ഡൽഹിയിലേത് ‘ഇന്ത്യ’ മുന്നണിയുടെ ആത്മഹത്യ
Monday, February 10, 2025 12:00 AM IST
‘ഇന്ത്യ’ മുന്നണിയുടെ വിജയസാധ്യതകളെ സ്വാർഥതാത്പര്യങ്ങൾക്കായി തകർത്തവർക്ക്
ഒരു കാര്യത്തിൽ ‘ആശ്വസി’ക്കാം; മുന്നണി നശിച്ചാലെന്ത്, ആളാകാൻ ശ്രമിച്ച മിത്രത്തെ
ഒതുക്കിയല്ലോ. അതേ, ശത്രുക്കൾ അകത്താണ്.
രാജ്യമാകെ സ്നേഹത്തിന്റെ കൂടുതൽ കടകൾ തുറക്കുമെന്നു പരസ്യം ചെയ്തിരുന്നവർ തലസ്ഥാനത്തെ കടയും പൂട്ടി. നിയമസഭയിലെ 70ൽ 48 സീറ്റും നേടി ബിജെപി ഡൽഹിയിൽ അധികാരം പിടിച്ചു. ആം ആദ്മി പാർട്ടിയും കോൺഗ്രസും ഒന്നിച്ചു നിന്നിരുന്നെങ്കിൽ ബിജെപി അധികാരത്തിലെത്തില്ലായിരുന്നെന്ന് വോട്ടിന്റെ കണക്കുകൾ തെളിയിക്കുന്നു. അധികാരമുപയോഗിച്ച്, ആം ആദ്മി പാർട്ടിയെയും കോൺഗ്രസിനെയും ‘ഇന്ത്യ’ മുന്നണിയെത്തന്നെയും കേന്ദ്രം നിരന്തരം ആക്രമിച്ചു പരിക്കേൽപ്പിച്ചിട്ടുണ്ടാകാം. പക്ഷേ, ഡൽഹിയിലേതു കൊലപാതകമല്ല, ആത്മഹത്യയാണ്. ‘ഇന്ത്യ’ മുന്നണി രാജ്യമാകെ ദുഃഖാചരണം നടത്തേണ്ട രാഷ്ട്രീയനഷ്ടം.
ബിജെപി 48 സീറ്റ് നേടിയപ്പോൾ ഭരണകക്ഷിയായ എഎപി (ആം ആദ്മി പാർട്ടി)ക്ക് 22 സീറ്റാണു ലഭിച്ചത്. 1998 മുതൽ മൂന്നുവട്ടം ഡൽഹി ഭരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഒരു സീറ്റുപോലുമില്ല. പക്ഷേ, ഒപ്പം നിർത്തേണ്ട പാർട്ടിയെ തോൽപ്പിച്ചു. കഴിഞ്ഞ തവണത്തെ എട്ടു സീറ്റിൽനിന്ന് 48 സീറ്റിലേക്ക് ബിജെപി കുതിച്ചെത്തി. ആം ആദ്മി പാർട്ടിയുടെ പരമോന്നത നേതാവ് കേജരിവാളിനെയും വീഴ്ത്തിക്കൊണ്ടാണ് ബിജെപി ‘പണി’ തീർത്തത്. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഭിമാനിക്കാം. ഇനി ഡൽഹിയിൽ തടസങ്ങളില്ലാത്ത ഇരട്ട എൻജിൻ സർക്കാരുണ്ടാകുമെന്നു പ്രതീക്ഷിക്കാം.
ഈ തെരഞ്ഞെടുപ്പിന്റെ വിജയപരാജയങ്ങൾ ഡൽഹിയിലൊതുങ്ങുന്നതല്ല. അത്, കന്യാകുമാരി മുതൽ കാഷ്മീർ വരെയുള്ള സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെയും ‘ഇന്ത്യ’എന്ന പ്രതിപക്ഷമുന്നണിയുടെ ആത്മഹത്യാപരമായ തമ്മിലടിയെയും വീണ്ടും പ്രദർശിപ്പിച്ചിരിക്കുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും മഹാരാഷ്ട്രയിലും ഹരിയാനയിലുമൊക്കെ പാർട്ടികൾക്കുള്ളിലും പാർട്ടികൾ തമ്മിലും നടത്തിയ അടിയുടെ തുടർച്ചയാണിത്. തങ്ങൾ വിചാരിച്ചാലും പ്രതിപക്ഷമുന്നണിയെ അധികാരത്തിലെത്തിക്കാൻ എളുപ്പമല്ലെന്നു ജനങ്ങളും തിരിച്ചറിയുകയാണ്.
