പാരതന്ത്ര്യത്തിന്റെ ഒളിച്ചുവരവുകൾ
Saturday, February 15, 2025 12:00 AM IST
മതപരിവർത്തന നിയമത്തിൽ ‘നിർബന്ധിത’ എന്ന ഒറ്റവാക്കു ചേർത്തു ഭരണഘടനയെ നോക്കുകുത്തിയാക്കിയവർ ഘർ വാപസിയെന്ന രണ്ടു വാക്കുകളിലൂടെ മതപരിവർത്തന സ്വാതന്ത്ര്യം തങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു.
ഭരണഘടനയുടെ 25 മുതൽ 28 വരെയുള്ള വകുപ്പുകൾ നിലനിർത്തിക്കൊണ്ടുതന്നെ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം അട്ടിമറിക്കാനുള്ള കുറുക്കുവഴിയായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തെ മാറ്റിയെടുത്തിരിക്കുന്നു. കേന്ദ്രത്തിലും ബിജെപിയായതുകൊണ്ട് കൃത്യം അനായാസമാകുകയും ചെയ്തു. മതപരിവർത്തന നിയമത്തിൽ ‘നിർബന്ധിത’ എന്ന ഒറ്റ വാക്കു ചേർത്തു ഭരണഘടനയെ നോക്കുകുത്തിയാക്കിയവർ ഘർ വാപസിയെന്ന രണ്ടു വാക്കുകളിലൂടെ മതപരിവർത്തനസ്വാതന്ത്ര്യം തങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു.
ഇതോടൊപ്പം ബൈബിളും ക്രിസ്മസ് ആഘോഷങ്ങളും പോലും കുറ്റകൃത്യങ്ങളായി മാറ്റപ്പെടുന്പോൾ മതപരിവർത്തന നിരോധന നിയമങ്ങൾ വർഗീയ അജണ്ടയുടെ ഭാഗമാണെന്നു വരുന്നു. ഇരട്ട എൻജിനുകൾക്കടിയിൽ മെതിക്കപ്പെടുന്ന മൗലികാവകാശങ്ങൾ ഭരണഘടനയിൽ ഉണ്ടായിട്ടെന്തു കാര്യം? കാര്യമുണ്ട്, വീണ്ടെടുപ്പിനുള്ള സാധ്യതകളുടെ ആധാരം അതിലുണ്ട്.
മതപരിവർത്തനം രാജ്യത്തു സാധുവായതിനാൽ നിർബന്ധിത എന്നുകൂടി ചേർത്താണ് മതപരിവർത്തന നിരോധന നിയമങ്ങളുണ്ടാക്കുന്നത്. അതിനുള്ള ബിൽ ഏറ്റവും പുതുതായി അവതരിപ്പിച്ചിരിക്കുന്നത് രാജസ്ഥാനാണ്. അതനുസരിച്ച്, ബലം പ്രയോഗിച്ചോ വഞ്ചനയിലൂടെയോ ഭീഷണിപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ മതപരിവർത്തനം നടത്തുന്നത് ജാമ്യമില്ലാ കുറ്റമാണ്.
10 വർഷംവരെ തടവും 50,000 രൂപവരെ പിഴയും ശിക്ഷ ലഭിക്കാം. ഇതു പാസാകുന്നതോടെ നിർബന്ധിത മതപരിവർത്തന നിരോധന നിയമം ഉള്ള 10 സംസ്ഥാനങ്ങളിൽ രാജസ്ഥാനും ഉണ്ടാകും. മിക്ക പരാതികൾക്കും പിന്നിൽ, ന്യൂനപക്ഷവിദ്വേഷം പ്രചരിപ്പിക്കുന്ന സംഘപരിവാർ സംഘടനകളാണ്. അതായത്, പാക്കിസ്ഥാനിലെ മതമൗലികവാദികൾ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമെതിരേ മതനിന്ദാ കേസുകൾ കൊടുക്കുന്നതുപോലെ. അവിടെ കോടതികൾപോലും ന്യൂനപക്ഷത്തിനെതിരായിരിക്കും. സ്ഥിതി അത്ര ഗുരുതരമല്ലെങ്കിലും ഇന്ത്യയിലെ ചില ജനപ്രതിനിധികളും പോലീസും മറ്റ് ഉദ്യോഗസ്ഥരും വർഗീയ നിലപാടുകൾ പുറത്തെടുക്കുന്ന സ്ഥിതി പലയിടത്തുമുണ്ട്. എഫ്ഐആർ ഇടുന്നതു മുതൽ കേസ് ന്യൂനപക്ഷവിരുദ്ധമാകാനാണ് സാധ്യത.
