തൊടുപുഴ: ജില്ലയിൽ നിന്നുള്ള ബജറ്റ് ടൂറിസം സർവീസുകൾ വൻ വിജയമായതോടെ ഇനി കടലിലെ ഉല്ലാസ യാത്രയ്ക്കും കെഎസ്ആർടിസി അവസരമൊരുക്കുന്നു. ആഡംബര സൗകര്യങ്ങളുള്ള ക്രൂയിസ് കപ്പലിലാണ് ഉല്ലാസയാത്ര ഒരുക്കുന്നത്.
കട്ടപ്പന , തൊടുപുഴ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നും കെഎസ്ആർടിസി ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിലാണ് അറബിക്കടലിൽ സഞ്ചാരികൾക്കായി ഉല്ലാസ യാത്രയൊരുക്കുന്നത്. തൊടുപുഴ ഡിപ്പോയിൽ നിന്ന് 13ന് ഉച്ചയ്ക്ക് ഒന്നിന് ആദ്യ കടൽ ഉല്ലാസ യാത്രയ്ക്കുള്ള സംഘം പുറപ്പെടും.
ഡിപ്പോയിൽനിന്ന് കെഎസ്ആർടിസി ബസിൽ കൊച്ചിയിലെത്തി അവിടെനിന്നാണ് ജലയാനത്തിൽ ഉല്ലാസയാത്ര നടത്തുന്നത്. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ നേതൃത്വത്തിലുള്ള ആഡംബര യാനമായ നെഫർറ്റിറ്റിയിലാണ് അഞ്ചുമണിക്കൂർ നീളുന്ന ഉല്ലാസയാത്ര. കടലിലെ ഉല്ലാസയാത്രയ്ക്ക് ആഡംബര സൗകര്യങ്ങളോടു കൂടിയതും സഞ്ചാരികളെ വിസ്മയിപ്പിക്കുന്നതുമായ ജലയാനമാണ് നെഫർറ്റിറ്റി.
സുരക്ഷിത യാത്രയ്ക്കായി 250 ലൈഫ് ജാക്കറ്റുകൾ, 400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകൾ, രണ്ട് ലൈഫ് ബോട്ടുകൾ തുടങ്ങിയവ കപ്പലിലുണ്ട്. യാത്രക്കിടയിൽ രസകരമായ ഗെയിമുകൾ, തത്സമയ സംഗീതം, നൃത്തവിരുന്ന്, വെജ്, നോണ്‍വെജ് സ്പെഷൽ അണ്‍ലിമിറ്റഡ് ബുഫെ ഡിന്നർ, ത്രിഡി തിയറ്റർ, അപ്പർഡെക്ക് ഡിജെ, ഓപ്പണ്‍ സണ്‍ഡെക്ക്. വിഷ്വൽ ഇഫക്ട്സ് എന്നിവ ആസ്വദിക്കാം.
കെഎസ്ആർടിസി ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ജില്ലയ്ക്കകത്തെയും പുറത്തെയും ടൂറിസം കേന്ദ്രങ്ങളിലേക്ക് എല്ലാ ആഴ്ചയിലും സർവീസ് നടത്തി വരുന്നുണ്ട്. തൊടുപുഴ ഡിപ്പോയിൽനിന്നു മലക്കപ്പാറയ്ക്ക് വിനോദ സഞ്ചാരികളുമായി സർവീസ് നടത്തുന്നുണ്ട്.
കൂടാതെ ജംഗിൾ സഫാരി ആസ്വദിക്കുന്നവർക്കായി പത്തനംതിട്ട ജില്ലയിലെ ഗവിയിലേക്കും സർവീസ് നടത്തുന്നു. ഇതിനു പുറമേ കാൽവരിമൗണ്ട് , അഞ്ചുരുളിവഴി വാഗമണ്‍, ചെറുതോണി, ഇടുക്കി അണക്കെട്ടുകൾ ഉൾപ്പെടുത്തി വാഗമണ്‍, നേര്യമംഗലം, മാമലക്കണ്ടം, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാർ തുടങ്ങിയ സർവീസുകളും വിജയകരമായിരുന്നു.
കഴിഞ്ഞ മാസം മുതൽ സമുദ്രനിരപ്പിൽനിന്ന് 3605 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ചതുംരഗപ്പാറയിലേക്കും ടൂറിസം സർവീസ് നടത്തുന്നുണ്ട്. ജില്ലയിൽ തൊടുപുഴ, കട്ടപ്പന ഡിപ്പോകൾക്കു പുറമെ കുമളി, മൂന്നാർ ഡിപ്പോകളിൽ നിന്നും ടൂറിസം സർവീസുകൾ ലാഭകരമായി നടത്തുന്നുണ്ട്.
ക്രൂയിസ് കപ്പൽ യാത്രക്കായി തൊടുപുഴ കെഎസ്ആർഡിസി ഡിപ്പോയിൽ നിന്നും മുതിർന്നവർക്ക് 3000 രൂപയും കുട്ടികൾക്ക് 1210 രൂപയുമാണ് ചാർജ്. ബുക്കിംഗ് നന്പർ 9400262204, 8304889896. കട്ടപ്പനയിൽ നിന്നും മുതിർന്നവർക്ക് 3250 രൂപയും കുട്ടികൾക്ക് 1460 രൂപയുമാണ് ചാർജ്. ഫോണ്‍.8848645150, 9495161492.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.