ഒരു കിലോമീറ്ററിലേറെ ദൂരം തടി ചുമന്ന വണ്ണപ്പുറം മുണ്ടൻമുടി സ്വദേശിയായ വള്ളമറ്റത്തിൽ സിബി സാമൂഹ്യ മാധ്യമങ്ങളിൽ താരമായി. സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ വണ്ണപ്പുറത്ത് സംഘടിപ്പിച്ച ഓണാഘോഷത്തിലാണ് 140 കിലോ ഭാരമുള്ള തടി തോളിൽ ചുമന്ന് കാണികളുടെ ഹരമായി ഇദ്ദേഹം മാറിയത്. തടി തോളിലെടുത്ത് കൂടുതൽ ദൂരം നടക്കുന്ന ആളിനെയാണ് വിജയിയായി പ്രഖ്യാപിക്കുന്നത്.
ഒന്നാം സമ്മാനമായ 4001 രൂപയും സിബി സ്വന്തമാക്കി. 140 കിലോയുള്ള തടി ചുമന്ന് 1100 മീറ്ററാണ് സിബി തുടർച്ചയായി നടന്നത്. പതിവായി തടിപ്പണി ചെയ്യുന്ന സിബി ജോലി സ്ഥലത്തു നിന്നും വീട്ടിലേക്കുള്ള യാത്രയിലാണ് വണ്ണപ്പുറത്ത് നടന്ന മൽസരത്തിൽ പങ്കെടുത്തത്.
ഇതിനു മുന്‍പ് ഉഴവൂരിൽ നടന്ന മൽസരത്തിൽ 180 കിലോ ഭാരമുള്ള തടി ചുമന്ന് സിബി സമ്മാനം നേടിയിരുന്നു. തടി ചുമട് മൽസരത്തിനു പുറമെ കുളത്തിനു മീതെ കെട്ടിയ വടത്തിൽ തൂങ്ങി അക്കരെയിക്കരെ കടക്കുന്ന മൽസരവും സംഘടിപ്പിച്ചിരുന്നു.
ആവേശകരമായ മൽസരങ്ങൾ കാണാൻ നൂറുകണക്കിനു നാട്ടുകാരാണ് തടിച്ചു കൂടിയത്. വിവിധ മൽസരങ്ങൾ അരങ്ങേറിയെങ്കിലും കൈയടി നേടിയത് സിബിയായിരുന്നു. ബാഹുബലി പോലും തോറ്റു പോകുമെന്നുള്ള കമന്റുകളാണ് സിബിയുടെ പ്രകടനത്തെകുറിച്ച് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ഷീനയാണ് ഭാര്യ . മക്കൾ: ഷിബിൻ, ഷാരോണ്‍, ഷോണ്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.