വളരെ കുറച്ചുപേർ മാത്രം ഉൾപ്പെടുന്ന ഒരു പദ്ധതിയിൽ ഇത്തരം മനുഷ്യത്വരഹിതവും
നീതിരഹിതവുമായ ഒരു മാനദണ്ഡം നിശ്ചയിച്ചതുവഴി എന്തു വരുമാനവർധനയാണു സർക്കാർ ലക്ഷ്യമിടുന്നതെന്ന് വിലയിരുത്തിയാൽ നന്നായിരുന്നു. ഈ പദ്ധതിയിലും ഒരു വിവേചനം കാണിച്ചുവെന്നതും കാണാതിരിക്കരുത്.
സമൂഹത്തിൽ പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമായവരെ ചേർത്തുപിടിക്കുകയും അവരെ സഹായിക്കാൻ ഉദാരമനസ്കത കാട്ടുകയും ചെയ്യുക എന്നത് ഏതൊരു ജനകീയ സർക്കാരിന്റെയും പ്രഥമമായ കടമയാണ്. സുപ്രധാനമായ ഒരു മാനുഷിക പരിഗണനയുമാണത്. ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരും ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവരുമെല്ലാം ഇത്തരം പ്രത്യേക പരിഗണനയ്ക്ക് അർഹരാണ്. അവർ പലപ്പോഴും നിർണായക സ്വാധീനശക്തികളായവരോ വോട്ടുബാങ്കോ ആയിരിക്കില്ല.
എണ്ണത്തിൽ എത്ര നിസാരമാണെങ്കിലും അവരെ അവഗണിക്കാതെ സംരക്ഷിക്കാൻ ക്ഷേമരാഷ്ട്രം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ഏതൊരു സർക്കാരും മറന്നുകൂടാ. ഇത്തരം മനുഷ്യത്വപരമായ കാഴ്ചപ്പാടിനു വിരുദ്ധമായ ഒരു ഉത്തരവ് സംസ്ഥാന സർക്കാരിന്റെ ധനകാര്യ (പെൻഷൻ-ബി) വകുപ്പ് പുറത്തിറക്കുകയുണ്ടായി. സർക്കാർ ജീവനക്കാരുടെ മക്കളിൽ ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കു നൽകുന്ന കുടുംബ പെൻഷന് മാസം 5,000 രൂപയെന്ന വരുമാനപരിധി നിശ്ചയിച്ചതാണു ലജ്ജാവഹമായ ഈ നടപടി.
പെൻഷൻകാരായ സർക്കാർ ജീവനക്കാർ മരിച്ചാൽ അവരുടെ ഭാര്യ അല്ലെങ്കിൽ ഭർത്താവിനു ലഭിക്കുന്ന കുടുംബ പെൻഷൻ അവരുടെയും കാലശേഷം ഭിന്നശേഷിക്കാരോ മാനസിക വെല്ലുവിളികൾ നേരിടുന്നവരോ ആയ മക്കൾക്ക് തുടർന്നു ലഭിക്കുന്നതാണു പദ്ധതി. ഇത്തരം മക്കളുടെ വിവരങ്ങൾ ജീവനക്കാർ സർവീസ് ബുക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലാണു പദ്ധതിപ്രകാരം അവർക്ക് പെൻഷൻ തുടർന്നു ലഭിക്കുക.
ഇത്തരം കുടുംബ പെൻഷനുള്ള അർഹതയ്ക്കായി സമർപ്പിക്കേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റ് സംബന്ധിച്ച് അക്കൗണ്ടന്റ് ജനറൽ വ്യക്തത ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ മറവിലാണു വരുമാനപരിധി നിശ്ചയിച്ച് ധനവകുപ്പ് കണ്ണിൽ ചോരയില്ലാത്ത ഉത്തരവിറക്കിയത്. സാമൂഹ്യനീതി വകുപ്പ് നൽകുന്ന സ്ഥിരം സർട്ടിഫിക്കറ്റാണോ അതോ സിവിൽ സർജൻ നൽകുന്ന മൂന്നു വർഷത്തെ കാലാവധിയുള്ള മെഡിക്കൽ സർട്ടിഫിക്കറ്റാണോ കണക്കിലെടുക്കേണ്ടത് എന്നതുസംബന്ധിച്ച് വ്യക്തത വരുത്തണമെന്നാണ് അക്കൗണ്ടന്റ് ജനറൽ ആവശ്യപ്പെട്ടത്.