യുപിയിൽ മതപരിവർത്തന ശ്രമങ്ങൾ നടത്തിയെന്ന കുറ്റം ചുമത്തി ജോസ് പാപ്പച്ചൻ - ഷീജ പാപ്പച്ചൻ ദമ്പതിമാർക്ക് അഞ്ചുവർഷം തടവുശിക്ഷയും 25,000 രൂപ വീതം പിഴയും ചുമത്തിയത് കഴിഞ്ഞ മാസമാണ്. 2022ൽ ആദിവാസികൾക്കിടയിൽ ക്രിസ്മസ് ആഘോഷം നടത്തിയതാണ് കുറ്റം. ബിജെപി ജില്ലാ സെക്രട്ടറിയാണു പരാതിക്കാരൻ. ഗ്രാമസന്ദർശനം, പ്രസംഗം, ബൈബിൾ വിതരണം, ക്രിസ്മസ് കേക്ക് മുറിക്കൽ, മധുരപലഹാര വിതരണം, ഉണ്ണിയേശുവിന്റെ ചിത്രം പ്രദർശിപ്പിക്കൽ തുടങ്ങിയവയായിരുന്നു കുറ്റങ്ങൾ.
നോക്കൂ, എത്ര കൗശലപൂർവമാണ്, ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള ഭരണഘടനാവകാശത്തെ മതപരിവർത്തന നിരോധന നിയമങ്ങൾ പ്രഹസനമാക്കുന്നത്. ബൈബിളും പ്രാർഥനാപുസ്തകങ്ങളും കുരിശുരൂപവും മറ്റും റെയ്ഡ് നടത്തി പിടിച്ചെടുക്കുന്നതും ആയുധങ്ങൾപോലെ പ്രദർശിപ്പിക്കുന്നതും മതരാഷ്ട്രമായ പാക്കിസ്ഥാനിലല്ല, ഇന്ത്യയിലാണ്. മതപരിവർത്തന നിരോധന നിയമം വരുന്നതിനു മുന്പേ, സംഘപരിവാർ ന്യൂനപക്ഷ വിരുദ്ധത പ്രചരിപ്പിക്കുകയും ആക്രമണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ബിജെപി വർഗീയ ധ്രുവീകരണം നടത്തിയിട്ടുമുണ്ട്. അതായത്, ഹിന്ദുത്വയുടെ ന്യൂനപക്ഷവിരുദ്ധതയുടെ ഭാഗം മാത്രമാണ് മതപരിവർത്തന നിരോധന ബില്ലുകൾ.
മതം മാറേണ്ടയാൾ രണ്ടുമാസം മുമ്പും, മതപരിവർത്തനത്തിനു കാർമികനാകുന്ന വ്യക്തി ഒരുമാസം മുമ്പും ജില്ലാ കളക്ടർക്ക് അപേക്ഷ സമർപ്പിക്കണം. അപേക്ഷ ലഭിച്ചാൽ, അഡീഷണൽ ജില്ലാ കളക്ടറിൽ കുറയാത്ത റാങ്കുള്ള ഓഫീസറുടെ മേൽനോട്ടത്തിൽ പോലീസ് അന്വേഷണം നടത്തണം. ഒപ്പം, അപേക്ഷകന്റെ വിശദമായ വിവരങ്ങൾ പൊതുജനശ്രദ്ധയ്ക്കായി ജില്ലാ കളക്ടറുടെ ഓഫീസ് പരിസരത്ത് പതിക്കും. പോലീസ് അന്വേഷണം അപേക്ഷകന് അനുകൂലമാവുകയും പൊതുജനങ്ങൾക്ക് എതിർപ്പില്ലാതിരിക്കുകയും ചെയ്താൽ മതം മാറാം. പക്ഷേ, ന്യൂനപക്ഷ മതങ്ങളിൽനിന്ന് ഹിന്ദുമതത്തിലേക്കു പരിവർത്തനം നടത്താനാണെങ്കിലോ? അത് മതപരിവർത്തനമല്ല, ‘ഘർ വാപസി’!
