് രാജീവ് ഫ്ളാറ്റില്‍ ജോലിക്കെത്തിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏബ്രഹാമിന്റെ എടിഎം കാര്‍ഡ് കൈക്കലാക്കി കാര്‍ഡിന്റെ കവറില്‍ രേഖപ്പെടുത്തിയിരുന്ന പിന് നമ്പര്‍ ഉപയോഗിച്ചു പലതവണയായി ഒന്നര ലക്ഷത്തോളം രൂപ വിവിധ എടിഎമ്മുകളില്‍നിന്നു പിന്‍വലിക്കുകയായിരുന്നു.
വിദേശത്തുള്ള മകന് പണം അയച്ചത് അറിയിക്കാന്‍ കഴിഞ്ഞ ദിവസം ഏബ്രഹാമിനെ വിളിച്ചപ്പോള്‍ സംശയമുണ്ടായതിനെത്തുടര്‍ന്ന് ബാങ്കില്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഏബ്രഹാം അറിയാതെ പലതവണയായി ബാങ്കില്‍ നിന്നു പണം നഷ്ടമായ വിവരം അറിയുന്നത്. ഇതേത്തുടര്‍ന്ന് ഇദ്ദേഹം തിരുവല്ല പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് രാജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യംചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.