സർക്കാർ കാണുന്നില്ലേ ഈ രക്തദാഹികളെ?
Wednesday, February 5, 2025 12:00 AM IST
സർക്കാരിനോടാണ്; പറ്റുമെങ്കിൽ കേരളത്തിന്റെ സമാധാനജീവിതം കെടുത്തിയ മയക്കുമരുന്നു ഗുണ്ടകളെ നിലയ്ക്കു നിർത്ത്. എന്നിട്ടുമതി, രാജ്യത്ത വിഴുങ്ങിയ വർഗീയതയും തീവ്രവാദവുമൊക്കെ ഇല്ലാതാക്കിക്കളയുമെന്ന വീന്പിളക്കൽ.
ഒരു മയക്കുമരുന്നുഭ്രാന്തൻ പോലീസ് ഉദ്യോഗസ്ഥനെ പരസ്യമായി ചവിട്ടിക്കൊന്ന കാഴ്ച കണ്ട് കേരളം മരവിച്ചിരിക്കുകയാണ്. മയക്കുമരുന്നടിമകളും ഗുണ്ടകളും സമാന്തര നാടുവാഴികളായെന്ന് സകലരും ചൂണ്ടിക്കാണിച്ചിട്ടും തടയാനാകാത്ത സർക്കാരിനെ നോക്കുകുത്തിയാക്കിയാണ് ആ പാതിരാക്കൊലപാതകം നടന്നത്.
മുക്കിനും മൂലയിലും കിട്ടുന്ന മയക്കുമരുന്നടിച്ച് തോന്നിയതൊക്കെ ചെയ്യുന്ന കൗമാരക്കാരെയും ആയുധങ്ങളുമായി നടക്കുന്ന ഗുണ്ടകളെയും കണ്ട് വഴിമാറി നടക്കുന്നതിനാലാണ് പലരും ജീവനോടെയിരിക്കുന്നത്. ഈ ചങ്കുകലക്കികളെ ഒതുക്കാനായില്ലെങ്കിൽ അധികാരികൾക്ക് എത്ര ചങ്കുണ്ടായിട്ടെന്താ?അപ്പനെ ചവിട്ടി പണി പഠിച്ചൊരുത്തനാണ് കോട്ടയം തെള്ളകത്ത് പോലീസുകാരനെ കൊന്നത്.
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ശ്യാം പ്രസാദിനെ, എംസി റോഡരികിലെ തട്ടുകടയ്ക്കു മുന്നിലിട്ട് ജിബിൻ ജോർജ് എന്ന സാമൂഹികദ്രോഹി ചവിട്ടിക്കൊല്ലുകയായിരുന്നു. ആ പോലീസുകാരന്റെ ശാന്തപ്രകൃതിയും സാന്പത്തിക പരിമിതികളുമൊക്കെ പ്രിയപ്പെട്ടവരുടെ വേദന വർധിപ്പിക്കുകയാണ്. നിരവധി കേസുകളില്‍ പ്രതിയായ ജിബിന്‍ എന്ന ഗുണ്ട കടയുടമയെയും സഹോദരനെയും മർദിച്ചപ്പോൾ ശ്യാം ഇടപെട്ടു.
അതോടെ അക്രമി ശ്യാമിനെ നിലത്തു വീഴ്ത്തി നെഞ്ചിൽ തുടരെ ചവിട്ടുകയായിരുന്നു. തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചിട്ടും ജീവൻ രക്ഷിക്കാനാവാത്തവിധം ക്രൂരമായിരുന്നു മർദനം. ഒപ്പമുണ്ടായിരുന്ന ഗുണ്ടകൾ തൊട്ടടുത്ത തട്ടുകടയിലുണ്ടായിരുന്നത്രേ. അതുവഴി കടന്നുപോയ കുമരകം പോലീസാണ് പ്രതിയെ ഓടിച്ചിട്ടു പിടിച്ചത്. പോലീസുകാർക്കും രക്ഷയില്ലാതായിടത്ത് സാധാരണക്കാർ എന്തു ചെയ്യും? ഇതു കോട്ടയത്തെ മാത്രം സ്ഥിതിയല്ല.
കേരളത്തിലെ ഏതാണ്ട് മുഴുവൻ പഞ്ചായത്തുകളും മയക്കുമരുന്നു കേന്ദ്രങ്ങളായി. നാട്ടുകാരെയോ വീട്ടുകാരെയോ മാനിക്കാത്ത ഈ ക്രിമിനലുകൾക്ക് എന്തും ചെയ്യാൻ മടിയില്ല. അവർ താവളങ്ങളാക്കിയ മൈതാനങ്ങളിലും വിജനസ്ഥലങ്ങളിലും ഇടവഴികളിലുമൊന്നും പട്ടാപ്പകൽ പോലും ആളുകൾക്ക് എത്താനാവില്ല.
