മൂന്നു മനുഷ്യർക്കുകൂടി കാട്ടുനിയമത്തിന്റെ വധശിക്ഷ
Wednesday, February 12, 2025 12:00 AM IST
1972ൽ പടച്ചുവച്ച വനം-വന്യജീവി സംരക്ഷണ നിയമം മൂന്നു മനുഷ്യർക്കുകൂടി വധശിക്ഷ വിധിച്ചു. എല്ലാം പാവങ്ങൾ! 10 ലക്ഷത്തിന്റെ ചാവുപണംകൊണ്ടു പരിഹാരത്തിനിറങ്ങുന്ന മഹാപാപികളേ, മനുഷ്യത്വമുണ്ടെങ്കിൽ ഈ നിയമം മാറ്റു. അല്ലെങ്കിൽ വനവാസത്തിനു പോകൂ.
മൂന്നു മൃതദേഹങ്ങൾകൂടി! ഒരു പ്രാകൃത വന്യജീവി നിയമവും അതിന്റെ സംരക്ഷകരായ രാഷ്ട്രീയക്കാരും ചേർന്ന് മൂന്നു മനുഷ്യരെക്കൂടി കൊലയ്ക്കു കൊടുത്തു. ഭയാനകം! ഈ മനുഷ്യരുടെ വോട്ട് വാങ്ങി അധികാരം നുണഞ്ഞവർ മൃഗങ്ങൾക്കു കാവൽ നിൽക്കുന്നു.
ഇവർക്കു ഭ്രാന്താണോ? അതോ അദൃശ്യ താത്പര്യങ്ങളുടെ ചങ്ങലയിലാണോ? അതുമല്ലെങ്കിൽ വെറും വിവരക്കേടോ? എന്തായാലും മതിയാക്കൂ ഈ കൊലവെറി. 1972ലെ വനം-വന്യജീവി നിയമമുള്ള കാലത്തോളം ഈ നരനായാട്ട് അവസാനിക്കില്ല. സംസ്ഥാനങ്ങൾക്കും ഉദ്യോഗസ്ഥർക്കും കോടതികൾക്കുപോലും ഇരകൾക്കൊപ്പം നിൽക്കാനാവില്ല.
വന്യ രാഷ്ട്രീയക്കാരേ, നിങ്ങളിൽ പ്രതീക്ഷയർപ്പിച്ചവരെ നിങ്ങളിങ്ങനെ പരിഹസിക്കരുത്. അധികാരം കൊലക്കത്തിയാക്കിയാൽ അതു നിഷ്കരുണം തിരിച്ചെടുക്കാൻ കെൽപ്പുണ്ട് ജനാധിപത്യത്തിന്. ഇന്നല്ലെങ്കിൽ നാളെ, നിങ്ങളുടെ മഹാഭൂരിപക്ഷങ്ങളെ അതു വട്ടപ്പൂജ്യമാക്കും. നിങ്ങളുടെ സുരക്ഷിത താവളങ്ങളിലേക്ക് ഒരിക്കലീ നിസഹായർ ഒന്നിച്ചു വരും.
സോഫിയ, മാനു, ബാബു. 24 മണിക്കൂറിനകം ആന ചവിട്ടിക്കൊന്ന മൂന്നു മനുഷ്യരുടെ പേരുകൾ. ഇടുക്കി പെരുവന്താനത്തുള്ള സോഫിയ വീടിനടുത്തുള്ള അരുവിയിൽ കുളിക്കാൻ പോയതാണ്. കാട്ടാന ചവിട്ടിക്കൊന്നു. വയനാട് നൂൽപ്പുഴയിലെ കടയിൽനിന്നു സാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്നു ആദിവാസി യുവാവ് മാനു.
ആന തുന്പിക്കൈയിൽ ചുറ്റി വലിച്ചെറിഞ്ഞു. തിരുവനന്തപുരം പാലോട് വനവിഭവങ്ങൾ ശേഖരിക്കാൻ പോയതാണ് ബാബു. നാലു ദിവസത്തിനുശേഷം കണ്ടാൽ തിരിച്ചറിയാനാവാത്തവിധം മൃതദേഹം കണ്ടെത്തി. സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ കിടന്നു നിലവിളിക്കുന്നുണ്ട്.
തങ്ങളുടെ ജീവിതം അപകടത്തിലാക്കിയ വന്യജീവി ആക്രമണത്തെക്കുറിച്ച് ഒരു കൊല്ലം മുന്പ് സോഫിയ പറഞ്ഞ വാക്കുകളാണ് അതിലുള്ളത്. സോഫിയ ഭയന്നതു സംഭവിച്ചു. മൂന്നിടങ്ങളിലും ജനങ്ങൾ സർക്കാരിനെതിരേ പ്രതിഷേധിക്കുകയും മൃതദേഹങ്ങൾ നീക്കം ചെയ്യില്ലെന്നു ശഠിക്കുകയും ചെയ്തു.