ഡൽഹിയിലേക്കു തിരിച്ചുവന്നാൽ, ‘ഇന്ത്യ’ മുന്നണിയിലെ കക്ഷികളായ എഎപിയും കോൺഗ്രസും ഒറ്റയ്ക്ക് ആളാകാൻ ശ്രമിച്ച്, ഒന്നിച്ചു നശിച്ചതെങ്ങനെയെന്നും കാണാം. 2013ൽ കോൺഗ്രസിന്റെ പിന്തുണയോടെ ആദ്യമായി അധികാരത്തിലെത്തിയ ആം ആദ്മി പാർട്ടി 2015ൽ തനിച്ച് 70ൽ 67സീറ്റുകളും നേടി രാജ്യത്തെ അന്പരപ്പിച്ചു. 2014 മുതൽ പാർലമെന്റിലും സാന്നിധ്യമറിയിച്ചു. 2020ൽ 62 സീറ്റുകളുമായി ഡൽഹിയിൽ തുടർഭരണം നേടി.
കോൺഗ്രസിനെയും ബിജെപിയും തോൽപ്പിച്ച് 2022ൽ പഞ്ചാബിലും അധികാരത്തിലെത്തുകയും ദേശീയ പാർട്ടി പദവി ലഭിക്കുകയും ചെയ്തതോടെ എഎപിയുടെ ആത്മവിശ്വാസം അഹങ്കാരത്തിനു വഴിമാറി. ആ വളർച്ച തങ്ങൾക്കും ഭീഷണിയായെന്നു തോന്നിയതോടെ ഗവർണറെയും അന്വേഷണ ഏജൻസികളെയും ബിജെപി ഉപയോഗിച്ചു. കേജരിവാൾ അകത്തായി. ലോക്സഭാ തെരഞ്ഞെടുപ്പിൽ എഎപി-കോൺഗ്രസ് സഖ്യം അന്പേ പരാജയപ്പെട്ടു. പക്ഷേ, നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഘടന മറ്റൊന്നാണെന്ന് ഇരുകൂട്ടരും മറന്നു.
കോൺഗ്രസുമായുള്ള സഖ്യം ലോക്സഭാ തെരഞ്ഞെടുപ്പിൽ മാത്രമാണെന്നും നിയമസഭയിൽ തനിച്ചു മത്സരിക്കുമെന്നും കേജരിവാൾ പ്രഖ്യാപിച്ചു. തനിച്ചു മത്സരിക്കുമെന്നു പ്രഖ്യാപിച്ചുകൊണ്ട്, കേജരിവാളിനെതിരേ ബിജെപി ഉന്നയിച്ച അഴിമതിയാരോപണങ്ങൾ ഏറ്റെടുത്ത് കോൺഗ്രസും ആഞ്ഞടിച്ചതോടെ എഎപിയെയും ജയിക്കാനിടയില്ലാത്ത കോൺഗ്രസിനെയും വിട്ട് നിരവധിപ്പേർ ബിജെപിക്കു വോട്ട് ചെയ്തു. സഖ്യമുണ്ടായിരുന്നെങ്കിൽ എഎപിയുടെ അധികാരനഷ്ടവും കേജരിവാളിന്റെ തോൽവിയും ഒഴിവാകുമായിരുന്നെന്നാണ് വോട്ടുനില സൂചിപ്പിക്കുന്നത്.
ബിജെപി ജയിച്ചെങ്കിലും എഎപിയുടെ കണ്ണീരു കണ്ട സന്തോഷത്തിലാണ് കോൺഗ്രസ്.
എഎപിയുമായി ചേർന്നുള്ള രാഷ്ട്രീയം ഡൽഹിയിൽ തങ്ങളുടെ അസ്തിത്വം ഇല്ലാതാക്കുമെന്ന കോൺഗ്രസിന്റെ കണക്കുകൂട്ടലിൽ കാര്യമുണ്ടായിരിക്കാം. പക്ഷേ, ആ തീരുമാനം താത്കാലിക ലാഭംപോലും ഉണ്ടാക്കിയില്ലെന്നു മാത്രമല്ല ദീർഘകാല നഷ്ടങ്ങളുമുണ്ടാക്കി. ഒന്ന്, എഎപിയുടെയും കോൺഗ്രസിന്റെയും പൊതുശത്രുവായ ബിജെപി കാൽ നൂറ്റാണ്ടിനുശേഷം ഡൽഹി പിടിച്ചു. പതിവുപോലെ ഇനിയുള്ള അഞ്ചു വർഷം പ്രതിപക്ഷ മുക്ത ഡൽഹിക്കു ബിജെപി ശ്രമിക്കും.
