രാഷ്ട്രീയവയലിൽ വിളഞ്ഞ പാതിവിലത്തട്ടിപ്പ്
Friday, February 7, 2025 12:00 AM IST
പാതിവിലത്തട്ടിപ്പുകാരൻ പിടിയിലായെങ്കിലും കഥ തുടരും... കരുതിയിരിക്കൂ, അവിശ്വസനീയ വാഗ്ദാനങ്ങളുമായി അടുത്തയാൾ വരും.
കൊള്ളക്കാരുടെ ചൂണ്ടയിലെ ഒരു ഇരയിൽക്കൂടി കേരളം കൊത്തി. പകുതി വിലയ്ക്കു സ്കൂട്ടറും തയ്യൽ മെഷീനും ലാപ്ടോപ്പുമൊക്കെ തരാമെന്നു പറഞ്ഞവർ കൊണ്ടുപോയ തുക 1000 കോടി കവിഞ്ഞു. അറിഞ്ഞോ അറിയാതെയോ രാഷ്ട്രീയക്കാരും തട്ടിപ്പുകാരുടെ പ്രചാരകരായതോടെ സാധാരണക്കാർ വിശ്വസിച്ചുപോയി. സംഭവത്തില്‍ നാഷണല്‍ എന്‍ജിഒ ഫെഡറേഷന് ദേശീയ കോ-ഓര്‍ഡിനേറ്റര്‍ എന്നവകാശപ്പെട്ടിരുന്ന തൊടുപുഴക്കാരൻ അനന്തു കൃഷ്ണൻ അറസ്റ്റിലായി. എന്തു കാര്യം? പോയതിൽ എന്തെങ്കിലും കിട്ടായാലായി.
പച്ചമലയാളത്തിൽ പറഞ്ഞാൽ, ഒരു സാന്പത്തിക കുറ്റവാളി രണ്ടു കൊല്ലം അഴിഞ്ഞാടിയിട്ടും നമ്മുടെ സർക്കാർ-പോലീസ്-നിയമ സംവിധാനങ്ങൾ നോക്കുകുത്തിയായിപ്പോയി. അതൊക്കെ അത്രയേയുള്ളൂ. ജനം ജാഗ്രത പാലിക്കണം. അമിതലാഭം വേണ്ടെന്നും നെറ്റിയിലെ വിയർപ്പുകൊണ്ടേ അപ്പം ഭക്ഷിക്കൂ എന്നും തീരുമാനിച്ചാൽ കുറ്റവാളികളെ കുറച്ചെങ്കിലും അകറ്റിനിർത്താം. കരുതിയിരിക്കൂ, അവിശ്വസനീയ വാഗ്ദാനങ്ങളുമായി അടുത്തയാൾ വരുന്നുണ്ട്.
മൂവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്മെന്റ് സൊസൈറ്റിയുടെ പേരിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പു നടന്നത്. പാതിവിലയ്ക്കു വാഗ്ദാനം ചെയ്ത വാഹനങ്ങളും മറ്റും ആദ്യം കുറച്ചുപേർക്കു കൊടുത്തു. അതൊരു ചൂണ്ടയായിരുന്നു. പത്താം ക്ലാസിൽ കൂൺകൃഷിക്കു ക്ലാസെടുത്തു കളത്തിലിറങ്ങിയ അനന്തു, തട്ടിപ്പിന്റെ അനന്തസാധ്യതകളെ ആവോളം ഉപയോഗിച്ചു. 30 കൊല്ലം മുന്‍പ് ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പിൽ കുടുങ്ങിയ മലയാളിയെ അമിതലാഭം പറഞ്ഞാൽ അനായാസം വീഴ്ത്താമെന്ന് അയാൾക്കറിയാമായിരുന്നു.
പിന്നെ, നാട്ടിലെ രാഷ്ട്രീയക്കാരെയും മറ്റു പ്രമാണികളെയും മുന്നിൽ നിർത്തിയാൽ അണിചേരാൻ ആളുണ്ടാകുമെന്ന ലളിത മനഃശസ്ത്രവും ഉപയോഗിച്ചു. എറണാകുളം ജില്ലയില്‍ മാത്രം അനന്തുവിനെതിരേ 5000ത്തിലധികം പരാതികള്‍. കണ്ണൂർ ജില്ലയിൽ 2500ലേറെ പരാതികൾ, ആലപ്പുഴയിൽ 750, കോട്ടയത്തും ഇടുക്കിയിലും ആയിരങ്ങളുടെ പണം പോയെന്നാണ് ആദ്യ സൂചനകൾ. കണക്കു വരുന്നതേയുള്ളൂ.
