സർക്കാരിനെ ചുമക്കുന്നവർക്ക് ടോളിന്റെ ചാട്ടയടിയും
Thursday, February 6, 2025 12:00 AM IST
സർക്കാരിന്റെ പിരിവുകൊണ്ടു മുടിഞ്ഞ ജനത്തെ കിഫ്ബിയെന്ന സമാന്തര ചുങ്കക്കാർക്കു വിട്ടുകൊടുക്കരുത്.
ഈ സർക്കാരിനെ ചുമന്നു വീഴാറായ ജനത്തിനു പുതിയ ചാട്ടവാറൊരുങ്ങുന്നു; കിഫ്ബി ടോൾ! ഭൂനികുതിയും കെട്ടിടനികുതിയും സേവനനികുതികളും വൈദ്യുതി-വെള്ളം നിരക്കുകളുമുൾപ്പെടെ എല്ലാം അങ്ങേയറ്റമാക്കിയശേഷം പുതിയ പിരിവിനുവേണ്ടി നടത്തിയ ഗവേഷണത്തിനൊടുവിലാണ് കിഫ്ബി പാതകളിലെ ചുങ്കം പിരിവിന്റെ സാധ്യത കണ്ടെത്തിയത്.
ഗതികേടുകൊണ്ടാകാം; പക്ഷേ, പിഴിഞ്ഞു പിഴിഞ്ഞു ചണ്ടിയാക്കിയ ജനങ്ങളിൽനിന്നാണ് ഇതും പിഴിയേണ്ടതെന്നു മറന്നു. ഇങ്ങനെ എത്രകാലം മുന്നോട്ടു പോകും? അധികാരശീതളിമയിൽ മുഖം പൂഴ്ത്തിയിരിക്കുന്ന എൽഡിഎഫിലെ അലസകക്ഷികളും വായ തുറക്കണം. റോഡുകളിലെ ടോൾപിരിവ് പുതിയ കാര്യമല്ല.
ദേശീയ-സംസ്ഥാന പാതകളുടെ വികസനത്തിന്റെ ക്രെഡിറ്റ് സർക്കാരുകൾ ഏറ്റെടുക്കുകയും അതേസമയം, റോഡ് പണിത അഥോറിറ്റിക്കോ സ്വകാര്യ സ്ഥാപനങ്ങൾക്കോ വാഹന ഉടമകളിൽനിന്നു കാശു വാങ്ങാനുള്ള അവകാശം കൊടുക്കുകയും ചെയ്യുന്ന സ്ഥിതി രാജ്യത്തൊട്ടാകെയുണ്ട്. മുടക്കുമുതലും പലിശയും തിരിച്ചുകിട്ടിയാലും പിരിവ് നിർത്താറുമില്ല.
ദേശീയപാതകളിലെ ടോൾപിരിവിനു പുറമേയാണ് ഇപ്പോൾ കിഫ്ബി പാതകൾക്കും ചുങ്കം പിരിക്കാനൊരുങ്ങുന്നത്. പിരിക്കും, ഇല്ല... പിരിക്കും, ഇല്ല... എന്നു മാറ്റിപ്പറഞ്ഞിരുന്നവർ ഇപ്പോൾ പിരിക്കുമെന്ന് ഏതാണ്ടു സ്ഥിരപ്പെടുത്തിയിട്ടുണ്ട്. ഇന്ധനസെസും വാഹനനികുതിയുടെ പകുതിയും കൈക്കലാക്കുന്ന കിഫ്ബിയാണ്, അങ്ങനെ പണിത റോഡുകളിൽ വാഹനമോടിക്കാൻ അതേ നികുതിദായകരോട് വീണ്ടും പിരിവിനിറങ്ങുന്നത്.
കിഫ്ബിക്കുവേണ്ടി ടോൾ പിരിക്കില്ലെന്ന് ഒന്നാം പിണറായി സർക്കാർ പറഞ്ഞതും മറന്നേക്കുക. നിയമഭേദഗതിയോ ഓർഡിനൻസോ കൊണ്ടുവരാൻ നീക്കം തുടങ്ങിക്കഴിഞ്ഞു. ടോൾ ബൂത്തിനു പകരം നിർമിതബുദ്ധി ആയതിനാൽ വാഹനത്തിലുള്ളവർ അറിയുന്നതിനു മുന്പ് കാശ് പോയിക്കൊള്ളും. ശസ്ത്രക്രിയ ഇല്ലാതെ വൃക്കയെടുക്കുന്ന വിദ്യയെന്നു വേണമെങ്കിൽ പറയാം.
ദേശീയപാതകളിലേതുപോലെ, അറുപത് കിലോമീറ്ററിന് ഒരു ടോൾ എന്നതായിരിക്കും മാനദണ്ഡം. കിഫ്ബി ഫണ്ടിൽനിന്ന് 50 കോടിയിൽ കൂടുതൽ രൂപ ചെലവഴിച്ച റോഡുകളിലാണ് പിരിവെങ്കിൽ അത്തരം 150 റോഡുകളുണ്ട്. അതായത്, ഏതു റോഡിലിറങ്ങിയാലും നികുതി കൊടുക്കേണ്ട സ്ഥിതി.