2016 മുതൽ 2022 വരെയുള്ള കണക്കനുസരിച്ച്, ലഹരിക്കേസുകളിൽ സംസ്ഥാനത്ത് 360 ശതമാനം വർധനയുണ്ടായി. 2021ൽ 25,000 പേരാണ് ലഹരിക്കേസിൽ അറസ്റ്റിലായതെങ്കിൽ 2022ൽ അത് 27,545 ആയി. 2023ൽ അറസ്റ്റിലായവരുടെ എണ്ണം 30,000 കടന്നു. മദ്യനിർമാണ ശാലകളും വിതരണകേന്ദ്രങ്ങളും യഥേഷ്ടം അനുവദിച്ച് കാശുണ്ടാക്കാൻ തത്രപ്പെടുന്ന സർക്കാർ വരുത്തിവച്ച വിനയാണിത്.
മയക്കുമരുന്നുപയോഗിക്കുന്നതിലും കടത്തുന്നതിലും പെൺകുട്ടികളും പങ്കെടുക്കുന്നുണ്ട്. പ്രതിരോധ പദ്ധതികളെല്ലാം പാളി. മയക്കുമരുന്നിനെതിരേ കേരളം യുദ്ധം പ്രഖ്യാപിക്കേണ്ട സമയമായി. ആദ്യം അംഗീകരിക്കേണ്ടത്, കേരളത്തിലെ മയക്കുരുന്നു കുറ്റവാളികൾ പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ചതല്ല എന്ന യാഥാർഥ്യമാണ്.
രാഷ്ട്രീയക്കാരിലെയും പോലീസിലെയും വഴിപിഴച്ചവർ വെള്ളവും വളവും കൊടുത്തു വളർത്തിയതാണ് ഈ ദുരന്തം. ഇതു തടയണമെങ്കിൽ വിശ്വസ്തരും സത്യസന്ധരുമായ ഉദ്യോഗസ്ഥരെ ചുമതലയേൽപ്പിക്കണം. ഒരൊറ്റ പാർട്ടി നേതാക്കൾക്കും ഇടപെടാനോ രക്ഷിക്കാനോ ആവാത്തവിധം കുറ്റവാളികളെ പൂട്ടണം.
ആലപ്പുഴയിൽ ഒരു എംഎൽഎയുടെ മകൻ കഞ്ചാവ് കേസിൽ ഉൾപ്പെട്ട സംഭവത്തെ നിസാരവത്കരിച്ച് സാംസ്കാരിക മന്ത്രി നടത്തിയ പ്രസ്താവന ഞെട്ടലുളവാക്കുന്നതായിരുന്നു. മദ്യവും മയക്കുമരുന്നും ഉൾപ്പെടെയുള്ള ലഹരിക്കെതിരേ പ്രാഥമിക വിദ്യാഭ്യാസത്തിൽതന്നെ ബോധവത്കരണം ഉണ്ടാകണം. ഉത്തരവാദിത്വം മറന്ന മാതാപിതാക്കളെയും അധ്യാപകരെയും ആദ്യം പഠിപ്പിക്കണം.
ലോകം നന്നാക്കാൻ നടക്കുന്ന വിദ്യാർഥിസംഘടനകളിൽ എത്രപേർ മയക്കുമരുന്നടിക്കുന്നവരുണ്ടെന്ന് അന്വേഷിക്കുന്നതും നല്ലതാണ്. സർക്കാർ എന്തെടുക്കുകയാണെന്നു ചോദിക്കാതെ വയ്യ. മദ്യത്തിലും മയക്കുമരുന്നിലും ചോരയിലും മുങ്ങിയ തെരുവുകൾ നിങ്ങളുടെ സൃഷ്ടിയാണ്.
പറ്റുമെങ്കിൽ കേരളത്തിന്റെ സമാധാനജീവിതം കെടുത്തിയ മയക്കുമരുന്നു ഗുണ്ടകളെ നിലയ്ക്കു നിർത്ത്. എന്നിട്ടുമതി, രാജ്യത്ത വിഴുങ്ങിയ വർഗീയതയും തീവ്രവാദവുമൊക്കെ ഇല്ലാതാക്കിക്കളയുമെന്ന വീന്പിളക്കൽ. സ്ഥിതി അത്ര ഗുരുതരമാണ്.