സാധാരണക്കാരായ പാവങ്ങളെ പറ്റിക്കുന്നതിനു മുന്‍പ് അനന്തു എന്ന പാതിവിലത്തട്ടിപ്പുകാരൻ പ്രധാനമന്ത്രി മുതൽ പഞ്ചായത്ത് മെംബർ വരെയുള്ളവരെ തന്ത്രപരമായി ഉപയോഗിച്ചു. സാധാരണക്കാർക്ക് അപ്രാപ്യമായ ഉന്നത രാഷ്ട്രീയകോട്ടകളിലേക്കുള്ള കുറുക്കുവഴി കണ്ടുപിടിക്കാൻ തട്ടിപ്പുകാർക്ക് ഒട്ടും പ്രയാസമില്ല. 2024 ഫെബ്രുവരിയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച.
ഇതിനു വഴിയൊരുക്കിയെന്നു കരുതുന്ന സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിനെതിരേയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയെ കാണാനുള്ള പാസ് അനന്തു സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. പരിചയപ്പെടുന്നവരുടെയൊക്കെ ചരിത്രമന്വേഷിക്കാൻ പ്രധാനമന്ത്രിയെപ്പോലുള്ളവർക്കു സാധിക്കില്ല. ഇടതു-വലതു വ്യത്യാസമില്ലാതെ നിരവധി പാർട്ടി നേതാക്കളെ അയാൾ വീഴ്ത്തി. തട്ടിപ്പുകാരനാണെന്ന് അറിഞ്ഞുകൊണ്ടായിരിക്കില്ല അവരെല്ലാം കെണിയിൽ വീണത്.
പക്ഷേ, ഈ ഭീമാകാര കൊള്ളയ്ക്ക് ആ ബന്ധങ്ങൾ അയാൾ ഉപയോഗിച്ചു എന്നതു യാഥാർഥ്യമാണ്. അതുകൊണ്ട്, അന്വേഷണം എല്ലാ തലത്തിലേക്കും നീളണം. ഏതെങ്കിലും രാഷ്ട്രീയക്കാരോ ഉദ്യോഗസ്ഥരോ സംഘടനകളോ അനന്തുവിന്റെ കൊള്ളമുതൽ പങ്കുവച്ചിട്ടുണ്ടെങ്കിൽ അതും കണ്ടുകെട്ടണം. കെണിയിലായതിലേറെയും പാവങ്ങളാണ്. അവരിലേറെപ്പേരുടേതും അത്യാർത്തിയല്ല, ചെറിയ സ്വപ്നങ്ങളെങ്കിലും യാഥാർഥ്യമാക്കാനുള്ള തത്രപ്പാടായിരുന്നു. ആ പണം അനന്തുവിന്റെ അക്കൗണ്ടിൽ മാത്രമാണോ എത്തിയിട്ടുള്ളതെന്നും അറിയണം.
ആരും പുതിയ കേസുകൾ കൊടുക്കരുതെന്നും ജയിലിൽനിന്നു വന്നാൽ സ്കൂട്ടർ വിതരണം നടത്തുമെന്നുമാണ് ഇതിനിടെ അനന്തു പുറത്തിറക്കിയ ശബ്ദസന്ദേശത്തിൽ പറയുന്നത്. കേസുകൾ കുറയ്ക്കാനും തട്ടിപ്പ് തുടരാനുമാണ് ശ്രമിക്കുന്നതെന്നു ചുരുക്കം. പാതിവില, പണം ഇരട്ടിപ്പ്, എളുപ്പം വായ്പ, അമിത പലിശ, ഓൺലൈൻ തട്ടിപ്പുകൾ... ഇതൊന്നും തടയാൻ ഈ നിമിഷം വരെ സർക്കാരുകൾക്കു കഴിഞ്ഞിട്ടില്ല. അത്തരം കെണികളിൽ വീഴാതിരിക്കാൻ ജനത്തിനും കഴിഞ്ഞിട്ടില്ല.
ഇനിയിപ്പോൾ അന്വേഷണ കോലാഹലങ്ങളുണ്ടാകും. പക്ഷേ, ചരിത്രം പറയുന്നത്, ഇത്തരം കേസുകളിൽ കളവുമുതൽ തിരിച്ചുകിട്ടുന്നത് അപൂർവമാണെന്നാണ്. നഷ്ടപ്പെട്ട പണം കഴിയുന്നത്ര തിരിച്ചുപിടിക്കുമെന്നു സർക്കാർ തീരുമാനിക്കണം. അമിതലാഭത്തിന്റെ വാഗ്ദാനങ്ങളെ സംശയത്തോടെ വീക്ഷിക്കാൻ ജനവും പഠിക്കണം. ഈ തട്ടിപ്പ് വിതച്ചതും കൊയ്തതും രാഷ്ട്രീയ നിലങ്ങളിലാണെന്നതും മറക്കരുത്.