സർക്കാരറിയണം, വിശപ്പാണു വിഷയം
Thursday, June 13, 2024 12:00 AM IST
പച്ചക്കറിക്കും മത്സ്യത്തിനും ഇറച്ചിക്കുമെല്ലാം ഒരുപോലെ വിലകൂടിയിരിക്കുന്നു. വിശപ്പാണ് വിഷയം. ജനങ്ങളുടെ വയറ്റിലെ തീ നിയമസഭയെ പൊള്ളിക്കുന്നില്ലെങ്കിൽ അതിനകത്തുള്ളവരെക്കൊണ്ട് എന്തു കാര്യം? സഹായിക്കാനൊരു സർക്കാരുണ്ടെന്നു ജനത്തിനു തോന്നുന്നില്ല; അത്ര ക്ഷാമമാണ് നാട്ടിൽ.
അവശ്യസാധനങ്ങളിൽ ഏതെങ്കിലും ഒന്നിനു വില കൂടിയാൽ പകരം ഉപയോഗിക്കാവുന്നവ വാങ്ങി പാചകത്തിനുപയോഗിച്ചിരുന്ന അതിജീവന തന്ത്രവും പൊളിഞ്ഞു. പച്ചക്കറിക്കും മീനിനും ഇറച്ചിക്കും ഒരുപോലെ വില കയറി. പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും അടുക്കള സമീപകാലത്തൊന്നും ഇതുപോലെ കാലിയായിട്ടില്ല.
വിലകുറച്ചു വാങ്ങാൻ സപ്ലൈകോയിലും ഒന്നുമില്ലാത്തതിനാൽ മഴക്കാലം പട്ടിണിക്കാലമായി. എന്തു തിന്നുമെന്നോ കുടിക്കുമെന്നോ ഓർത്തു വിഷമിക്കേണ്ടതില്ലാത്തതിനാലാവും ജനപ്രതിനിധികളും മന്ത്രിമാരും ഇതൊന്നും അറിഞ്ഞിട്ടുമില്ല.
മിക്ക പച്ചക്കറികൾക്കും വില ഇരട്ടിയെങ്കിലുമായി. പച്ചമുളക് 100-120, ബീൻസ് 100-120, തക്കാളി 80-100, ചേന 80-100, ചെറുനാരങ്ങ 120, കാരറ്റ് 70-80, ഇഞ്ചി 180-240 എന്നിങ്ങനെ കുതിക്കുകയാണ്. പല ജില്ലകളിലും വിലയിൽ വ്യത്യാസമുണ്ട്. പാവങ്ങളും ഇടത്തരക്കാരുമൊക്കെ ആശ്രയിച്ചിരുന്ന പച്ചക്കറിക്കിറ്റ് വിൽപ്പന പലരും നിർത്തി.
വിൽക്കുന്നവർ വില 100ൽനിന്നു 130ഉം 150മുക്കെയാക്കി. അളവ് കുറയ്ക്കുകയും ചെയ്തു. കടുത്ത വേനലിൽ കൃഷി നശിച്ചതും മഴ നേരത്തേ എത്തിയതും വിലക്കയറ്റത്തിനു കാരണമായിട്ടുണ്ട്. ഉത്പാദനം കുറഞ്ഞതിനാൽ അയൽസംസ്ഥാനങ്ങളിൽനിന്നുള്ള വരവും കുറഞ്ഞു. ഒരു മാസമായി വില ഉയർന്നുകൊണ്ടിരിക്കുകയാണെങ്കിലും സർക്കാർ അറിഞ്ഞ മട്ടില്ല. മിതമായ വിലയ്ക്കു ഭക്ഷണം വിറ്റിരുന്ന ഹോട്ടലുകളും തട്ടുകടകളുമൊക്കെ പ്രതിസന്ധിയിലാണ്.
സാന്പാറിൽ പച്ചക്കറി പേരിനു മാത്രമായി. നേരിയ വ്യത്യാസമുണ്ടെങ്കിലും ഹോട്ടികോർപ്പിന്റെ വിൽപ്പനശാലകളിലും പച്ചക്കറിവില വർധിച്ചു. വരുംദിവസങ്ങളിൽ വില വീണ്ടും ഉയരുമെന്നാണ് മൊത്തക്കച്ചവടക്കാർ നൽകുന്ന സൂചന. മഴക്കാലത്ത് പഴങ്ങൾക്കു വില കുറയാറുണ്ടെങ്കിലും ഇത്തവണ മറിച്ചാണ് സംഭവിച്ചത്.
