പറവൂരിലെ പരദേശികൾ
Tuesday, February 4, 2025 12:00 AM IST
തീവ്രവാദ സാന്നിധ്യമുള്ള മുസ്ലിം രാജ്യങ്ങളിലെ അഭയാർഥികളെ സന്പന്ന മുസ്ലിം രാജ്യങ്ങൾപോലും പടികയറ്റാതിരിക്കുന്പോൾ സ്വന്തം സുരക്ഷ അപകടത്തിലാക്കി ജീവകാരുണ്യം നടത്താൻ ഇന്ത്യക്കു ബാധ്യതയില്ല.
അനധികൃത കുടിയേറ്റക്കാർ ലോകമെങ്ങും ചർച്ചയാകുകയും പുറന്തള്ളപ്പെടുകയും ചെയ്യുന്നതിനിടെയാണ് കേരളത്തിലും അത്തരക്കാർ പിടിയിലാകുന്നത്. പുതുവത്സരദിനത്തിനു തലേന്ന്, എറണാകുളം, വടക്കൻ പറവൂരിൽ ഒരു കെട്ടിടത്തിൽനിന്നുതന്നെ 27 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെയാണ് പിടികൂടിയത്.
അതിനുമുന്പ് പിടിയിലായ ബംഗ്ലാദേശി യുവതികൾ ഉൾപ്പെടെ ഒരു മാസത്തിനിടെ പിടിയിലായ ബംഗ്ലാദേശി പൗരന്മാരുടെ എണ്ണം 34 ആയി ഉയർന്നു. മിക്കവരുടെയും കൈയിൽ വ്യാജമോ യഥാർഥമോ ആയ ആധാർ കാർഡുകളുമുണ്ട്. അനധികൃത കുടിയേറ്റം പുതിയ സംഭവമല്ല. തൊഴിലിനുവേണ്ടി, അറുപതുകൾ മുതൽ നാടോടികളെപ്പോലെ കള്ളക്കപ്പൽ കയറിയവരിൽ മലയാളികളുമുണ്ട്.
പക്ഷേ, ഇന്നിപ്പോൾ ഒളിച്ചുകടത്തപ്പെടുന്ന തീവ്രവാദവും കുറ്റകൃത്യങ്ങളും അസമാധാനവും സാംസ്കാരിക അധിനിവേശങ്ങളുമൊക്കെ രാജ്യങ്ങളെ കർശന നിലപാടുകൾക്കു പ്രേരിപ്പിച്ചത് പുതിയ സംഭവവികാസമാണ്. അതിനെ അഭിസംബോധന ചെയ്യാതിരിക്കാൻ ഇന്ത്യക്കെന്നല്ല, ഒരു രാജ്യത്തിനുമാകില്ല.
കേരളത്തിലേക്കുള്ള അനധികൃത കുടിയേറ്റം കുറച്ചുകാലമായി രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷിച്ചുവരികയായിരുന്നു. പറവൂരിൽ പിടിയിലായ 50ൽ 27 പേരാണ് ബംഗ്ലാദേശികളെന്നു സ്ഥിരീകരിച്ചിട്ടുള്ളത്. അവർക്കു തീവ്രവാദബന്ധമുണ്ടോയെന്നു കണ്ടെത്തിയിട്ടില്ലെങ്കിലും പരിശോധന തുടരുകയാണ്.
എട്ടു വർഷമായി അനധികൃതമായി കഴിയുന്നവരും പിടിയിലായവരിലുണ്ട്. ഭരണ അട്ടിമറിക്കു മുന്പ്, ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമിക്കും അതിന്റെ വിദ്യാർഥിവിഭാഗമായ ഇസ്ലാമി ഛത്ര ഷിബിറിനും ഷെയ്ഖ് ഹസീന സർക്കാർ നിരോധനം ഏർപ്പെടുത്തിയതോടെ അവർ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയിട്ടുണ്ടാകാമെന്നാണ് രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്.
ബ്രിട്ടൻ, ഓസ്ട്രേലിയ, മലേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളും 2019ൽ ഇന്ത്യയും നിരോധിച്ച ഇസ്ലാമിക തീവ്രവാദ സംഘടന ജമാ അത്തുൽ മുജാഹിദീൻ ബംഗ്ലാദേശുമായി (ജെഎംബി) ബന്ധമുള്ളവർ കേരളത്തെ സുരക്ഷിത താവളമാക്കാൻ ശ്രമിക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
വിശപ്പും ദാരിദ്ര്യവുംകൊണ്ടാണ് ബംഗ്ലാദേശികൾ ഇന്ത്യയിലേക്ക് എത്തുന്നതെന്നും കേന്ദ്രസർക്കാർ അനധികൃത കുടിയേറ്റക്കാരോട് അനുകമ്പ കാണിക്കണമെന്നും കോൺഗ്രസ് നേതാവ് സാം പിട്രോഡ ആഹ്വാനം ചെയ്തിരുന്നു. അയൽരാജ്യങ്ങളിലെ പട്ടിണിയും ദാരിദ്ര്യവും പരിഹരിക്കേണ്ട ഉത്തരവാദിത്വം ഇന്ത്യക്കില്ല.
മാത്രമല്ല, വിശപ്പ് തീരുന്നതോടെ പുറത്തെടുക്കുന്ന മതമൗലികവാദമാണ് അനധികൃത കുടിയേറ്റത്തെ അടിയന്തരമായി കൈകാര്യം ചെയ്യാൻ ലോകരാജ്യങ്ങളെ പ്രേരിപ്പിച്ചതെന്നു പിട്രോഡ മറക്കരുത്. അമേരിക്കയും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുകയാണ്. അവരെ വിലങ്ങണിയിച്ചു മടക്കിയ ട്രംപിന്റെ മനുഷ്യവിരുദ്ധതയും അല്പത്തവും മറ്റൊരു വിഷയമാണ്.
