വൈപ്പിൻ: എളങ്കുന്നപ്പുഴയിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ സംഭവത്തിൽ വിശദമായ അന്വേഷണത്തിനു പോലീസ്.
എളങ്കുന്നപ്പുഴ പെരുമാൾപടി വലിയവീട്ടിൽ ജോസഫിന്റെ (ഷാജി -51) മൃതദേഹമാണ് മണലിൽ പൂണ്ട നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ മൂക്കിൽ മണൽ കയറി അടഞ്ഞതിനെ തുടർന്ന് ശ്വാസം കിട്ടാതെ വന്നതാണ് മരണ കാരണമെന്നാണ് പറയുന്നത്.
മറ്റു ക്ഷതങ്ങൾ ഒന്നും തന്നെ ഇൻക്വസ്റ്റിലും പോസ്റ്റ്മോർട്ടത്തിലും കണ്ടെത്തിയില്ലെന്നു മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത കളമശേരി മെഡിക്കൽ കോളജ് ഫോറൻസിക് സർജൻ സൂചിപ്പിച്ചതായി ഞാറക്കൽ സിഐ രാജൻ കെ. അരമന അറിയിച്ചു.
മരണത്തിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സിഐ വ്യക്തമാക്കി. പെരുമാൾപടിയിൽ ഒഴിഞ്ഞുകിടക്കുന്ന പറന്പിൽ തെരുവുനായകൾ മാന്തിയ കുഴിയിൽ തല മുതൽ അരഭാഗം വരെ മൂടിയ അവസ്ഥയിൽ ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
മരണത്തിൽ ദുരൂഹത തോന്നിയതിനെത്തുടർന്നു പോലീസ് ഡോഗ് സ്ക്വാഡിനെയും ഫോറൻസിക് വിദഗ്ധരെയും സ്ഥലത്തെത്തിച്ചു വിശദമായ തെളിവെടുപ്പ് നടത്തിയിരുന്നു. തുടർന്നു കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റിയ മൃതദേഹം ഞായറാഴ്ചയാണ് പോസ്റ്റ്മോർട്ടം നടത്തിയതും സംസ്കരിച്ചതും. മുനന്പം ഡിവൈഎസ്പി എസ്. ബിനുവിന്റെ നേതൃത്വത്തിൽ ഞാറയ്ക്കൽ സിഐ ആണ് കേസ് അന്വേഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.