രണ്ടു പരാമർശങ്ങൾകൂടി ഇതോടു ചേർത്തു പറയേണ്ടതുണ്ട്. ഒന്ന്, ‘ഘർ വാപസി’ നടത്തിയതുകൊണ്ട് അത്രയും പേർ ദേശദ്രോഹികൾ ആയില്ലെന്ന് മുൻ രാഷ്ട്രപതി അന്തരിച്ച പ്രണബ് കുമാർ മുഖർജി പറഞ്ഞെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് അവകാശപ്പെട്ടതാണ്. കഴിഞ്ഞ ഡിസംബറിൽ ഇൻഡോറിലാണ് രേഖകളുടെ യാതൊരു പിൻബലവുമില്ലാത്ത പരാമർശം. ന്യൂനപക്ഷങ്ങൾ ദേശദ്രോഹികളും രണ്ടാംതരം പൗരന്മാരുമാണെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്ന സംഘപരിവാറിന്റെ രാഷ്ട്രീയദളങ്ങളാണ് മതപരിവർത്തന നിയമത്തിനു പിന്നിലുമുള്ളത്. കാര്യങ്ങൾ അടിമുടി പരസ്പരബന്ധിതമാണ്. രണ്ടാമത്തെ പരാമർശം നടത്തിയത്, അലാഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ശേഖർ കുമാർ യാദവ് ആണ്.
ഹിന്ദുക്കളാകുന്ന ഭൂരിപക്ഷത്തിന്റെ താത്പര്യത്തിനനുസരിച്ചാണ് ഇന്ത്യ പ്രവർത്തിക്കേണ്ടതെന്നായിരുന്നു കഴിഞ്ഞ നവംബറിലെ പ്രസംഗം. ഭരണഘടനാവകാശങ്ങൾ സ്ഥാപിച്ചുകിട്ടാൻ ന്യൂനപക്ഷങ്ങൾക്കുള്ള അവസാന അഭയകേന്ദ്രമാണ് കോടതികൾ. കാര്യങ്ങൾ എങ്ങനെയാകുമെന്ന ആശങ്കയുണ്ട്. ഇന്ത്യയിലെ മതസ്വാതന്ത്ര്യം തകർച്ച നേരിടുകയാണെന്ന് അമേരിക്കയിലെ അന്താരാഷ്ട്ര മത കമ്മീഷൻ കഴിഞ്ഞ ഒക്ടോബറിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിലെ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, ബിജെപി അധികാരത്തിൽ വന്ന 2014 മുതൽ ക്രൈസ്തവർക്കെതിരേയുള്ള ആക്രമണങ്ങൾ വർധിക്കുകയാണ്. കഴിഞ്ഞവർഷം 11 മാസത്തിനിടെ 745 അക്രമങ്ങൾ നടന്നു. മുസ്ലിംകൾക്കും ക്രൈസ്തവർക്കും എതിരായ അക്രമസംഭവങ്ങളും പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുടെ പ്രകോപന പ്രസംഗങ്ങളും വർധിച്ചു. മണിപ്പുരിലെ വംശീയകലാപങ്ങളിലും വർഗീയത നുഴഞ്ഞുകയറി.
മതപരിവർത്തന നിരോധനം ഒറ്റപ്പെട്ടു നിൽക്കുന്ന നിയമമല്ല, രാജ്യത്ത് അരങ്ങേറുന്ന മതാധിഷ്ഠിത നീക്കങ്ങളുടെ ഭാഗമാണെന്ന് തിരിച്ചറിയണം. പക്ഷേ, ജാതി - മത - ഭൂരിപക്ഷ - ന്യൂനപക്ഷ ഭേദമില്ലാതെ മതേതരത്വത്തിൽ വിശ്വസിക്കുന്ന വ്യക്തികളും പാർട്ടികളും പ്രസ്ഥാനങ്ങളും നിസഹായരല്ല. ഒന്നിച്ചു നിന്നാൽ, ഭിന്നിപ്പുകളെയും മൗലികാവകാശ നിഷേധങ്ങളെയും ചെറുക്കാനുള്ള ശേഷിയുമുണ്ട്. ഇന്ത്യയിലെ ജനങ്ങളായ നാം ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യാൻ തീരുമാനിച്ചിട്ടുള്ളവരാണല്ലോ.