വഴിപാടാകരുത് ശുചീകരണം
Monday, May 6, 2024 12:00 AM IST
ശുചിത്വബോധം ഏറെയുണ്ടെന്ന് മേനിപറയുമ്പോഴും മാലിന്യസംസ്കരണത്തിൽ മലയാളികളുടെ സമീപനം തീർത്തും നിരാശാജനകമാണ്. മലിനീകരണം പരമാവധി കുറച്ച് മാലിന്യസംസ്കരണം നടത്താൻ നാം ഇനിയും ശീലിക്കേണ്ടതുണ്ട്.
മഴക്കാലപൂർവ ശുചീകരണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇത് വഴിപാടാക്കരുത്. പകർച്ചവ്യാധികൾ പടരാൻ ഏറെ സാധ്യതയുള്ള മഴക്കാലത്ത് നാടും നഗരവും വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരുടെയും സഹകരണമുണ്ടാവുകയും വേണം. തെരഞ്ഞെടുപ്പിന്റെ തിരക്കുകളിൽപെട്ടിരുന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എത്രയുംപെട്ടെന്ന് ശുചീകരണ പ്രവർത്തനങ്ങളിലേക്കു തിരിയണം.
ശുചിത്വബോധം ഏറെയുണ്ടെന്ന് മേനിപറയുമ്പോഴും മാലിന്യസംസ്കരണത്തിൽ മലയാളികളുടെ സമീപനം തീർത്തും നിരാശാജനകമാണ്. മലിനീകരണം പരമാവധി കുറച്ച് മാലിന്യസംസ്കരണം നടത്താൻ നാം ഇനിയും ശീലിക്കേണ്ടതുണ്ട്. കടുത്ത വരൾച്ചയും അത്യുഷ്ണവും സംസ്ഥാനത്ത് വലിയ പ്രതിസന്ധികൾ നിലവിൽത്തന്നെ സൃഷ്ടിച്ചിട്ടുണ്ട്. പലയിടങ്ങളിലും പകർച്ചപ്പനിയടക്കം പടർന്നുപിടിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ മഴക്കാലത്ത് മാലിന്യങ്ങൾ കൂടിക്കിടന്നാൽ സ്ഥിതി കൂടുതൽ അപകടകരമാകും.
ഈ മാസം ഇരുപതിനകം മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദേശം. തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കാണ് ഇതിന്റെ പൂർണ ഉത്തരവാദിത്വം. പഞ്ചായത്തുകൾക്കും നഗരസഭകൾക്കും വാർഡിന് 30,000 രൂപ വീതമാണ് ചെലവഴിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിൽ കൂടുതൽ തുക ആവശ്യമാണെങ്കിൽ ഭരണസമിതിയുടെ അംഗീകാരത്തോടെ 10,000 രൂപവരെ അധികമായി ചെലവഴിക്കാമെന്നും നിർദേശമുണ്ട്. അടിയന്തര പ്രാധാന്യമുള്ള വിഷയമായതിനാൽ സാമ്പത്തിക പ്രതിസന്ധിയും നടപടിക്രമങ്ങളിലെ നൂലാമാലകളും തടസമായി മാറരുത്. രാഷ്ട്രീയത്തിന്റെ പേരിൽ ശുചീകരണത്തിൽ പക്ഷപാതം ഉണ്ടാവുകയുമരുത്.
നമ്മുടെ നാട്ടിൽ എന്തുതരം മാലിന്യവും എവിടെയും വലിച്ചെറിയാമെന്നാണ് പലരുടെയും ധാരണ. വിവിധതരം മാലിന്യങ്ങൾ കൃത്യമായി ശേഖരിച്ചു സംസ്കരിക്കാനുള്ള സംവിധാനങ്ങളും വേണ്ടത്രയില്ല. വീട്ടുമാലിന്യങ്ങളിലെ അജൈവമാലിന്യങ്ങൾ ശേഖരിക്കാൻ നിലവിൽ ഹരിതകർമസേന മികച്ച സേവനം നൽകുന്നുണ്ട്. മിക്ക കുടുംബങ്ങളും അതിനോടു സഹകരിക്കുന്നുമുണ്ട്.
എന്നാൽ വീടുകളിലെ അടുക്കള അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള ജൈവമാലിന്യം ഇപ്പോഴും സുരക്ഷിതമായി സംസ്കരിക്കപ്പെടാത്ത സാഹചര്യമുണ്ട്. പൊതുസ്ഥലങ്ങളിലും പാതയോരത്തും തോടുകൾ ഉൾപ്പെടെയുള്ള ജലസ്രോതസുകളിലുമാണ് പലരും ഇത്തരം മാലിന്യം തള്ളുന്നത്. ജലസ്രോതസുകളോട് എത്രമാത്രം ക്രൂരതയാണ് നാം കാണിക്കുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പല നദികളും വലിയതോതിൽ മാലിന്യം പേറുന്നവയാണ്.
