ഗാന്ധിനഗർ (കോട്ടയം): ഒരു കുടുംബത്തിലെ നാലംഗം ആസിഡ് കുടിച്ചു ജീവനൊടുക്കാൻ ശ്രമിച്ചതിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി ഇന്ന് ആശുപത്രി വിടും. മാതാപിതാക്കളും മൂത്തസഹോദരിയും മരിച്ചിരുന്നു.
ഇളയ മകളായ യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൈക്കം ചെന്പ് ബ്രഹ്മമംഗലം രാജൻ കവലയ്ക്കുസമീപം കാലായിൽ പരേതനായ സുകുമാരന്റെ ഇളയ മകൾ സുവർണ(24)യാണു കോട്ടയം മെഡിക്കൽ കോളജ് മെഡിസിൻ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്നത്.
സുവർണയുടെ പിതാവ് സുകുമാരൻ (54), മാതാവ് സിനി (49), സഹോദരി സൂര്യ (26) എന്നിവർ സംഭവ ദിവസംതന്നെ മരണപ്പെട്ടിരുന്നു. മാതാപിതാക്കളും സഹോദരിയും നഷ്ടപ്പെട്ട സുവർണ പിതൃസഹോദരൻ സന്തോഷിന്റെ സംരക്ഷണയിലാണ്.
ആശുപത്രിയിലുണ്ടായ അനുബന്ധ ചെലവുകൾ നവജീവൻ ഏറ്റെടുത്തിരുന്നു. ആശുപത്രി പത്രി വിടുന്പോൾ, അരി, പലവ്യജ്ഞനങ്ങൾ, പച്ചക്കറികൾ തുടങ്ങി മരുന്നിനും, വീട്ടു ചെലവിനുള്ള അല്പം പണവും നൽകി നവജീവന്റെ ആംബുലൻസിൽ വീട്ടിലെത്തിക്കുമെന്നു നവജീവൻ തോമസ് അറിയിച്ചു.
നവംബർ എട്ടിന് രാത്രി 11നു സുവർണ വീടിനു സമീപത്തു താമസിക്കുന്ന പിതൃസഹോദരൻ സന്തോഷിന്റെ വീട്ടിൽ അവശ നിലയിൽ എത്തി വിഷം കഴിച്ചതായി അറിയച്ചതിനെത്തുടർന്നാണ് ബന്ധുക്കൾ വിവരമറിഞ്ഞത്.
സുവർണയെയും മുറ്റത്തു കുഴഞ്ഞു വീണ സൂര്യയെയും ഉടൻ തന്നെ ബന്ധുക്കളും സമീപവാസികളും മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നാലെ വീട്ടിൽ ഗുരുതരാവസ്ഥയിൽ കിടന്ന സുകുമാരനെയും ഭാര്യ സിനിയെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും സിനി രാത്രി തന്നെ മരിച്ചു. പിന്നാലെ മൂത്തമകൾ സൂര്യയും മരിച്ചു.
വിദഗ്ധ ചികിൽസയ്ക്കായി സുകുമാരനെയും സുവർണയെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ സുകുമാരനും മരിച്ചു. ഗുരുതരമായ സുവർണയെ മെഡിസിൻ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു.