ഈ രോഗികളോ ഭാവി നഴ്സുമാർ?
Friday, February 14, 2025 12:00 AM IST
അധോലോകം പോലെ ഒരു ഹോസ്റ്റൽ മുറി. വിദ്യാർഥികളെ കെട്ടിയിട്ടു മർദിക്കുന്ന വിദ്യാർഥി സംഘടനാ നേതാക്കൾ. ഒന്നുമറിയാത്ത ‘പാവം’ അധ്യാപകർ. ഇവിടെ ഇങ്ങനെയാണ്, പറ്റില്ലെങ്കിൽ സ്വകാര്യ സർവകലാശാലകളിലേക്കു പൊയ്ക്കോ എന്നാണോ..!
പൂക്കോട് ക്രിമിനലുകളെ തീറ്റിപ്പോറ്റിയ അക്രമരാഷ്ട്രീയത്തിന്റെ അന്തകവിത്തുകൾ കോട്ടയത്തും മുളച്ചു. മെഡിക്കൽ കോളജിനോടനുബന്ധിച്ചുള്ള ഗവൺമെന്റ് നഴ്സിംഗ് കോളജ് ഹോസ്റ്റലിൽ വിദ്യാർഥികളെ കെട്ടിയിട്ടു പീഡിപ്പിക്കുന്ന ദൃശ്യം, കേരളത്തിന്റെ നെഞ്ചിൽ ഒരു ജ്യോമെട്രി കോന്പസ് പോലെ തറഞ്ഞിരിക്കുന്നു.
വിദ്യാർഥിസംഘടനയുടെ നേതാവ് ഉൾപ്പെടെയുള്ള അഞ്ചു വിദ്യാർഥികൾ മാത്രമല്ല, ഹോസ്റ്റൽ വാർഡനായ പ്രിൻസിപ്പലും പൂർണചുമതലയുള്ള അസിസ്റ്റന്റ് വാർഡനായ അധ്യാപകനും ഉൾപ്പെടെ ഉത്തരവാദികളെല്ലാം ശിക്ഷിക്കപ്പെടണം. വിദ്യാർഥിരാഷ്ട്രീയത്തിന് ആദർശത്തിന്റെ ദേഹവും അധമസംസ്കാരത്തിന്റെ ദേഹിയും നൽകിയ ക്രിമിനലുകളെ ഒഴിപ്പിച്ച് ഈ അക്രമസംസ്കാരത്തിൽനിന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളെ മോചിപ്പിക്കുവോളം ഇടിമുറികളൊഴിയില്ല.
ഇന്നലെയാണ് ആ ദൃശ്യങ്ങൾ പുറത്തുവന്നത്. ജൂണിയർ വിദ്യാർഥിക്ക് അനങ്ങാൻ വയ്യാത്തവിധം കൈകാലുകൾ കട്ടിലിൽ കെട്ടിയിട്ടിരിക്കുകയാണ്. വേട്ടക്കാർ, ഭരണകക്ഷിയിലെ വൺ, ടു, ത്രി നേതാവിന്റെ ശൈലിയിൽ കോമ്പസ് ഉപയോഗിച്ച് ഇരയെ കുത്തുന്നതിനിടെ എണ്ണവുമെടുക്കുന്നുണ്ട്.
ജനനേന്ദ്രിയത്തിൽ, വ്യായാമകേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന ഭാരമുള്ള ഡംബലുകൾ അടുക്കിവച്ചു. കരഞ്ഞു നിലവിളിക്കുന്പോൾ വായിലേക്കും കണ്ണുകളിലേക്കും നീറുന്ന ലോഷൻ ഒഴിച്ചു. ഇര പ്രാണവേദനയെടുക്കുന്പോൾ വേട്ടക്കാർ ചിരിക്കുകയാണ്. സീനിയേഴ്സിനു മദ്യപിക്കാൻ ആഴ്ചയിൽ 800 രൂപ പടി കൊടുക്കണം. കഴിഞ്ഞ ദിവസം ആവശ്യപ്പെട്ട 2000 രൂപ കൊടുക്കാൻ കഴിയാതിരുന്നതോടെയാണ് പീഡനം രൂക്ഷമാക്കിയത്.
