അയ്മനം: അയ്മനം പഞ്ചായത്ത് ഭരണ സമിതിയിൽ ഘടക കക്ഷികൾ തമ്മിലുള്ള പോരിനു പരിഹാരമായില്ല. അയ്മനം സഹകരണ ബാങ്ക് നിയമനത്തെച്ചൊല്ലിയുണ്ടായ സിപിഎം- സിപിഐ തർക്കമാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്.
ഇന്നലെ വൈകുന്നേരം ചേർന്ന സിപിഐ ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മറ്റി യോഗമാണ് പഞ്ചായത്ത് ഭരണ സമിതിക്കുള്ള പിന്തുണ പിൻവലിക്കണമെന്ന തീരുമാനം മണ്ഡലം കമ്മിറ്റിക്ക് അയച്ചത്.
കഴിഞ്ഞ ഭരണ സമിതിയുടെ കാലത്തു ബാങ്കിലേക്ക് നടത്തിയ നിയമനങ്ങൾ അഞ്ചും സിപിഎം നിർദേശിച്ചവർക്കായിരുന്നുവെന്നാണ് സിപിഐ നേതാക്കൾ പറയുന്നത്. ഇനി ഉണ്ടാകുന്ന ഒഴിവ് സിപിഐക്ക് നൽകമെന്ന ഉറപ്പ് ലഭിച്ചിരുന്നതായും സിപിഐ അവകാശപ്പെടുന്നു.
എന്നാൽ, ഇത്തവണയുണ്ടായ തസ്തികയിൽ സിപിഐയെ അറിയിക്കാതെ നിയമനം നടത്താനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ആരോപണം. താല്കാലിക ജീവനക്കാരിയെ സ്ഥിരപ്പെടുത്താനുള്ള കുതന്ത്രങ്ങൾ അംഗീകരിക്കാനാവില്ലെന്നും അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കുന്നതു തുടരുകയാണെന്നും സിപിഐ ലോക്കൽ കമ്മറ്റി വിലയിരുത്തി മണ്ഡലം കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്തു.
20 അംഗ പഞ്ചായത്ത് സമിതിയിൽ 10 അംഗങ്ങളുടെ പിന്തുണയാണ് ഭരണമുന്നണിക്കുള്ളത്. ഇതിൽ എട്ട് സിപിഎം അംഗങ്ങളും രണ്ട് സിപിഐ അംഗങ്ങളുമാണുള്ളത്. പ്രതിപക്ഷത്തും 10 അംഗങ്ങളുണ്ട്. ബിജെപിക്ക് ഏഴും കോണ്‍ഗ്രസിനു മൂന്നും.
ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരേ അംഗബലമായതിനാൽ സിപിഐ പിന്തുണ പിൻവലിച്ചാൽ ഭരണം നഷ്ടപ്പെടും. സിപിഎമ്മിന്റെ സബിതാ പ്രേംജി പ്രസിഡന്റും സിപിഐ അംഗം മനോജ് കരീമഠം വൈസ് പ്രസിഡന്റുമാണ്. പ്രശ്ന പരിഹാരശ്രമങ്ങൾ തുടരുകയാണ്.