ഒരു കാര്യവുമില്ല. ഇനി കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങളുമായി നിയമസഭകളിലേക്കും പാർലമെന്റിലേക്കുമാണ് വിലാപയാത്ര നടത്തേണ്ടത്. അവിടെയാണ് ആ നിയമത്തിനു കാവലിരിക്കുന്ന മൃഗസ്നേഹികൾ ഒളിച്ചിരിക്കുന്നത്.
1972ലെ വനം-വന്യജീവി സംരക്ഷണനിയമത്തിൽ മനുഷ്യർക്കു ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാനുള്ള വകുപ്പുണ്ടെന്നും അതുകൊണ്ട് നിയമം മാറ്റേണ്ടതില്ലെന്നും ചില രാഷ്ട്രീയക്കാരും മൃഗസ്നേഹികളും ന്യായീകരിക്കാറുണ്ട്.
എന്നിട്ടെന്താ തന്പ്രാക്കളേ, നിങ്ങളാ വകുപ്പുകൾ ഉപയോഗിക്കാത്തത്? എങ്ങനെയാണ് ഈ രാജ്യത്ത് ആയിരക്കണക്കിനു പാവപ്പെട്ടവർ വർഷംതോറും വന്യജീവി ആക്രമണത്തിൽ കൊല്ലപ്പടുന്നത്? വന്യജീവികളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വായിച്ചാൽ മനസിലാകും, അതെത്ര അപ്രായോഗികമാണെന്ന്.
നടപടിക്രമങ്ങളിൽ എന്തെങ്കിലും പിഴവുണ്ടെന്നു സംശയം വന്നാൽ ഉദ്യോഗസ്ഥൻ കോടതി കയറണം. അതിലും ഭേദം സർക്കാരിനെപ്പോലെ കണ്ണും പൂട്ടി ഇരിക്കുകയാണ്. വനം മന്ത്രി എ.കെ. ശശീന്ദ്രൻ 2024 ഫെബ്രുവരിയിൽ നിയമസഭയിൽ വച്ച കണക്കനുസരിച്ച്, ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയ 2016നും 2023നും ഇടയിൽ എട്ടുവർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ 909 പേർ കൊല്ലപ്പെട്ടു.
55,839 ആക്രമണങ്ങളുണ്ടായി. 7492 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പലരുടെയും ജീവിതം പൂർണമായും കിടക്കയിലാണ്. നഷ്ടപ്പെട്ട വീടുകൾ, കന്നുകാലികൾ, കൃഷി... ജനം മടുത്തു. ഈ നടപ്പു സാന്പത്തികവർഷത്തിലെ ഇത്രയും മാസങ്ങൾക്കിടെ കേരളത്തിൽ 57 പേർ കൊല്ലപ്പെട്ടു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ചിന്നാർ വന്യജീവി സങ്കേതത്തിനടുത്ത് വനംവകുപ്പിനുവേണ്ടി കാട് തെളിക്കാനെത്തിയ ബിമലിനെ കാട്ടാന ചവിട്ടിക്കൊന്നത്. ഇപ്പോഴിതാ മൂന്നു മരണങ്ങൾകൂടി. നിസഹായരായ മനുഷ്യരുടെ പ്രാണവേദന തിരിച്ചറിയാത്ത രാഷ്ട്രീയക്കാർ നിയമം മാറ്റില്ല.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവും നിയമത്തെ തൊടില്ല. ഇതൊക്കെ സംസ്ഥാന സർക്കാരുകളുടെ കുറ്റമാണെന്നു പ്രചരിപ്പിക്കുന്ന രാഷ്ട്രീയം അദ്ദേഹം കേരളത്തിലും നടത്തി. കേന്ദ്രത്തെ പഴിച്ച് സംസ്ഥാനം കൈമലർത്തി കളിക്കുകയാണ്.
നിവേദനം, പ്രസ്താവന, കേന്ദ്രത്തെ പഴിക്കൽ... ഒന്പതു വർഷമായി ഇതാണ് വഴിപാട്. സംസ്ഥാനത്ത് ഇത്ര ഭയാനകമായ സ്ഥിതിവിശേഷം നിലനിൽക്കെ, നിസഹായത പറഞ്ഞുകൊണ്ടിരിക്കുന്ന ഒരാളെ വനം മന്ത്രിയാക്കി വച്ചിരിക്കുന്നതു മാത്രം ശ്രദ്ധിച്ചാൽ മതി ഈ സർക്കാരിനു ജനങ്ങളോടുള്ള അവഗണന മനസിലാക്കാൻ.
