ഇങ്ങനെ പരീക്ഷിക്കരുത്
Wednesday, June 12, 2024 12:00 AM IST
24 ലക്ഷത്തോളം വിദ്യാർഥികൾ എഴുതിയ ‘നീറ്റ്’ ചരിത്രത്തിലെ ഏറ്റവും വലിയ വിവാദത്തിലായിരിക്കുന്നു. അന്വേഷണ ഏജൻസികളെപ്പോലെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും സംശയത്തിന്റെ നിഴലിലാകരുത്.
രാജ്യം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കെയാണ് നോട്ടം കിട്ടരുതെന്ന മട്ടിൽ മെഡിക്കൽ പ്രവേശനപരീക്ഷയുടെ ഫലമെത്തിയത്. പരീക്ഷയുടെ പേര് നീറ്റ് (നാഷണൽ എലിജിബിലിറ്റി കം-എൻട്രൻസ് ടെസ്റ്റ്) എന്നാണെങ്കിലും ഫലം വന്നപ്പോൾ നാറ്റക്കേസായി.
ഒന്നാം റാങ്കുകാരുടെ എണ്ണം കുതിച്ചുയർന്നതു മുതൽ സമയം തീരുന്നതിനു മുന്പ് പരീക്ഷ അവസാനിപ്പിച്ചതുവരെ നിരവധി പരാതികൾ. പരീക്ഷ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ)യുടെ മറുപടികൾ ആർക്കും തൃപ്തികരമായില്ല. ഒടുവിൽ സുപ്രീംകോടതി ഇടപെട്ടിരിക്കുന്നു.
വിവാദം പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്നും എൻടിഎ മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ഒന്നും രണ്ടുമല്ല, 24 ലക്ഷത്തോളം വിദ്യാർഥികൾ എഴുതിയ പരീക്ഷയെക്കുറിച്ചാണു പറയുന്നത്.
നിയമവും ചട്ടവുമൊക്കെ പറഞ്ഞ്, പരീക്ഷയെഴുതാനെത്തിയ വിദ്യാർഥികളുടെ അടിവസ്ത്രം പോലും അഴിപ്പിച്ച് ക്രൂരമായി ആനന്ദിച്ചിട്ടുള്ളവരാണ് പ്രതിക്കൂട്ടിൽ. സർക്കാർ നോക്കുകുത്തിയാകരുത്.
പരീക്ഷയെഴുതിയ 67 പേർ മുഴുവൻ മാർക്കായ 720 വാങ്ങി ഒന്നാം റാങ്കുകാർ..! ഇതിൽ ആറുപേർ ഹരിയാനയിലെ ഒരേ കേന്ദ്രത്തിൽ പരീക്ഷയെഴുതിയവർ..! മൂന്നേകാൽ മണിക്കൂറുള്ള പരീക്ഷയുടെ സമയം മൂന്നു മണിക്കൂർ എന്നു തെറ്റിദ്ധരിപ്പിച്ച് മേൽനോട്ടം വഹിക്കുന്ന അധ്യാപകർ പലയിടത്തും പരീക്ഷ അവസാനിപ്പിച്ചു...!
ജൂൺ 14നു പ്രസിദ്ധീകരിക്കാനിരുന്ന ഫലം നാലിനു തെരഞ്ഞെടുപ്പു ഫലത്തിന്റെ ബഹളത്തിനിടെ പ്രസിദ്ധീകരിച്ചു...! രണ്ടു മുതൽ 5.20 വരെയാണ് പരീക്ഷയെങ്കിലും നാലുമണിക്ക് ചോദ്യപേപ്പർ സമൂഹമാധ്യമങ്ങളിൽ ചോർന്നു..! നേരത്തേ പരീക്ഷയെഴുതി പുറത്തിറങ്ങിയ ഒരു വിദ്യാർഥി പ്രചരിപ്പിച്ചതാണെന്നായിരുന്നു എൻടിഎയുടെ ന്യായീകരണം.