സഹിക്കാനാകാതെ വന്നതോടെ ആറ് ജനറൽ നഴ്സിംഗ് വിദ്യാർഥികൾ കോളജ് അധികൃതർക്കു പരാതി നൽകി. മറ്റു മാർഗമില്ലാത്തതുകൊണ്ടാവാം അവർ പോലീസിൽ അറിയിച്ചു. ഓർത്തുനോക്കൂ, ഈ ഗുണ്ടകൾ നഴ്സുമാരായാലത്തെ സ്ഥിതി. അങ്ങേയറ്റം ക്ഷമയും സഹനവും കരുണയും ആവശ്യമായ നഴ്സാകാൻ ഈ സാമൂഹികവിരുദ്ധർ ഇറങ്ങിപ്പുറപ്പെട്ടത് സാന്പത്തികമോ പിൻവാതിൽ ഉദ്യോഗമോ ഉൾപ്പെടെ മറ്റെന്തെങ്കിലും താത്പര്യം മൂലം മാത്രമായിരിക്കും; സംശയമില്ല.
കഴിഞ്ഞ നവംബറിൽ തുടങ്ങിയ പീഡനം ഹോസ്റ്റൽ വാർഡനായ പ്രിൻസിപ്പലോ 24 മണിക്കൂറും ഹോസ്റ്റലിന്റെ ചുമതലയുള്ള അധ്യാപകനോ അറിഞ്ഞില്ലത്രേ. അദ്ദേഹം ഒന്നുകിൽ അവിടെ താമസിക്കുന്നില്ല, അല്ലെങ്കിൽ കണ്ണടച്ചു. ഓർക്കുന്നില്ലേ, പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർഥൻ എന്ന വിദ്യാർഥിയുടെ ജീവനെടുത്തവർക്കു കാവൽ നിന്ന അധ്യാപകവേഷധാരികളെ?. അവിടെയും വേട്ടക്കാർക്ക് എസ്എഫ്ഐ എന്ന വിദ്യാർഥിസംഘടനയുടെ ലേബലുണ്ടായിരുന്നു.
അതുണ്ടെങ്കിൽ അധ്യാപകർ പോയിട്ട് പോലീസുപോലും കുനിഞ്ഞുനിൽക്കും എന്നതാണല്ലോ അവസ്ഥ. കോട്ടയത്തെ പ്രതികളുടെ വിലാസവും രാഷ്ട്രീയവും തിരിച്ചറിഞ്ഞാൽ കാര്യങ്ങളുടെ കിടപ്പ് മനസിലാകും. സിപിഎം അനുകൂല സംഘടനയായ കേരള ഗവൺമെന്റ് സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷൻ (കെജിഎസ്എൻഎ) സംസ്ഥാന സെക്രട്ടറി മലപ്പുറം വണ്ടൂർ സ്വദേശി കെ.പി. രാഹുൽ രാജ്, അസോസിയേഷൻ അംഗങ്ങളായ മൂന്നിലവ് വാളകംകര സ്വദേശി സാമുവൽ ജോൺസൺ, വയനാട് പുൽപ്പള്ളി സ്വദേശി എൻ.എസ്. ജീവ, മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി സി. റിജിൽ ജിത്ത്, കോരുത്തോട് മടുക്ക സ്വദേശി എൻ.വി. വിവേക് എന്നിവരാണ് റിമാൻഡിലുള്ളത്.
പറഞ്ഞാൽ വിശ്വസിക്കില്ല, കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടിരിക്കുന്നു. തീർന്നില്ല, വിദ്യാർഥികൾ അരാഷ്ട്രീയവത്കരിക്കപ്പെട്ടാൽ എന്തു സംഭവിക്കുമെന്നതിന് ഉത്തമ ഉദാഹരണമാണ് കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളജിലെ റാഗിംഗ് എന്നു പ്രബോധനവും നടത്തി.
