എരുമേലി: ഒരേ പോലെ രണ്ടു പെൺകുട്ടികൾ. ഇരുവരും ജനിച്ചത് ആറ് മിനിറ്റ് വ്യത്യാസത്തിൽ. രൂപത്തിൽ മാത്രമല്ല സ്വഭാവത്തിലും വേഷത്തിലുമെല്ലാം അവർ ഒരുപോലെ തന്നെയായിരുന്നു. ഓരോ ക്ലാസിലും ഒന്നിച്ചിരുന്നു പഠിച്ച് അവർ ഒന്നിച്ചുമുന്നേറി. എസ്എസ്എൽസിക്കും പ്ലസ്ടു വിനും ഫുൾ എ പ്ലസ്. ദാ ഇപ്പോൾ ഇരുവരും ഒന്നിച്ച് എംബിബിഎസും പാസായിരിക്കുന്നു.
വീട്ടുകാർ മാത്രമല്ല, രണ്ടു ഡോക്ടർമാരെ ഒരുമിച്ചു ലഭിച്ച ആഹ്ലാദത്തിലാണ് നാട്ടുകാരും. അഭിനന്ദനങ്ങളുടെ പ്രവാഹമാണ് എരുമേലി നെടുങ്കാവുവയൽ തോപ്പിൽ വീട്ടിലേക്ക്.
പോലീസിലെ റിട്ടയേർഡ് എഎസ്ഐ ശശി- ജെൻസി ദമ്പതികളുടെ മക്കളായ നീതുവും നീനുവും ആണ് ഒന്നിച്ചു ഡോക്ടർമാരാകാൻ പോകുന്നത്. പാലക്കാട് ഗവ. മെഡിക്കൽ കോളജിലായിരുന്നു ഇരുവരുടെയും എംബിബിഎസ് പഠനം. കഴിഞ്ഞ ദിവസം ഫലം എത്തിയപ്പോൾ പ്രതീക്ഷിച്ചതു പോലെ ഇരുവരും മികച്ച വിജയം നേടി. സർക്കാർ സർവീസിൽ ഡോക്ടർമാരായി സേവനം നൽകണമെന്നതാണ് ഇരുവരുടെയും ആഗ്രഹം.
ഹൗസ് സർജൻസി ചെയ്യുന്നതിനൊപ്പം പിജിക്കു പഠിക്കാനും ആഗ്രഹമുണ്ട്. പലപ്പോഴും ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചു ചോദിച്ചാൽ രണ്ടു പേർക്കും ഒറ്റ ഉത്തരം മാത്രമേയുള്ളെന്നു മാതാപിതാക്കൾ പറയുന്നു. എംബിബിഎസ് തെരഞ്ഞെടുത്തതു നീതുവും നീനുവും ചേർന്നാണ്. ഇരുവരും പാലായിൽ കോച്ചിംഗ് ക്ലാസിൽ ചേർന്നു പഠിച്ചതു ഗുണം ചെയ്തു.
പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ അങ്ങനെയാണ് മെറിറ്റ് ക്വാട്ടയിൽ അഡ്മിഷൻ ലഭിച്ചത്. പാലക്കാട് കോളജിൽ ഒരേ വേഷത്തിൽ ഇരുവരെയും കാണുന്നത് അധ്യാപകർക്കും സഹപാഠികൾക്കും ആശയക്കുഴപ്പമായിരുന്നു. ഇവരുടെ നിർബന്ധത്തിനു വഴങ്ങി വ്യത്യസ്ത വേഷങ്ങളിലാണ് ദിവസവും ഇരുവരും ക്ലാസിൽ എത്തിയിരുന്നത്.
എരുമേലി നിർമല പബ്ലിക് സ്കൂളിൽനിന്നാണ് എസ്എസ്എൽസി ജയിച്ചത്. തൊട്ടടുത്തു സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റിൽ പ്ലസ്ടു പ്രവേശനം കിട്ടി. അവിടെയും ഫുൾ എ പ്ലസ്.
പഠിക്കുമ്പോൾ പുസ്തകത്തിന്റെ താൾ ഒരാൾ മറിക്കണമെങ്കിൽ മറ്റെയാൾ അതു വായിച്ചു പൂർത്തിയായിരിക്കണമെന്ന നിലയിലായിരുന്നു ഇരുവരുടെയും പഠനം. വേഷത്തിലടക്കം ലളിതമായ ജീവിതശൈലി പിന്തുടരുന്ന മക്കൾ അഭിമാനമാണെന്ന് ഈ മാതാപിതാക്കൾ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.