എടത്വ: സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം. ഫാല്ക്കന് 9 റോക്കറ്റില് നാസയുടെ സ്വോട്ട് ഉപഗ്രഹം കലിഫോര്ണിയയിലെ വാന്ഡന്ബര്ഗ് സ്പേസ് ഫോഴ്സ് ബേസില്നിന്നു കുതിച്ചുയര്ന്നപ്പോള് തലവടിയിലും ആഹ്ലാദത്തിന്റെ കരഘോഷം.
നാലു വര്ഷമായി പദ്ധതിക്കൊപ്പമുള്ള മുംബൈ ഐഐടിയിലെ ശാസ്ത്രജ്ഞയും എറണാകുളം അയ്യപ്പന്കാവ് സ്വദേശിനിയും തലവടി സ്വദേശി രാജീവിന്റെ ഭാര്യയുമായ ഡോ. ജെ. ഇന്ദുവിന് അഭിമാനനിമിഷമായിരുന്നു. കഴിഞ്ഞ 16ന് ഇന്ത്യന് സമയം 5.16 നാണ് സ്വോട്ട് കുതിച്ചുയര്ന്നത്. വിക്ഷേപണത്തിന്റെ ആദ്യഘട്ടങ്ങള് വിജയകരമായെന്ന് നാസ അറിയിച്ചു.
ഭൂമിയുടെ ഉപരിതലത്തിലുള്ള ശുദ്ധജലത്തെയും സമുദ്രപ്രകൃതിയെയും കുറിച്ചു പഠിക്കുന്നതിനുള്ള വ്യോമപേടകമാണു സ്വോട്ട് എന്ന സര്ഫസ് വാട്ടര് ആന്ഡ് ഓഷ്യന് ടോപ്പോഗ്രഫി ഉപഗ്രഹം.
ഭൂമിയുടെ ഉപരിതലത്തിലുള്ള ശുദ്ധജലത്തിന്റെ ആകെ അളവെത്ര, അന്തരീക്ഷത്തിലെ ചൂടും കാര്ബണും സമുദ്രം ആഗിരണം ചെയ്യുന്നതെങ്ങനെ, ആഗോളതാപനിലയും കാലാവസ്ഥാ വ്യതിയാനവും നിയന്ത്രിക്കുന്നതെങ്ങനെ, എവിടെ എത്ര ആഴത്തില് കിണര് കുത്തിയാല് വെള്ളം കിട്ടും തുടങ്ങിയ നിരവധി വിഷയങ്ങളാണ് സ്വോട്ട് മിഷന് ലക്ഷ്യംവയ്ക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തില് സമുദ്രത്തിന്റെ പങ്കിനെക്കുറിച്ച് പുതിയ ധാരണ നല്കാനും കുടിവെള്ളം കൈകാര്യം ചെയ്യുന്നതിനു മനുഷ്യര് ആശ്രയിക്കുന്ന വിവരങ്ങള് മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്നാണ് ഡോ. ഇന്ദുവിന്റെ പ്രതീക്ഷ.
കനേഡിയന്, യുകെ, ബഹിരാകാശ ഏജന്സിയുടെയും ഫ്രഞ്ച് ബഹിരാകാശ ഏജന്സി സെന്റര് നാഷണല് ഡി എറ്റുഡ്സ് സാഷ്യാലസിന്റെയും (സിഎന്ഇഎസ്) സംയുക്ത സഹകരണത്തോടെയാണ് നാസയുടെ ദൗത്യം ഭ്രമണപഥത്തിച്ചത്. 20 വര്ഷമായി ഇതേ പദ്ധതിക്കായി വിവിധ മേഖലയില് പ്രവര്ത്തിക്കുന്നവരുണ്ട്.
സ്വോട്ടിന്റെ ആപ്ലിക്കേഷന് പോയിന്റിലാണ് ഡോ. ഇന്ദുവിന്റെ ചുമതല. സാറ്റലൈറ്റിനു ലഭ്യമാകുന്ന വിവരങ്ങളുടെ മോഡലുകള് വച്ചുള്ള പരീക്ഷണങ്ങളും പഠനങ്ങളുമാണ് ഇതുവരെ നടന്നതെങ്കില് ഇനിയങ്ങോട്ട് ഏതാനും മാസങ്ങള്ക്കുള്ളില് യഥാര്ഥ വിവരങ്ങള് വച്ചായിരിക്കും വിശകലനം.
മുംബൈ ഐഐടിയില് ഇന്ദുവിന്റെ കീഴില് കോട്ടയം സ്വദേശി ഉള്പ്പെടെ നാലു വിദ്യാര്ഥികള് ഈ വിഷയത്തില് ഗവേ ഷണം നടത്തുന്നുണ്ട്. തലവടിയില് എത്തിയ ഡോ. ഇന്ദുവിനെ ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പിഷാരത്ത് പൊന്നാട അണിയിച്ച് ആദരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.