വേനൽക്കാലത്ത് വറ്റിപ്പോയിരിക്കുന്ന കുളങ്ങളും ചെറുതോടുകളുമെല്ലാം മാലിന്യക്കൂനകളായി മാറിയിരിക്കുന്ന കാഴ്ച സംസ്ഥാനത്തുടനീളമുണ്ട്. മാർക്കറ്റുകളിലെയും അറവുശാലകളിലെയും കോഴിക്കടകളിലെയും മാലിന്യം തീർത്തും അലക്ഷ്യമായി ജലസ്രോതസുകളിലടക്കം തള്ളുന്ന അവസ്ഥയും പരക്കെ കാണാം. ഇരുട്ടിന്റെ മറവിൽ ഇത്തരത്തിൽ മാലിന്യം തള്ളുന്നവരെ നിരീക്ഷിക്കാൻ പലയിടത്തും ജനങ്ങൾ ജാഗ്രത കാട്ടുന്നുണ്ട്.
നമ്മുടെ ജലസ്രോതസുകൾ വൃത്തിയാക്കാനുള്ള അവസാന നാളുകളാണ് അടുത്ത മഴക്കാലത്തിനുമുമ്പുള്ള ഏതാനും ദിവസങ്ങൾ. വെള്ളംകുറഞ്ഞ തോടുകളും കുളങ്ങളുമെല്ലാം പോളനിറഞ്ഞും മാലിന്യം പേറിയും വികൃതമാണ്. അതെല്ലാം വൃത്തിയാക്കാൻ അടിയന്തര ഇടപെടലുണ്ടാകണം. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ഇക്കാര്യത്തിൽ ഗൗരവതരമായ ഉത്തരവാദിത്വമുണ്ട്.
അവരുടെ സേവനം ഏറ്റവും കാര്യക്ഷമമാകേണ്ട മേഖലയാണിത്. അവരവരുടെ വാർഡുകളിലെ യുവജനങ്ങളെയും സന്നദ്ധപ്രവർത്തകരെയുമെല്ലാം കോർത്തിണക്കി ശുചീകരണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാകും. അതിന് സർക്കാർ നിർദേശത്തിനു കാത്തിരിക്കേണ്ടതില്ല. സ്വന്തം നാട് മനോഹരമാകുന്നത് മാലിന്യമുക്തമാകുമ്പോഴാണെന്ന തിരിച്ചറിവ് ഓരോരുത്തർക്കുമുണ്ടാകണം.
നമ്മുടെ മാർക്കറ്റുകളിലും പൊതു ഇടങ്ങളിലുമെല്ലാം മാലിന്യശേഖരണത്തിനുള്ള സംവിധാനങ്ങൾ വേണ്ടത്രയുണ്ടെന്ന് പറയാനാവില്ല. ചിലയിടങ്ങളിൽ അവ കാര്യക്ഷമമാണുതാനും. റെയിൽവേ സ്റ്റേഷനുകൾ ഇക്കാര്യത്തിൽ അഭിമാനകരമായ നേട്ടം കൈവരിച്ചിട്ടുണ്ടെന്നത് യാഥാർഥ്യമാണ്.
എന്നാൽ വിവിധതരം മാലിന്യങ്ങൾ വേർതിരിച്ചു ശേഖരിക്കാൻ റെയിൽവേ സ്റ്റേഷനുകളിൽ ഒരുക്കിയിരിക്കുന്ന പാത്രങ്ങൾ ശരിയാംവിധം ഉപയോഗിക്കാൻ യാത്രക്കാരിൽ പലരും ശ്രദ്ധിക്കാറില്ലന്നതും കാണാതിരുന്നുകൂടാ. കുടിവെള്ള കുപ്പികൾ പലരും ജൈവമാലിന്യം ശേഖരിക്കാൻ സ്ഥാപിച്ചിട്ടുള്ള ബിന്നുകളിൽ ഇടുന്നത് പതിവു കാഴ്ചയാണ്.
അശ്രദ്ധയായാലും അജ്ഞതയായാലും ഇത്തരം പ്രവൃത്തികൾ തീർത്തും അരോചകമാണ്. ശുചിത്വവും ആരോഗ്യകരമായ മാലിന്യസംസ്കരണവും ഏതൊരു പരിഷ്കൃതസമൂഹത്തിന്റെയും അടിസ്ഥാനഘടകങ്ങളിൽപെട്ടതാണ്. വീടുകൾക്കുള്ളിൽ വലിയ ശുചിത്വബോധമുള്ള മലയാളി പൊതു ഇടങ്ങളെയും അത്തരത്തിൽ വൃത്തിയുള്ളതാക്കി സൂക്ഷിക്കാൻ ശീലിക്കണം.
പ്രാദേശിക സർക്കാരുകൾ അതിനുള്ള ബോധവത്കരണവും മാലിന്യസംസ്കരണ സംവിധാനങ്ങളും ക്രമീകരിക്കണം. വീടുകൾക്കും പരിസരങ്ങൾക്കുമൊപ്പം നാടും നഗരവുമെല്ലാം വൃത്തിയാക്കിക്കൊണ്ട് ഈ മഴക്കാലത്തെ വരവേൽക്കാം.