പച്ചക്കറിക്കു വില കൂടുന്പോൾ കോഴിയിറച്ചിയെ ആശ്രയിച്ചിരുന്നവർക്കും രക്ഷയില്ല. ഏപ്രിൽ ആദ്യം കിലോയ്ക്ക് 135 രൂപയായിരുന്നത് ഇപ്പോൾ 180 ആയി. ഇറച്ചിയായി വാങ്ങിച്ചാൽ 260-270. കേരളാ ചിക്കൻ ഇറക്കി വിപണിവില നിയന്ത്രിക്കുമെന്ന സർക്കാർ വാഗ്ദാനവും പാഴായി. ജൂലൈ 31വരെ നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധനം നിലവിലായതോടെ മത്സ്യവും സാധാരണക്കാർക്കു കിട്ടാക്കനിയായി. വള്ളങ്ങളിലും ചെറിയ ബോട്ടുകളിലും കടലിൽ പോകുന്നവർക്കു മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതിയുള്ളത്.
മത്തിക്കുപോലും വില 300നു മുകളിലായി. എല്ലായിനം മത്സ്യത്തിനും വില കുതിച്ചുകയറിയിട്ടുണ്ട്. പോത്തിറച്ചി വില 400 മുതൽ 440 വരെയാണ്. കയറ്റുമതി വർധിച്ചതോടെ കർണാടകയിൽനിന്നുള്ള പോത്തിന്റെ ലഭ്യത കുറഞ്ഞെന്നും അയൽസംസ്ഥാനങ്ങളിലെല്ലാം വില വർധിപ്പിച്ചെന്നുമാണ് കച്ചവടക്കാർ പറയുന്നത്. പന്നിയിറച്ചിക്ക് ഈസ്റ്റർ സമയത്ത് വില കുതിച്ചുകയറി 360 ആയത് ഇപ്പോഴും തുടരുകയാണ്. അട്ടിറച്ചിവില സാധാരണക്കാരെ ബാധിച്ചിട്ടില്ല. കാരണം 900-1000 രൂപയ്ക്ക് ആട്ടിറച്ചി ഇടത്തരക്കാർപോലും വാങ്ങുന്നില്ല.
എല്ലാ ഭക്ഷ്യവിഭവങ്ങൾക്കും ഒരുപോലെ വിലകൂടിയ കഷ്ടകാലമാണിത്. സപ്ലൈകോയിൽ അടുത്തയിടെ ചെറിയൊരു വിലക്കുറവ് പ്രഖ്യാപിച്ചെങ്കിലും കൊടിയ വിലക്കയറ്റത്തെ പ്രതിരോധിക്കാൻ പര്യാപ്തമല്ല. സർക്കാർ ഇടപെടണം.
ചെറുപയർ, കടല തുടങ്ങിയ ധാന്യങ്ങളുടെയും വറ്റൽ മുളക്, ജീരകം തുടങ്ങിയവയുടെയും വിലയിലും വലിയ വർധന ഉണ്ടായിട്ടുണ്ട്. മഴയത്തു തൊഴിൽ കുറഞ്ഞതോടെ കൂലിപ്പണിക്കാരുടെ വരുമാനവും ഏതാണ്ട് ഇല്ലാതായി. പനി ഉൾപ്പെടെയുള്ള രോഗങ്ങളും വർധിച്ചു. ദരിദ്രരും സാധാരണക്കാരുമെല്ലാം വലിയ ദുരിതമാണ് നേരിടുന്നത്.
നിയമസഭയിലും മന്ത്രിസഭയിലും നിഷ്ക്രിയതയുടെ മരവിപ്പാണ്. വിശപ്പാണ് വിഷയം. ജനങ്ങളുടെ വയറ്റിലെ തീ നിയമസഭയെ പൊള്ളിക്കുന്നില്ലെങ്കിൽ അതിനകത്തുള്ളവരെക്കൊണ്ട് എന്തു കാര്യം? സഹായിക്കാനൊരു സർക്കാരുണ്ടെന്നു ജനത്തിനു തോന്നുന്നില്ല; അത്ര ക്ഷാമമാണ് നാട്ടിൽ.