7.25 ലക്ഷം അനധികൃത കുടിയേറ്റക്കാർ അമേരിക്കയിലുണ്ടെന്നാണ് പ്യു റിസർച്ച് സെന്ററിന്റെ കണക്ക്. മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യക്കാരുടെ കാര്യത്തിൽ മതതീവ്രവാദവും കുറ്റകൃത്യങ്ങളുമല്ല, തൊഴിലില്ലായ്മയും രാഷ്ട്രീയനേട്ടങ്ങളുമാണ് ട്രംപിന്റെ പ്രചോദനം. അനിവാര്യമായ സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
ഇന്ത്യയിലെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതിനൊപ്പം, മറ്റുള്ളവർ പുറത്താക്കുന്നവരെ ഘർവാപ്പസി നടത്തേണ്ടിയും വരും. 2016ൽ അന്നത്തെ ആഭ്യന്തര മന്ത്രി കിരൺ റിജിജു പാർലമെന്റിൽ പറഞ്ഞത്, ബംഗ്ലാദേശിൽനിന്നു മാത്രം രണ്ടു കോടി അനധികൃത കുടിയേറ്റക്കാർ ഇന്ത്യയിലെത്തിയിട്ടുണ്ടെന്നാണ്.
ഇതിനെ പിന്തുണയ്ക്കുന്ന രേഖകളൊന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സർക്കാരിന്റെ കണക്കുകളെ ആശ്രയിച്ചാൽ അതീവ ജാഗ്രത പുലർത്തേണ്ട സ്ഥിതിയാണ്. തിരിച്ചയയ്ക്കൽ പ്രക്രിയ അതീവ സങ്കീർണവുമാണ്. ഇന്ത്യയിലേക്കെത്തുന്ന അനധികൃത കുടിയേറ്റക്കാരിലേറെയും ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, മ്യാൻമർ എന്നിവിടങ്ങളിൽനിന്നാണ്. ഈ രാജ്യങ്ങളിലെല്ലാം ഇസ്ലാമിക തീവ്രവാദം പിടിമുറുക്കിയിട്ടുമുണ്ട്.
തീവ്രവാദം അവിടത്തെ ജനങ്ങളെ അഭയാർഥികളാക്കുന്പോൾ സംരക്ഷിക്കേണ്ട ചുമതല ഇന്ത്യക്കില്ല. 2001ൽ അമേരിക്കയിൽ അൽ-ക്വയ്ദ നടത്തിയ സെപ്റ്റംബർ 11 ആക്രമണവും 2011 മുതൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ വംശഹത്യകളും സിറിയൻ ആഭ്യന്തരയുദ്ധവുമൊക്കെ ലോകത്തെ തീവ്രവാദ ഭീഷണിയിലാക്കി.
അഭയാർഥികളായി കയറിക്കൂടിയവർ യൂറോപ്പിലാകമാനവും, സ്വതന്ത്രചിന്തയിലും മതേതരത്വത്തിലും അങ്ങേയറ്റത്തുള്ള ഫ്രാൻസിലും തീവ്രവാദ ആക്രമണങ്ങൾ നടത്തിയതോടെ ലോകത്തിനു മാറി ചിന്തിക്കേണ്ടിവന്നു. ഇസ്ലാമോഫോബിയ വാദം ചെലവാകുന്ന തുരുത്തുകൾ ഗണ്യമായി കുറഞ്ഞിട്ടുമുണ്ട്.
തീവ്രവാദ സാന്നിധ്യമുള്ള രാജ്യങ്ങളിലെ അഭയാർഥികളെ സന്പന്ന മുസ്ലിം രാജ്യങ്ങൾപോലും പടികയറ്റാതിരിക്കുന്പോൾ സുരക്ഷ അപകടത്തിലാക്കി ജീവകാരുണ്യം നടത്താൻ ഇന്ത്യക്കു ബാധ്യതയില്ല. അനധികൃത കുടിയേറ്റം ലോകത്തിന്റെ പുതിയ പ്രതിസന്ധിയായിട്ടുണ്ട്. അതിലെ തീവ്രവാദ ഘടകത്തെ വലതുപക്ഷ രാഷ്ട്രീയം നേട്ടങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടാകാം.
പക്ഷേ, അതുകൊണ്ടു പ്രശ്നത്തെ നിസാരവത്കരിക്കാനാകാത്ത സ്ഥിതിയാണ്. മയക്കുമരുന്നു കടത്ത്, കുറ്റകൃത്യങ്ങൾ, തീവ്രവാദം, തൊഴിലില്ലായ്മ, ഭക്ഷ്യക്ഷാമം, സാന്പത്തിക പ്രതിസന്ധി, ആരോഗ്യരംഗം തുടങ്ങിയ മേഖലകളിലൊക്കെ പ്രതികൂലഘടകമായിരിക്കുന്ന അനധികൃത കുടിയേറ്റത്തെ കണ്ടില്ലെന്നു നടിക്കാൻ കേരളത്തിനും ഇനി സാധ്യമല്ല. പറവൂരിലെ പരദേശികളുടെ ക്ഷേമത്തെക്കാൾ പ്രധാനം രാജ്യസുരക്ഷയാണ്.