ബിരേൻ സിംഗ്: കടപുഴകിയ തിന്മമരം
Tuesday, February 11, 2025 12:00 AM IST
ബിരേൻസിംഗിനെ സംരക്ഷിക്കാൻ ഇനി ബിജെപിക്ക് സാധ്യമല്ലെന്ന് ഉറപ്പിച്ച ശേഷമാണ് കോൺഗ്രസ് ബ്രഹ്മാസ്ത്രം പുറത്തെടുത്തത്. അതു വീഴുന്നതിനു മുന്‍പ് ഇംഫാലിലെ മുഖ്യമന്ത്രിയുടെ ഓഫീസ് ബിജെപി ഒഴിപ്പിച്ചു.
എൻ. ബിരേൻ സിംഗ് ഇനി മെയ്തെയ് തീവ്രവാദികൾക്കൊപ്പം പ്രവർത്തിച്ചാലും പഴയ പരാതിയുണ്ടാകാനിടയില്ല. ഇത്രയും നാൾ മുഖ്യമന്ത്രിക്കസേരയിലിരുന്ന് ആ ദ്രോഹം ചെയ്തതുകൊണ്ടാണ് പ്രതിഷേധമുണ്ടായത്. ഡൽഹിയിലെ സംരക്ഷകർക്കും ഒന്നും ചെയ്യാനാവാത്തവിധം ഒറ്റപ്പെടുകയും കസേര ഇളകുകയും ചെയ്തപ്പോഴാണ് ചോര പുരണ്ട കൈകൾകൊണ്ട് അദ്ദേഹം രാജിക്കത്തെഴുതിയത്.
ഇതുകൊണ്ട് മണിപ്പുർ പ്രശ്നം പരിഹരിക്കുമോയെന്നറിയില്ല. പക്ഷേ, ഇരട്ട എൻജിനിലെ ബാക്കിയൊന്ന് നന്നായിട്ട് ഓടിയാൽ പ്രതീക്ഷയുണ്ട്. മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസ് ഇനി അക്രമികളുടെ അഭയകേന്ദ്രമാകില്ലല്ലോ. ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കേയാണ് കഴിഞ്ഞദിവസം ബിരേൻ സിംഗ് സർക്കാരിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചത്.
വിരട്ടലല്ല, ബോംബാണ് പിസിസി അധ്യക്ഷന്‍ കീഷാം മേഘചന്ദ്ര സിംഗ് എക്സിലൂടെ ബിജെപി കേന്ദ്രങ്ങളിലേക്ക് എറിഞ്ഞത്. “ഇരട്ട എന്‍ജിനുകളിലൊന്നില്‍ തീര്‍ച്ചയായും ബ്രഹ്മാസ്ത്ര മിസൈല്‍ പതിക്കും. കോണ്‍ഗ്രസ് പാര്‍ട്ടി ഉടന്‍ അവിശ്വാസപ്രമേയം കൊണ്ടുവരും.”
രണ്ടു വർഷമായി തുടരുന്ന കലാപം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്നാരോപിച്ച് ബിജെപിയിലെ കുക്കി എംഎൽഎമാർ മുഖ്യമന്ത്രിക്കെതിരേ കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നു. അവർ പല തവണ മുന്നറിയിപ്പു നൽകിയിട്ടും ബിരേൻ സിംഗിനെതിരേ ഒരു നടപടിയുമെടുത്തില്ല.
കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നാൽ കുക്കി എംഎൽഎമാർ പിന്തുണച്ചേക്കുമെന്ന് ബിരേൻ സിംഗ് മണത്തറിഞ്ഞു. 43 എംഎൽഎമാരുടെ പിന്തുണയുണ്ടെങ്കിലും ശനിയാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ച യോഗത്തിൽ 20 പേർ മാത്രമാണ് പങ്കെടുത്തതെന്നും സൂചനയുണ്ട്.
ബിരേൻ സിംഗിനെ സംരക്ഷിക്കാൻ ഇനി ബിജെപിക്ക് സാധ്യമല്ലെന്ന് ഉറപ്പിച്ച ശേഷമാണ് കോൺഗ്രസ് ബ്രഹ്മാസ്ത്രം പുറത്തെടുത്തത്. അതു വീഴുന്നതിനു മുന്‍പ് ഇംഫാലിലെ മുഖ്യമന്ത്രിയുടെ ഓഫീസ് ബിജെപി ഒഴിപ്പിച്ചു.
കിട്ടിയ അവസരം ഉപയോഗിച്ച് മണിപ്പുരിൽ സമാധാനം കൊണ്ടുവരികയാണ് കേന്ദ്രസർക്കാർ ഇനി ചെയ്യേണ്ടത്. മുഖ്യമന്ത്രി പദവി ഇല്ലെങ്കിലും ബിരേൻ സിംഗ് സമാധാനം കെടുത്താനാണു സാധ്യത. അദ്ദേഹവുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥരെ മാറ്റുകയോ നിരീക്ഷണത്തിൽ നിർത്തുകയോ ചെയ്യണം.