ഭിന്നശേഷിക്കാരായ മക്കളുടെ വരുമാനപരിധി വർഷം 60,000 രൂപ എന്നു നിശ്ചയിച്ചതുവഴി ഭൂരിഭാഗം പേരും പെൻഷൻ പദ്ധതിക്കു പുറത്താകാനാണു സാധ്യത. ദിവസം 166.60 രൂപ എന്ന തുച്ഛമായ വരുമാനപരിധി ഇവർക്കായി നിശ്ചയിച്ച ഉദ്യോഗസ്ഥമേധാവികളുടെ മാനസികനിലയാണു പരിശോധിക്കേണ്ടത്. വളരെ കുറച്ചുപേർ മാത്രം ഉൾപ്പെടുന്ന ഒരു പദ്ധതിയിൽ ഇത്തരം മനുഷ്യത്വരഹിതവും നീതിരഹിതവുമായ ഒരു മാനദണ്ഡം നിശ്ചയിച്ചതുവഴി എന്തു വരുമാനവർധനയാണു സർക്കാർ ലക്ഷ്യമിടുന്നതെന്ന് വിലയിരുത്തിയാൽ നന്നായിരുന്നു.
ഈ പദ്ധതിയിലും ഒരു വിവേചനം കാണിച്ചുവെന്നതും കാണാതിരിക്കരുത്. എംഎൽഎമാരുടെ കുടുംബ പെൻഷനിൽ ഇത്തരം ഭിന്നശേഷി -മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കു പെൻഷൻ ലഭിക്കാൻ വരുമാനപരിധി പുതുക്കി നിശ്ചയിച്ചതു ബാധകമല്ല. അവർക്ക് എത്ര വരുമാനമുണ്ടെങ്കിലും തുടർന്നും പെൻഷൻ ലഭിക്കും.
ഈ പദ്ധതിതന്നെ അവസാനിപ്പിക്കാനാണോ സർക്കാർ ലക്ഷ്യമിടുന്നത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, സാധാരണയായി ഇത്തരം മക്കളുടെ പേരിൽ സ്ഥിരനിക്ഷേപമായോ മറ്റു വരുമാനമാർഗമായോ എന്തെങ്കിലും സന്പാദിച്ചു നൽകാൻ ഏതാണ്ടെല്ലാ മാതാപിതാക്കളും ശ്രദ്ധിക്കാറുണ്ട്. സ്ഥിരവരുമാനമുള്ള സർക്കാർ ജീവനക്കാർ പ്രത്യേകിച്ച് താത്പര്യമെടുക്കുമെന്നതു യാഥാർഥ്യമാണ്. മാതാപിതാക്കൾ മരിച്ചാൽ അവരുടെ സംരക്ഷണച്ചുമതല ഏൽക്കുന്നവർക്ക് അവരൊരു ഭാരമാകരുത് എന്ന ദീർഘവീക്ഷണത്തോടെയാണു കുടുംബ പെൻഷനിൽ അവർക്കു പ്രത്യേക പരിഗണന നൽകിയത്.
എന്നാൽ, നിയമനിർമാണം നടത്തിയവരുടെ ഹൃദയവിശാലതയും സഹജീവി സ്നേഹവുമൊന്നും പിന്മുറക്കാർക്ക് ഇല്ലാതെപോകുന്നു എന്നുവേണം വിലയിരുത്താൻ. വകുപ്പ് മന്ത്രിയോ രാഷ്ട്രീയനേതൃത്വമോ ഒന്നും അറിഞ്ഞായിരിക്കണമെന്നില്ല ജോയിന്റ് സെക്രട്ടറി പുറപ്പെടുവിച്ചിരിക്കുന്ന ഈ ഉത്തരവ്.ഉദ്യോഗസ്ഥമേധാവികളെ സംബന്ധിച്ച് തീർത്തും നിസാരമായൊരു വിഷയമായിരിക്കാം.
എന്നാൽ, ഈ പെൻഷൻകൊണ്ടു ജീവിച്ചുപോരുന്ന ഒരാൾക്കെങ്കിലും പ്രയാസമുണ്ടായാൽ അത് പൊറുക്കാനാകാത്ത വീഴ്ചയാണ്. കാരണം തന്റേതല്ലാത്ത കാരണത്താൽ സാധാരണ ജീവിതം സാധ്യമാകാത്തവരുടെ കഞ്ഞിയിൽ മണ്ണിടുന്നതാണ് ഈ ഉത്തരവ്. ഇതുവഴി നിങ്ങൾ നൽകുന്ന സന്ദേശം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്നതാണ്.
സമൂഹത്തിന്റെയും സർക്കാരിന്റെയും കൈത്താങ്ങിൽ ജീവിക്കേണ്ടവരെ കൈവിടരുത്. ധനമന്ത്രി അറിഞ്ഞല്ല ഈ ഉത്തരവെങ്കിൽ അതു തിരുത്തിക്കാനുള്ള ആർജവം അദ്ദേഹം കാണിക്കണം. വേണ്ടത്ര ആലോചനയില്ലാതെയാണ് ഉദ്യോഗസ്ഥർ തീരുമാനമെടുത്തതെങ്കിൽ അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തണം. ഏറ്റവും ചെറിയ കാര്യങ്ങളിൽപ്പോലും മാനുഷികമുഖം നഷ്ടപ്പെടാൻ ഇടയാക്കരുത്.