അന്തർദേശീയ മാർക്കറ്റിൽ ഇന്ധനവില കൂടിയാലും കുറഞ്ഞാലും കൂടിയ വിലയ്ക്ക് ഇന്ധനമടിക്കാൻ ജനത്തെ പഠിപ്പിച്ചതു മോദി സർക്കാരാണ്. ദേശീയപാതകളിലെല്ലാം സഞ്ചാരത്തിനു വാടകയും ഈടാക്കി.
ഇന്ധനവിലയും വാഹനനികുതിയും സെസുകളും വാഹനത്തിന്റെ തേയ്മാനവുമൊക്കെ കണക്കിലെടുത്താൽ നഷ്ടമാണെങ്കിലും മറ്റു പല സൗകര്യങ്ങളുമോർത്താണ് മധ്യവർഗം സ്വന്തമായൊരു വാഹനമെന്ന സ്വപ്നം കൈവിടാത്തത്. ഇനിയിപ്പോൾ വാഹനം വീട്ടിലിട്ട് പൊതുഗതാഗതത്തെ ആശ്രയിക്കാമെന്നു വച്ചാലും അധികനികുതിയുടെ പേരിൽ ബസ് ചാർജും വർധിപ്പിക്കും. ചരക്കുവാഹനച്ചെലവും വർധിക്കുന്നതോടെ, അവശ്യസാധനങ്ങളുടെ വിലയും വർധിക്കും.
സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതം കുറച്ചതും കിഫ്ബിക്കുവേണ്ടിയുള്ള കടമെടുപ്പ്, സംസ്ഥാനത്തിന്റെ പൊതുകടമെടുപ്പു പരിധിയിൽ പെടുത്തിയതുമാണ് പുതിയ വരുമാനമാർഗം തേടാൻ കാരണമെന്നാണ് സർക്കാർ പറയുന്നത്. അതിലും കാര്യമുണ്ട്. പക്ഷേ, ഇതു മാത്രമല്ല; ഏതൊരു സാന്പത്തിക പ്രതിസന്ധിയെയും അതിജീവിക്കാൻ സർക്കാരിന് ആകെ അറിയാവുന്ന ഒരു കാര്യം, കടമെടുക്കുക അല്ലെങ്കിൽ നികുതി പിരിക്കുക എന്നതായി.
മറ്റു പ്രഖ്യാപനങ്ങൾ ദേശീയ-അന്തർദേശീയ സമ്മേളനങ്ങൾക്കും കെട്ടുകാഴ്ചകൾക്കും അപ്പുറം പോകാറില്ല. കിഫ്ബിയുടെ ടോൾപിരിവ് അനുവദിക്കില്ലെന്നാണ് പ്രതിപക്ഷം പ്രഖ്യാപിച്ചിരിക്കുന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് ഇന്ധനവില ഒരു രൂപ കൂട്ടിയപ്പോൾ കാളവണ്ടിസമരം നടത്തുകയും അധികാരത്തിലെത്തിയപ്പോൾ പെട്രോൾ-ഡീസൽ കൊള്ളയെയും പാചകവാതക സബ്സിഡി മുക്കലിനെയും രാഷ്ട്രനിർമാണത്തിന്റെയും കക്കൂസ് നിർമാണത്തിന്റെയും അക്കൗണ്ടിലെഴുതിച്ചേർക്കുകയും ചെയ്ത ബിജെപി കേരളത്തിലായതുകൊണ്ട് ടോളിനെ എതിർത്തേക്കാം.
കേന്ദ്രത്തിന്റെ ടോളുകൾക്കെതിരേ ഉജ്വലസമരങ്ങൾ നടത്തിയിട്ടുള്ള ഡിവൈഎഫ്ഐയുടെ കാര്യം തീരുമാനമായിട്ടില്ല. ഒരു കാര്യം ഉറപ്പാണ്. ഈ സർക്കാരിനെ തീറ്റിപ്പോറ്റാനാണ് ജനം പണിയെടുക്കുന്നത് എന്നു വന്നിരിക്കുന്നു. സാന്പത്തികസ്ഥിതി അത്ര പരിതാപകരമാണെങ്കിൽ പാർട്ടിക്കാരല്ലാത്ത സാന്പത്തിക വിദഗ്ധരോടും പ്രതിപക്ഷത്തോടും ആലോചിച്ച് പരിഹാരം കാണണം. സർക്കാരിന്റെ പിരിവുകൊണ്ട് മുടിഞ്ഞ ജനത്തെ കിഫ്ബിയെന്ന സമാന്തര ചുങ്കക്കാർക്കു വിട്ടുകൊടുക്കരുത്.