ജനം പെട്ടിരിക്കുകയാണ്. ദിവസങ്ങൾക്കുമുന്പ്, വയനാടിന്റെ എംപി പ്രയങ്ക ഗാന്ധി പറഞ്ഞത്, വന്യജീവിശല്യം ലഘൂകരിക്കാൻ പാർലമെന്റിൽ കൂടുതൽ പണം ആവശ്യപ്പെടാം; പക്ഷേ, വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യാൻ താൻ മുൻകൈയെടുക്കില്ലെന്നാണ്. ഇതു മറച്ചുവച്ചാണ് പ്രതിപക്ഷ നേതാവും സംഘവും മലയോര സമരയാത്ര നടത്തിയത്.
ലേശം ഉളുപ്പ്? കാലാന്തരത്തിൽ ജനദ്രോഹമായി മാറിയ വനം-വന്യജീവി സംരക്ഷണനിയമം 1972ൽ കൊണ്ടുവന്നത് ഇന്ദിരാഗാന്ധി സർക്കാരാണ്. അതു സൃഷ്ടിച്ച ദുരന്തങ്ങളെ ഭവനസന്ദർശനങ്ങൾകൊണ്ടു മാത്രം പരിഹരിക്കാമെന്ന് ഇന്ദിരയുടെ കൊച്ചുമകൾ കരുതരുത്.
വന്യജീവികളുടെയും തെരുവുനായകളുടെയും അവകാശങ്ങൾക്കുവേണ്ടി പൊരുതുന്ന മേനക ഗാന്ധിയെപ്പോലെയല്ല, നിങ്ങൾ വയനാടിന്റെ എംപിയാണ്. വയനാട്ടിലെ ജനങ്ങൾ നൽകിയ മഹാഭൂരിപക്ഷം, വന്യജീവി സംരക്ഷണം ഉറപ്പാക്കാനല്ല.
മോദിയായാലും പിണറായിയാലും പ്രിയങ്കയായാലും മറക്കരുത്, തെറ്റു പറ്റിയെന്നു തോന്നിയാൽ കൊടുത്തതൊക്കെ നിർദയം തിരിച്ചെടുക്കാൻ ജനാധിപത്യത്തിനു ശേഷിയുണ്ട്. കാടുനിറഞ്ഞ് വന്യജീവികൾ പുറത്തിറങ്ങിയാൽ വേട്ടയാടി തിന്നാൻ ലോകത്തെവിടെയും അവകാശമുണ്ട്.
ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലരുതെന്ന് പറയുന്നതു ഭരണഘടനാവിരുദ്ധമാണെന്നും അവയെ കൊല്ലാനും തിന്നാനും അനുവദിക്കണമെന്നും പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിനുപോലും പറയേണ്ടിവന്നു.
എന്നിട്ടും മനുഷ്യന്റെ ചോര മണക്കുന്ന നിയമത്തിനു മുകളിൽ അടയിരിക്കുകയാണ് കേന്ദ്രസർക്കാർ. അങ്ങനെ, ലോകത്ത് വന്യജീവി ആക്രമണത്തിൽ ഏറ്റവുമധികം മനുഷ്യർ കൊല്ലപ്പെടുന്ന രാജ്യമായി ഇന്ത്യ മാറി. ഈ നിയമം മാറണം. അത് അസാധ്യമല്ല.
കണ്ടില്ലേ, സ്വന്തം ജനങ്ങളെ മരണത്തിനു വിട്ടുകൊടുത്ത് കസേരയിൽ അള്ളിപ്പിടിച്ചിരുന്ന മണിപ്പുർ മുഖ്യമന്ത്രി ഇറങ്ങിപ്പോയത്? കാർഷിക നിയമങ്ങൾ മാറ്റില്ലെന്നു വാശിപിടിച്ച കേന്ദ്രത്തെ മുട്ടുകുത്തിച്ച കർഷകരെ മറന്നോ? ജനവികാരത്തിനു പുല്ലുവിലപോലും കൊടുക്കാതെ സിൽവർ ലൈൻ എന്ന് ആക്രോശിച്ചവർ ജനരോഷത്തിന്റെ പാളത്തിലല്ലേ തലവച്ചത്? ഈ നരഹത്യനിയമവും മാറ്റിയേ തീരു.
“മാറ്റുവിൻ ചട്ടങ്ങളെ സ്വയ, മല്ലെങ്കിൽ
മാറ്റുമതുകളീ നിങ്ങളെത്താൻ”
മഹാകവി കുമാരനാശാൻ കണ്ട ദുരവസ്ഥ കേരളം അനുഭവിക്കുകയാണ്. 10 ലക്ഷത്തിന്റെ ചാവുപണംകൊണ്ടു പരിഹാരത്തിനിറങ്ങുന്ന മഹാപാപികളേ, മനുഷ്യത്വമുണ്ടെങ്കിൽ ഈ നിയമം മാറ്റൂ. അല്ലെങ്കിൽ വനവാസത്തിനു പോകൂ.