സമീപകാലത്ത് കേരളത്തെ നടുക്കിയ പൂക്കോട് സംഭവത്തിൽ പ്രതികൾക്ക് എസ്എഫ്ഐ ബന്ധമായിരുന്നെങ്കിൽ കോട്ടയത്തെ പ്രതികൾക്ക് എസ്എഫ്ഐയുടെ സഹോദര സംഘടനയെന്നു പറയാവുന്ന കെജിഎസ്എൻഎ ബന്ധമാണ്. ‘രാഹുൽ രാജ് കോമ്രേഡ്’എന്നാണ് പ്രതികളിൽ മുഖ്യന്റെ ഫേസ്ബുക്ക് അക്കൗണ്ടിലെ പേര്.
ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പിന്തുണയില്ലാതെ ഒരുമാതിരിപ്പെട്ട വിദ്യാർഥികളൊന്നും ഇത്തരം കുറ്റങ്ങൾക്കു ധൈര്യപ്പെടില്ല. അരാഷ്ട്രീയ സംഘങ്ങളല്ല, അക്രമരാഷ്ട്രീയവും മദ്യവും മയക്കുമരുന്നും രാഷ്ട്രീയ പിന്തുണയും സംഘടനകളുടെ ഗുണ്ടാ നേതാക്കളുമാണ് കലാലയ രാഷ്ട്രീയത്തെ ഒറ്റിക്കൊടുത്തത്.
റാഗിംഗിന്റെ പേരിലുള്ള ഈ കാടത്തത്തിന് അറുതിവരുത്തിയേ തീരൂ. രക്ഷിക്കണമെന്നു പറഞ്ഞു കരഞ്ഞ പ്രതികൾ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അക്രമരാഷ്ട്രീയത്തിന്റെയും അടിമകളാണ്. സകല റാഗിംഗ് കുറ്റവാളികൾക്കും ഇതു പാഠമാകണം. പരാതിയില്ലാത്തതുകൊണ്ട് കേരളത്തിൽ റാഗിംഗ് ഇല്ലെന്ന് അധികൃതർ തെറ്റിദ്ധരിക്കരുത്.
അടിയേറ്റു മരണാസന്നനായിട്ടും പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർഥൻ വീട്ടുകാരെപ്പോലും വിവരമറിയിച്ചിരുന്നില്ല. രാഷ്ട്രീയബന്ധമുള്ള ഈ തെമ്മാടികളെ കുട്ടികൾക്കു ഭയമാണ്. ഹോസ്റ്റലുകൾ രാഷ്ട്രീയ അടിമകളായ അധ്യാപകരെ കാവലേൽപ്പിക്കരുത്. ഹോസ്റ്റലിൽ റാഗിംഗ് നടന്നാൽ ചുമതലയുള്ള അധ്യാപകനെയും പ്രതിയാക്കണം. തെരഞ്ഞെടുക്കപ്പെടുന്ന പിടിഎ ഭാരവാഹികൾക്ക് ഹോസ്റ്റലുകളിൽ റാഗിംഗ് പരിശോധനയ്ക്ക് അവസരം കൊടുക്കണം.
റാഗിംഗ് നടന്നാൽ പരാതിപ്പെടാൻ വിദ്യാർഥികളുടെ സ്വകാര്യത സംരക്ഷിക്കുന്നവിധം അധികൃതരുടെയോ പോലീസിന്റെയോ ടെലിഫോൺ നന്പർ കൊടുക്കണം. പാർട്ടി ഫണ്ടുകൾകൊണ്ടല്ല, പൊതുജനം കൊടുക്കുന്ന നികുതിപ്പണംകൊണ്ടാണ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. അവിടെ ഇടിമുറി പണിയുന്നതാണ് വിദ്യാർഥിരാഷ്ട്രീയമെങ്കിൽ ആ നവകേരളം ഇവിടെയാർക്കും ആവശ്യമില്ല.
നമുക്ക് ഡോക്ടറും നഴ്സും എൻജിനിയറും നേതാക്കളുമൊക്കെ വേണം; പക്ഷേ, ആദ്യം മനുഷ്യനാകാൻ പഠിപ്പിക്ക്. പ്രാകൃത വിദ്യകൊണ്ട് പരിഷ്കൃത മനുഷ്യനാകില്ല.