കൊച്ചി: യുട്യൂബ് വ്ളോഗറും മോഡലുമായ കണ്ണൂര്‍ സ്വദേശിനി നേഹയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇവരുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിനുശേഷം ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുപത്തിയേഴുകാരിയായ നേഹയെ പോണേക്കരയിലുള്ള ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവുമൊത്തു താമസിക്കുകയായിരുന്നു ഇവര്‍. ഇവര്‍ അയച്ച ആത്മഹത്യ സൂചന നല്കുന്ന ഫോണ്‍ സന്ദേശത്തെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
മരണത്തില്‍ ദുരൂഹതയുള്ളതായാണ് സൂചന. ഭര്‍ത്താവുമായി അകന്നു കഴിയുന്ന നേഹ ആറു മാസം മുമ്പാണ് കൊച്ചിയില്‍ താമസം തുടങ്ങിയത്. ഒപ്പം താമസിച്ച യുവാവ് വിവാഹം കഴിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇയാൾ നാട്ടിൽ പോയ ശേഷം വിവാഹ വാഗ്ദാനത്തിൽനിന്നു പിൻമാറിയെന്നാണ് സൂചന.
ഇതിനിടെ, ഈ ഫ്ളാറ്റിൽ പിന്നീട് പോലീസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്നു കണ്ടെടുത്തതായി പറയുന്നു. ഇവിടെ ലഹരി മരുന്നു വാങ്ങാൻ അസമയത്തും പലരും എത്തിയിരുന്നതായും നാട്ടുകാർ ആരോപിക്കുന്നു.
ഇതിനിടെ, സംഭവസ്ഥലത്ത് കാറിൽ എത്തിയ മൂന്നു യുവാക്കളെ പോലീസ് ചോദ്യം ചെയ്തു. ഇതിൽ ഒരാളുടെ പക്കൽനിന്നു 15 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മറ്റു രണ്ടു പേർക്ക് ഇതിൽ പങ്കില്ലെന്നു കണ്ടു അവരെ വിട്ടയച്ചതായി പറയുന്നു.
നേഹയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.