പക്ഷേ, അടുത്ത ദിവസങ്ങളിൽ ചോദ്യപേപ്പർ ചോർച്ചയുടെ വാർത്തകൾ വിവിധ സംസ്ഥാനങ്ങളിൽനിന്നു പുറത്തുവന്നു. പോലീസ് കേസെടുത്തു. പക്ഷേ, അന്വേഷണത്തിനിടെ തിരക്കിട്ട് പരീക്ഷാഫലം മുൻകൂട്ടി പ്രസിദ്ധീകരിച്ചു. അട്ടിമറിയില്ലെന്ന് നടത്തിപ്പുകാർ മാത്രം പറഞ്ഞാൽ മതിയോ?
ഒന്നോ രണ്ടോ മൂന്നോ പേർക്കുവരെ ലഭിച്ചിരുന്ന ഒന്നാം റാങ്കാണ് ഇത്തവണ 67 പേർക്കു കൊടുത്തിരിക്കുന്നത്. എൻസിഇആർടി ഫിസിക്സ് പാഠപുസ്തകത്തിലെ ഉത്തരങ്ങളിൽ പിഴവു വന്നതിനാൽ മുൻ കോടതിവിധികളുടെ അടിസ്ഥാനത്തിൽ കൊടുത്ത ഗ്രേസ് മാർക്കാണ് ഒന്നാം റാങ്കുകളുടെ എണ്ണം വർധിക്കാൻ ഇടയാക്കിയതെന്ന് എൻടിഎ വിശദീകരിച്ചു.
രണ്ടാം റാങ്ക് ലഭിച്ചവർക്കു ഗ്രേസ് മാർക്ക് കൊടുക്കാൻ കാരണം, പരീക്ഷയെഴുതാൻ സമയം ലഭിക്കാത്തതാണ്. മുന്പ് ഒരു പ്രത്യേക സാഹചര്യത്തിൽ ഗ്രേസ് മാർക്ക് കൊടുക്കാനുള്ള കോടതി ഉത്തരവ് ഇപ്പോഴെങ്ങനെ നടപ്പിലാക്കുമെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.
സാധ്യമായ ഏറ്റവും കൂടിയ രണ്ടാമത്തെ മാർക്ക് 716 ആണെന്നിരിക്കെ 718, 719 എന്നീ മാർക്കുകൾ എങ്ങനെ കൊടുക്കാനായി എന്ന ചോദ്യത്തിന്, സമയനഷ്ടത്തിനു നൽകിയ കോന്പൻസേഷൻ മാർക്കാണെന്ന് എൻടിഎ പറയുന്നു. നീറ്റ് പരീക്ഷയ്ക്കെതിരേ അടിമുടി ആരോപണങ്ങളുയർന്നതോടെയാണ് ഹർജികളിൽ സുപ്രീംകോടി ഇടപെട്ടത്.
മെഡിക്കൽ കൗൺസലിംഗ് നടപടികൾ തടയാൻ സാധിക്കില്ലെന്നു വ്യക്തമാക്കിയ കോടതി, കേസ് ജൂലൈ എട്ടിനു പരിഗണിക്കും. പരാതികൾ പരിശോധിക്കാൻ എൻടിഎ ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും ബിജെപിയുടെ വിദ്യാർഥിസംഘടന ഉൾപ്പെടെ പ്രതിഷേധത്തിലാണ്.
ഇല്ലാത്ത പണമുണ്ടാക്കി വർഷങ്ങളുടെ പരിശീലനം നേടിയ ശേഷമാണ് ലക്ഷക്കണക്കിനു വിദ്യാർഥികൾ പരീക്ഷയെഴുതിയത്. അവരുടെ അധ്വാനത്തെ അവഹേളിക്കരുത്. അന്വേഷണ ഏജൻസികൾ ഉൾപ്പെടെ കേന്ദ്രസർക്കാരിന്റെ ഘടകങ്ങൾ ഒന്നിനു പിറകെ ഒന്നായി വിശ്വാസ്യത നഷ്ടപ്പെടുത്തുന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ്. സംശയത്തിന്റെ നിഴൽ എൻടിഎയ്ക്കു മേലും വീഴരുത്.