ബിരേൻ സിംഗ് പിന്തുണച്ചിരുന്ന ആരംഭായ് തെംഗോൽ ഉൾപ്പെടെയുള്ള മെയ്തെയ് തീവ്രവാദ സായുധ സംഘടനകളും വെറുതെയിരിക്കില്ല. മുഖ്യമന്ത്രി മെയ്തെയ് തീവ്രവാദികളെ അഴിച്ചുവിട്ടിരിക്കുകയാണെന്നും അദ്ദേഹം അധികാരത്തിലുള്ളപ്പോൾ മണിപ്പുരിൽ സമാധാനം സാധ്യമല്ലെന്നും കുക്കി സംഘടനകളും മാധ്യമങ്ങളുമൊക്കെ മുന്നറിയിപ്പു നൽകിയെങ്കിലും ബിജെപി ദേശീയ നേതൃത്വം ഒരു നടപടിയും സ്വീകരിച്ചില്ല.
ഇതിനിടെയാണ്, കലാപത്തിലെ തന്റെ പങ്ക് ബീരേൻ സിംഗ്തന്നെ വെളിപ്പെടുത്തുന്ന ശബ്ദരേഖ 2024 ഓഗസ്റ്റിൽ ‘ദ വയർ’ പുറത്തുവിട്ടത്. പോലീസിന്റെ സംഭരണകേന്ദ്രത്തിൽനിന്ന് ആയുധങ്ങൾ കവർന്നവരെ സംരക്ഷിച്ചത് ഉൾപ്പെടെ താൻ ചെയ്തുകൊടുത്ത സേവനങ്ങൾ അദ്ദേഹം മെയ്തെയ്കളുടെ യോഗത്തിൽ വിവരിക്കുന്നുണ്ട്.
കലാപം അന്വേഷിക്കുന്ന ജസ്റ്റീസ് അജയ് ലാംബ കമ്മീഷനു മുന്നിൽ ശബ്ദരേഖ സമർപ്പിച്ചിട്ടുണ്ട്. ശബ്ദരേഖയുടെ ഫോറൻസിക് റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞയാഴ്ച സുപ്രീംകോടതിയും ഉത്തരവിട്ടിട്ടുണ്ട്. ആ ശബ്ദരേഖ വ്യാജമല്ലെങ്കിൽ ബിരേൻ സിംഗ് വിചാരണ ചെയ്യപ്പെടേണ്ടതാണ്.
പതിവുപോലെ ഇപ്പോഴത്തെ കലാപത്തിനും മെയ്തെയ്-കുക്കി വംശീയതയുടെ പക നിറഞ്ഞ പശ്ചാത്തലമുണ്ടായിരിക്കാം. പക്ഷേ, മെയ്തെയ്കൾ എന്തുകൊണ്ടാണ് തങ്ങളുടെ വംശത്തിൽ പെട്ട ക്രൈസ്തവരെ ആക്രമിക്കുകയും അവരുടെ വീടുകളും സ്ഥാപനങ്ങളും പള്ളികളും തകർക്കുകയും ചെയ്തത് എന്നതിന് ബിജെപിയാണ് മറുപടി പറയേണ്ടത്.
ക്രൂരമായ കൊലപാതകങ്ങൾ, പരസ്യ മാനഭംഗങ്ങൾ, 21 മാസമായിട്ടും തുടരുന്ന സർക്കാർ നിഷ്ക്രിയത്വം, മുഖ്യമന്ത്രിയുടെ സംശയകരമായ നിലപാട്, പ്രധാനമന്ത്രിയുടെ നിഗൂഢ നിശബ്ദത, പോലീസിന്റെ ആയുധപ്പുരകളിൽ തീവ്രവാദികൾ നടത്തിയ കൊള്ള...; നിരവധി കാരണങ്ങളാൽ 2023 മേയ് മൂന്നിനു പൊട്ടിപ്പുറപ്പെട്ട കലാപം സമാനതകളില്ലാത്തതാണ്.
അതിന്റെ പ്രധാന തടസങ്ങളിലൊന്നു മാത്രമാണ് ബിരേൻ സിംഗിന്റെ രാജിയിലൂടെ ഒഴിവായത്. വർഗീയ, വിഭാഗീയ ചിന്തകൾ ഉള്ളിലൊളിപ്പിക്കുന്നവർ അധികാരത്തിലെത്തിയാൽ, ലക്ഷ്യപ്രാപ്തിക്കായി സർക്കാർ സംവിധാനങ്ങളെ എത്രത്തോളം ദുരുപയോഗിക്കുമെന്നതിന്റെ ഹീനമായ ദൃഷ്ടാന്തങ്ങളിലൊന്നാണ് ബിരേൻ സിംഗ്.
പകരം മുഖ്യമന്ത്രിയാണോ രാഷ്ട്രപതി ഭരണമാണോ എന്നതല്ല ചോദ്യം, ലക്ഷ്യം സമാധാനമാണോ എന്നതാണ്. പന്ത് കേന്ദ്രത്തിന്റെ കോർട്ടിലാണ്.