അരുവിത്തുറ മുന്നറിയിപ്പ്
വർഗീയത തുപ്പിയും വ്യാജപ്രചാരണങ്ങൾ ചമച്ചും സമുദായ നേതൃത്വത്തെയും അംഗങ്ങളെയും തമ്മിൽ ഭിന്നിപ്പിക്കാനും പരസ്പരം അകറ്റാനും കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്ന ഛിദ്രശക്തികൾക്കു കത്തോലിക്കാ സഭയിൽ ഇടമില്ലെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നതിന്റെ തെളിവുകൂടിയായിരുന്നു ഒഴുകിയെത്തിയ ജനക്കൂട്ടം.
മനഃപൂർവം ബധിരമാക്കപ്പെട്ട കർണങ്ങളെ തുളയ്ക്കാൻ കരുത്തുള്ള സ്വരമിതാ വീണ്ടും ക്രൈസ്തവ സമുദായത്തിൽനിന്ന് ഉയർന്നിരിക്കുന്നു. അരുവിത്തുറയുടെ നിലപാടുതറയിൽനിന്ന് ആയിരങ്ങൾ മുഴക്കിയ മുദ്രാവാക്യത്തിന് ആർക്കും അവഗണിക്കാനാവാത്ത താക്കീതിന്റെ കരുത്തുണ്ടായിരുന്നു.
ക്രൈസ്തവ സമുദായത്തിന്റെ യഥാർഥ ശക്തിയും കെട്ടുറപ്പും ഉൾക്കരുത്തും സംഘാടകശേഷിയും വെളിവാക്കിയ സമുദായ സംഗമമായിരുന്നു കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം കോട്ടയം അരുവിത്തുറയിൽ നടന്നത്. ഒളിഞ്ഞും തെളിഞ്ഞുമുള്ള കടന്നുകയറ്റങ്ങൾക്കൊന്നും മുന്നിൽ അടിയറ വയ്ക്കാനുള്ളതല്ല തങ്ങളുടെ അഭിമാനമെന്ന് ഒരു സമുദായം ഒറ്റക്കെട്ടായി പ്രഖ്യാപിച്ചത് അവിസ്മരണീയ കാഴ്ചയായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തിയ ആയിരങ്ങൾ ചിട്ടയായും ഉത്തരവാദിത്വത്തോടുംകൂടി സൗഹാർദത്തിന്റെയും സ്നേഹത്തിന്റെയും മണ്ണായ അരുവിത്തുറയിൽ അണിനിരന്നപ്പോൾ ഒരിക്കൽക്കൂടി ക്രൈസ്തവികതയുടെ ഔന്നത്യത്തിനു കേരളം സാക്ഷിയായി. സംഘാടകർ പ്രതീക്ഷിച്ചതിനേക്കാൾ വലിയ ജനസഞ്ചയം ഒഴുകിയെത്തിയിട്ടും എല്ലാവരെയും ഒറ്റച്ചരടിൽ കോർത്തു നിയന്ത്രിച്ച സംഘാടനമികവിന് കത്തോലിക്ക കോൺഗ്രസിന്റെ സമുദായ നേതാക്കളും ആതിഥേയരായ പാലാ രൂപതയും അഭിനന്ദനം അർഹിക്കുന്നു.
വർഗീയത തുപ്പിയും വ്യാജപ്രചാരണങ്ങൾ ചമച്ചും സമുദായ നേതൃത്വത്തെയും അംഗങ്ങളെയും തമ്മിൽ ഭിന്നിപ്പിക്കാനും പരസ്പരം അകറ്റാനും കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്ന ഛിദ്രശക്തികൾക്കു കത്തോലിക്കാ സഭയിൽ ഇടമില്ലെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നതിന്റെ തെളിവുകൂടിയായിരുന്നു ഒഴുകിയെത്തിയ ജനക്കൂട്ടം.
പതിനായിരങ്ങൾ പങ്കെടുത്തു എന്നതിനേക്കാൾ അരുവിത്തുറ സമ്മേളനം പ്രസക്തമാകുന്നത് അതു മുന്നോട്ടുവച്ച ആവശ്യങ്ങളുടെയും നിലപാടുകളുടെയും അടിസ്ഥാനത്തിലാണ്. ക്രൈസ്തവരുടെ വോട്ട് വേണം, എന്നാൽ ക്രൈസ്തവരെ വേണ്ട എന്ന മനോഭാവമുള്ളവർ ഏതു രാഷ്ട്രീയത്തിൽപ്പെട്ടവരാണെങ്കിലും അവർക്കുള്ള സ്ഥാനം ഇനി കാലത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കുമെന്ന മുന്നറിയിപ്പാണ് ഈ സമ്മേളനം ഉയർത്തിയത്.
ക്രൈസ്തവരോടുള്ള വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അവഗണനയുടെ നേർച്ചിത്രമാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പു കാലത്തു പുറത്തുവന്ന പ്രകടനപത്രികകളെന്ന് ദീപിക നേരത്തേതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. കാലാകാലങ്ങളിൽ ക്രൈസ്തവരുടെ വോട്ട് വാങ്ങി ജയിച്ചിട്ടുള്ളവർ പോലും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയിൽ ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങളെ പൂർണമായും തമസ്കരിച്ചു.
വന്യജീവി ആക്രമണം, കാർഷികരംഗത്തെ പ്രതിസന്ധികൾ, തീരദേശ പ്രശ്നങ്ങൾ, ഇഡബ്ല്യുഎസിലെ അപാകതകൾ, സ്കോളർഷിപ്പ് പ്രശ്നം തുടങ്ങിയ വിഷയങ്ങളെ കണ്ടില്ലെന്നു നടിച്ചവരുടെ കാപട്യം തങ്ങൾ തിരിച്ചറിഞ്ഞിട്ടില്ലെന്നു കരുതരുതെന്ന് സമ്മേളനത്തിൽ പ്രസംഗിച്ച സഭാ മേലധ്യക്ഷന്മാരും സമുദായ നേതാക്കളും മുന്നറിയിപ്പു നൽകിയത് കൈയടികളോടെയാണു ജനം സ്വീകരിച്ചത്.
