ഈ കോർപറേഷൻ ആരുടേതാണ്?
Thursday, February 13, 2025 12:00 AM IST
ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ, അതിലെ ഒരു വിഭാഗത്തിനുവേണ്ടി മാത്രം
പ്രവർത്തിക്കാനുള്ളതല്ല. മദ്രസ അധ്യാപകർക്കു മാത്രം പലിശരഹിത വായ്പ നൽകുന്നതിൽ വിവേചനമുണ്ട്; ഭിന്നതയ്ക്കിടയാക്കുകയും ചെയ്യും.
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് മുഖേന മദ്രസ അധ്യാപകര്‍ക്കു നൽകുന്ന ഭവനവായ്പ 2.5 ലക്ഷത്തിൽനിന്ന് അഞ്ച് ലക്ഷമാക്കി വർധിപ്പിച്ചത് അവർക്ക് ആശ്വാസകരമാണ്. വായ്പയ്ക്കു പലിശയില്ലെന്നതാണ് പ്രധാന കാരണം. പക്ഷേ, മറ്റു ന്യൂനപക്ഷ വിഭാഗങ്ങളോ അവരുടെ മതാധ്യാപകരോ വായ്പയെടുത്താൽ ഉയർന്ന പലിശ നൽകണം.
ദിവസങ്ങൾക്കു മുന്‍പാണ് സാന്പത്തിക പ്രതിസന്ധിയാണെന്നു പറഞ്ഞ്, ന്യൂനപക്ഷങ്ങൾക്കും ദളിതർക്കുമുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ സർക്കാർ വെട്ടിക്കുറച്ച് പകുതിയാക്കിയത്. മുന്‍പ് അനുവദിച്ച തുകപോലും കൊടുത്തിട്ടുമില്ല. അതിനിടെയാണ് ഒറ്റയടിക്ക് മദ്രസ അധ്യാപകരുടെ പലിശരഹിത വായ്പ ഇരട്ടിയാക്കിയത്. സർക്കാർ ഇത് കൃത്യമായി വിശദീകരിച്ചില്ലെങ്കിൽ, ന്യൂനപക്ഷങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയാണോ ലക്ഷ്യമെന്നു സംശയിക്കേണ്ടിവരും.
മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങൾക്ക് സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ വഴി നൽകുന്ന പലിശരഹിത ഭവനവായ്പ അഞ്ച് ലക്ഷം രൂപയാക്കി വർധിപ്പിക്കുമെന്നു പറഞ്ഞത്, ന്യൂനപക്ഷ ക്ഷേമ-കായിക-വഖഫ്-ഹജ്ജ് തീർഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാനാണ്. വായ്പത്തുക മാത്രം 84 ഗഡുക്കളായി തിരിച്ചടച്ചാൽ മതി. മാത്രമല്ല, മദ്രസ അധ്യാപകർക്ക് അധ്യാപനത്തിനൊപ്പം സ്വയംതൊഴിൽ കണ്ടെത്താനുമുണ്ട് പലിശരഹിത വായ്പ. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് 1956ലെ കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഒരു കേരള സര്‍ക്കാര്‍ കമ്പനിയാണ്.
മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ, ജൈന, പാര്‍സി തുടങ്ങി വിജ്ഞാപനം ചെയ്യപ്പെട്ട ന്യൂനപക്ഷ സമുദായാംഗങ്ങളുടെ സാമ്പത്തികവും വികസനപരവുമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യം. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ ന്യൂനപക്ഷ വികസന & ധനകാര്യ കോര്‍പറേഷന്റെ ചാനലൈസിംഗ് ഏജന്‍സിയാണിത്. പക്ഷേ, മുസ്ലിം സമുദായത്തിനല്ലാതെ മറ്റാർക്കും പലിശരഹിത വായ്പ നൽകുന്നതായി ഇവരുടെ വെബ്സൈറ്റിൽ വിവരമില്ല.
ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള സ്വയംതൊഴിൽ പദ്ധതി, വിദ്യാഭ്യാസ വായ്പാ പദ്ധതി, മൈക്രോ ഫിനാൻസ്, സ്വയംതൊഴിൽ പദ്ധതി, വിദ്യാഭ്യാസ വായ്പ, ബിസിനസ് വികസന വായ്പ, പ്രവാസി ലോൺ സ്കീം, വീസ ലോൺ സ്കീം, ജീവനക്കാർക്കുള്ള വിവിധോദ്ദേശ്യ വായ്പ, പൊതു ഭവന വായ്പാ പദ്ധതി, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള വായ്പാ പദ്ധതി, സുമിത്രം-വിവാഹ വായ്പ, സുമിത്രം-ചികിത്സാ വായ്പ എന്നിവകൾക്കൊക്കെ രണ്ടു മുതൽ ഒന്‍പതു ശതമാനം വരെ പലിശയുണ്ട്. ന്യൂനപക്ഷങ്ങൾക്കു പൊതുവായുള്ള ഭവനവായ്പാ പദ്ധതിക്ക് ആറ് ശതമാനവും സ്വയംതൊഴിൽ പദ്ധതിക്ക് എട്ട് ശതമാനവും പലിശ നൽകണം. ഇത് വിവേചനപരവും ന്യൂനപക്ഷ തത്വങ്ങളുടെ ലംഘനവുമാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
മദ്രസ അധ്യാപകര്‍ക്കു മാത്രമായി പലിശരഹിത വായ്പ നല്കാന് ഉദ്ദേശിക്കുന്നെങ്കില്‍ അത് പൂര്‍ണമായും മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡാണ് നടപ്പിലാക്കേണ്ടതെന്നും അതിനു പകരം ന്യൂനപക്ഷങ്ങളുടെ പൊതുസംവിധാനത്തിലേക്ക് അതിന്റെ ബാധ്യത അടിച്ചേല്പിക്കുന്നതും ഫണ്ട് വകമാറ്റുന്നതും അംഗീകരിക്കാനാവില്ലെന്നുമാണ് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ചൂണ്ടിക്കാട്ടുന്നത്.
എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും ഗുണഭോക്താക്കളായ വിവിധ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളുടെ വിഹിതം സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ നേര്‍പകുതിയായി വെട്ടിക്കുറയ്ക്കുകയും മുടക്കുകയും ചെയ്ത സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് പ്രത്യേക വിഭാഗക്കാര്‍ക്ക് മാത്രമുള്ള പദ്ധതിയുടെ ഫണ്ട് നേരേ ഇരട്ടിയാക്കിയത്. സർക്കാരുകൾ പൗരന്മാർക്കിടയിൽ ഈവിധം വിവേചനം നടത്തുന്നത് ഭരണഘടനാവിരുദ്ധമല്ലേ? അല്ലെങ്കിൽ എത്രയും പെട്ടെന്ന് വിശദീകരണം നൽകണം.
എല്ലാ ന്യൂനപക്ഷങ്ങൾക്കും വേണ്ടിയുള്ള കോർപറേഷൻ അതിലെ ഒരു വിഭാഗത്തിനുവേണ്ടി മാത്രം പ്രവർത്തിക്കാനുള്ളതല്ല. ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുകയല്ല ഉദ്ദേശ്യമെങ്കിൽ മതവിവേചനമില്ലാതെ എല്ലാ ഭവനവായ്പാ പദ്ധതികളും പലിശരഹിതമാക്കുകയോ അല്ലെങ്കിൽ മദ്രസ അധ്യാപകരെപ്പോലെ മറ്റു ന്യൂനപക്ഷ മതാധ്യാപകരെയും പരിഗണിക്കുകയോ ചെയ്യണം. അല്ലെങ്കിൽ ഈ കോർപറേഷൻ ആരുടേതാണ് എന്നു ചോദിക്കേണ്ടിവരും.