കേജരിവാൾ ഉൾപ്പെടെ എഎപി നേതാക്കൾ പ്രതികളായ മദ്യക്കേസും മുഖ്യമന്ത്രിയുടെ വസതിനിർമാണ അഴിമതിയാരോപണവുമൊക്കെ സജീവമാകും. രണ്ട്, എഎപിയുടെയും കോൺഗ്രസിന്റെയും പരാജയം ‘ഇന്ത്യ’ മുന്നണിയുടേതായി മാറി. ഈ വിള്ളൽ എളുപ്പം പരിഹരിക്കാനാവില്ല. എഎപിക്കെതിരേ പ്രചാരണത്തിന് ‘ഇന്ത്യ’ മുന്നണിയുടെ നായകൻ രാഹുൽ ഗാന്ധിയും ഉണ്ടായിരുന്നു. ഈ അനൈക്യമുന്നണിക്ക് മോദിയെ നേരിടാൻ കെൽപ്പില്ലെന്ന ബിജെപി വാദത്തിനു സാധൂകരണവുമായി.
ദേശീയതലത്തിൽ മുന്നണിയുടെ ആത്മവിശ്വാസം കെട്ടതിന്റെ ലക്ഷണം “ഇനിയുമിനിയും പോരടിച്ച് പരസ്പരം നശിപ്പിക്കൂ” എന്ന, ജമ്മു-കാഷ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയുടെ പ്രതികരണത്തിലുണ്ട്. ആവർത്തിക്കുന്ന തോൽവികളല്ല, ദീർഘവീഷണമില്ലായ്മയും ദുർബലമായ നേതൃത്വവുമാണ് കോൺഗ്രസിന്റെ ശാപം. സ്നേഹത്തിന്റെ കടകളൊക്കെ രാജ്യത്തിന് ആവശ്യമാണ്. പക്ഷേ, രാഷ്ട്രീയം അതിലൊതുങ്ങുന്നതല്ലല്ലോ.
‘ഇന്ത്യ’ മുന്നണിയുടെ വിജയസാധ്യതകളെ സ്വാർഥതാത്പര്യങ്ങൾക്കായി തകർത്തവർക്ക് ഒരു കാര്യത്തിൽ ‘ആശ്വസി’ക്കാം; മുന്നണി നശിച്ചാലെന്ത്, ആളാകാൻ ശ്രമിച്ച മിത്രത്തെ ഒതുക്കിയല്ലോ. അതേ, ഡൽഹിയും മുന്നറിപ്പു കൊടുത്തിരിക്കുന്നു, ശത്രുക്കൾ അകത്താണ്. മോദിയും ഇന്ത്യയും തിരിച്ചറിഞ്ഞ യാഥാർഥ്യം, പ്രതിപക്ഷമുന്നണി ഇനിയെങ്കിലും തിരിച്ചറിയണം, ബിജെപിയുടെ കരുത്ത് മോദിയല്ല, ‘ഇന്ത്യ’യാണ്. അതുകൊണ്ടാണ് കോൺഗ്രസ് മുക്ത ഭാരതമെന്ന് മോദി ഇപ്പോൾ പറയാത്തത്.
വർഗീയ ധ്രുവീകരണത്തിന്റെയും അധികാര ദുർവിനിയോഗത്തിന്റെയും അഴിമതിയുടെയും ന്യൂനപക്ഷ വിരുദ്ധതയുടെയും ജനാധിപത്യ ധ്വംസനത്തിന്റെയുമൊക്കെ സാധ്യതകളെ ചെറുക്കാൻ കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ഭരണം മാറിവരുന്നത് ജനാധിപത്യത്തിന്റെ സ്വയംചികിത്സയാണ്. അതുകൊണ്ടു മാത്രമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനം ‘ഇന്ത്യ’ മുന്നണിക്ക് ഇത്രയും സീറ്റുകൾ നൽകിയത്.
വോട്ടെടുപ്പിലെ തിരിമറികളും കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നതും കള്ളക്കേസുകളുമൊക്കെ ശരിയോ തെറ്റോ ആകാം. പക്ഷേ, ഇന്ത്യ മുന്നണി കേരളത്തിലുൾപ്പെടെ പാന്പുകളുടെയും പഴുതാരകളുടെയും കൂടാരമാണെന്നത് ശരി മാത്രമാണ്. പ്രതിപക്ഷ നേതൃസ്ഥാനത്തെത്താൻ കോൺഗ്രസിനു കഴിവുണ്ടായിരിക്കാമെങ്കിലും ഈ നിമിഷം വരെ അതു തെളിയിച്ചിട്ടില്ല. തോറ്റതുകൊണ്ട് സമയമുണ്ട്; നിങ്ങൾ പോയി സ്നേഹത്തിന്റെ കട ആദ്യം സ്വന്തം തല്ലുമാലച്ചന്തയിൽ തുടങ്ങ്.