ജാതിയുടെയും മതത്തിന്റെയും പേരിലുള്ള സംവരണങ്ങൾക്കപ്പുറത്ത് സാന്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവർക്കെല്ലാം സംവരണം നൽകി അവരെയും വളർത്തിക്കൊണ്ടുവരണമെന്നാണു സമ്മേളനം പാസാക്കിയ പ്രമേയം ആവശ്യപ്പെട്ടത്. തികച്ചും ന്യായമായ ആവശ്യമാണിത്. പിന്നാക്കാവസ്ഥ അനുഭവിക്കുന്ന എല്ലാ വിഭാഗത്തിലുമുള്ള ആളുകളോടുള്ള ഈ ഐക്യദാർഢ്യ പ്രഖ്യാപനം അധികാരകേന്ദ്രങ്ങളുടെ കണ്ണു തുറപ്പിക്കണം.
ഭരണഘടനാവിരുദ്ധമായ, മതാടിസ്ഥാനത്തിലുള്ള സംവരണം പുനഃപരിശോധിക്കേണ്ടതിന്റെ ആവശ്യകതയും സമ്മേളനം ചൂണ്ടിക്കാട്ടി. മുന്നാക്ക വിഭാഗങ്ങളിലെ സാന്പത്തിക പരാധീനത അനുഭവിക്കുന്നവർക്കായുള്ള ഇഡബ്ല്യുഎസ് സംവരണത്തിലെ അന്യായമായ നിബന്ധനകളിൽ ഇളവ് വേണമെന്ന ആവശ്യം ഏറെക്കാലമായി സമൂഹത്തിൽനിന്ന് ഉയർന്നുകേൾക്കുന്നതാണ്.
കേന്ദ്രം ഏർപ്പെടുത്തിയ കൃഷിഭൂമി നിബന്ധനകളും മറ്റും വീണ്ടും കടുപ്പിച്ചാണ് സംസ്ഥാനം ഇഡബ്ല്യുഎസ് നടപ്പാക്കിയത്. ഇതുവഴി അർഹതപ്പെട്ട നിരവധിപ്പേർ ഈ സംവരണത്തിനു പുറത്തായി. ആനുകൂല്യങ്ങൾ ഏതെങ്കിലും കേന്ദ്രങ്ങളിലേക്ക് ചുരുങ്ങാതെ, എല്ലാവർക്കും സാന്പത്തികമായി ഉന്നതി പ്രാപിക്കാൻ കഴിയുന്ന നയവും പദ്ധതികളുമായിരിക്കണം സർക്കാരുകൾ നടപ്പാക്കേണ്ടതെന്ന് അരുവിത്തുറ സമ്മേളനം പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്.
സച്ചാർ കമ്മീഷൻ മാതൃകയിൽ മുസ്ലിം ഇതര ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിച്ചു പരിഹാരം നിർദേശിക്കാൻ കമ്മീഷനെ നിയോഗിക്കണമെന്നു കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതുവഴി എല്ലാവരും ഒന്നിച്ചു വളരണമെന്ന മഹത്തായ ആശയത്തെ ഈ സമുദായം മുറുകെപ്പിടിക്കുന്നതായും വ്യക്തമായി.
രാഷ്ട്രീയ-ഭരണ നേതൃത്വങ്ങളോടാണ്. ഈ രാജ്യത്തിനും സമൂഹത്തിനും അതുല്യമായ സംഭാവനകൾ നൽകിയ അഭിമാനകരമായ പാരന്പര്യമുള്ള ക്രൈസ്തവസമൂഹത്തെ തിരസ്കരിക്കാനും അവഗണിക്കാനും ആരു ശ്രമിച്ചാലും ചരിത്രത്തോടു ചെയ്യുന്ന അനീതിയായിരിക്കുമെന്ന് ഓർമിപ്പിക്കുന്നു.
ഔദാര്യങ്ങൾക്കുവേണ്ടിയല്ല ഈ സമുദായം നിങ്ങൾക്കു മുന്നിൽ നിൽക്കുന്നത്. അർഹതപ്പെട്ട അവകാശങ്ങൾക്കുവേണ്ടി മാത്രമാണ്. മറ്റാർക്കെങ്കിലും അവകാശപ്പെട്ട ആനുകൂല്യങ്ങളുടെ ഒരു കഴഞ്ചു പോലും ഈ സമുദായത്തിന് ആവശ്യമില്ല.
എന്നാൽ, അർഹതപ്പെട്ടതു നൽകാതിരിക്കുന്ന നിസംഗതയ്ക്കും ഒളിച്ചുകളിക്കും മുന്നിൽ ഇനി നിശബ്ദരായി ഇരിക്കുകയുമില്ല. ക്രൈസ്തവസമുദായം എന്നു കേൾക്കുന്പോൾ അന്ധമാക്കപ്പെടുന്ന കണ്ണുകൾക്കും ബധിരമാക്കപ്പെടുന്ന കാതുകൾക്കും ‘അരുവിത്തുറ സംഗമം’ മുന്നറിയിപ്പുകൂടിയാണ്. ഒരു സമുദായത്തെക്കൊണ്ട് ഇനിയും ഇതു പറയിക്കാനിടവരുത്തുന്നത് രാഷ്ട്രീയ കേരളത്തിനു ലജ്ജാകരമായിരിക്കും.