എത്ര പേരെ ജയിലിലടയ്ക്കും?
Wednesday, April 10, 2024 12:00 AM IST
സർക്കാരുകളെ വിമർശിക്കാനുള്ള അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കൊടിയേന്തുന്നവരിൽനിന്നെല്ലാം അവ പിടിച്ചുവാങ്ങി പ്രതിരോധങ്ങളെ ചിതറിക്കുന്നത് ഏകാധിപത്യത്തിന്റെ കൊടിയേറ്റമാണ്. അതു ചെയ്യുന്നത് സ്റ്റാലിനായാലും പിണറായി വിജയനായാലും നരേന്ദ്ര മോദിയായാലും അനുവദിക്കരുത്. സമീപദിവസങ്ങളിൽ, ഇന്ത്യയിലെ ജനാധിപത്യം ആഗോളതലത്തിൽ വാർത്തയും ചർച്ചയുമായത് മൂല്യങ്ങളുടെയല്ല, അപചയങ്ങളുടെ പേരിലാണ്.
വിമർശിക്കുന്നവരെയെല്ലാം ജയിലിലടയ്ക്കാൻ തുടങ്ങിയാൽ തെരഞ്ഞെടുപ്പിനു മുന്പ് എത്ര പേരെ ജയിലിലടയ്ക്കേണ്ടിവരുമെന്ന തമിഴ്നാടിനോടുള്ള സുപ്രീംകോടതിയുടെ ചോദ്യത്തിനുള്ള ഉത്തരം, ജയിലിൽ അടയ്ക്കപ്പെടാൻ സാധ്യതയുള്ളവരുടെ എണ്ണമല്ല. ആ ചോദ്യം ഇന്ത്യയിൽ വ്യാപകമായിക്കൊണ്ടേയിരിക്കുന്ന ഭരണകൂട അസഹിഷ്ണുതയുടെ ഭയാനക വളർച്ചയെക്കുറിച്ചുള്ള മുന്നറിയിപ്പാണ്.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ യുട്യൂബറുടെ ജാമ്യാപേക്ഷ റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരേ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി, രാജ്യത്തിനുമേൽ കരിനിഴലായി വ്യാപിക്കുന്ന ആശങ്കകളിലൊന്നിനെ ചോദ്യമാക്കിയത്.
കോടതി ഇടപെടലിനു കാരണം തമിഴ്നാട്ടിലെ ദുരൈ മുരുകൻ എന്ന യുട്യൂബറാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളെയും വിമർശിക്കുന്ന അദ്ദേഹം ‘നാം തമിഴ് കച്ചി’ (എൻടികെ) എന്ന രാഷ്ട്രീയ പാർട്ടി നേതാവുമാണ്. ഇദ്ദേഹം എം.കെ. സ്റ്റാലിനെതിരേ അപകീർത്തികരമായ പ്രസംഗം നടത്തിയെന്ന കേസിലെ ജാമ്യം റദ്ദാക്കണമെന്ന കേസിലാണ് സുപ്രീംകോടതി സുപ്രധാന പരാമർശം നടത്തിയത്.
2021ൽ മുരുകന് മദ്രാസ് ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് ജാമ്യം നൽകി. എന്നാൽ, ജാമ്യകാലത്ത് അദ്ദേഹം കോടതി നിർദേശത്തിനു വിരുദ്ധമായി വീണ്ടും പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചുള്ള സർക്കാരിന്റെ ഹർജിയിൽ 2022 ജൂണിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജാമ്യം റദ്ദാക്കി. ഇതിനെതിരേ ദുരൈ മുരുകൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
സോഷ്യല് മീഡിയയില് ആരോപണങ്ങൾ ഉന്നയിക്കുന്ന എല്ലാവരെയും ജയിലിലടയ്ക്കാൻ തുടങ്ങിയാൽ, തെരഞ്ഞെടുപ്പിനു മുന്പ് എത്രപേരെ അകത്താക്കേണ്ടിവരുമെന്നായിരുന്നു സുപ്രീംകോടതി ചോദിച്ചത്. ജാമ്യത്തിലിറങ്ങി അപകീർത്തി പരാമർശങ്ങൾ നടത്തരുതെന്ന നിബന്ധന ജാമ്യവ്യവസ്ഥയിൽ ഉൾപ്പെടുത്തണമെന്ന തമിഴ്നാടിന്റെ അഭിഭാഷകൻ മുകുൾ റോഹ്തഗിയുടെ ആവശ്യവും കോടതി പരിഗണിച്ചില്ല. ഒരു പ്രസ്താവന അപകീർത്തികരമാണോ അല്ലയോ എന്ന് ആരാണ് തീരുമാനിക്കുക എന്നായിരുന്നു കോടതിയുടെ ചോദ്യം.
രാജ്യത്തെവിടെയും ആർക്കും അപകീർത്തികരമായ പ്രസ്താവനകളും വിദ്വേഷപ്രസംഗങ്ങളും നടത്താമെന്നാണ് കോടതിയുടെ പരാമർശത്തിന്റെ അർഥമെന്ന് ഒരാളും കരുതുന്നില്ല. വിദ്വേഷപ്രസംഗങ്ങൾക്കെതിരേ സുപ്രീംകോടതിതന്നെ നിർണായക ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുമുണ്ട്. പക്ഷേ, ഭരണകൂട അസഹിഷ്ണുത മുന്പെങ്ങുമില്ലാത്തവിധം വർധിച്ചിരിക്കുകയാണ്.
സർക്കാരുകളെ വിമർശിക്കാനുള്ള അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കൊടിയേന്തുന്നവരിൽനിന്നെല്ലാം അവ പിടിച്ചുവാങ്ങി പ്രതിരോധങ്ങളെ ചിതറിക്കുന്നത് ഏകാധിപത്യത്തിന്റെ കൊടിയേറ്റമാണ്. അതു ചെയ്യുന്നത് സ്റ്റാലിനായാലും പിണറായി വിജയനായാലും നരേന്ദ്ര മോദിയായാലും അനുവദിക്കരുത്. വിമർശിക്കുന്നവരെ സർക്കാർ സംവിധാനങ്ങളുപയോഗിച്ച് പൂട്ടിക്കെട്ടുകയും നിശബ്ദരാക്കുകയും ജയിലിലിടുകയും ചെയ്യുന്ന അസഹിഷ്ണുതയുടെ പ്രഭവകേന്ദ്രം സൃഷ്ടിക്കുന്ന തുടർചലനങ്ങൾ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നതു കാണാതെപോകരുത്.
സമീപദിവസങ്ങളിൽ, ഇന്ത്യയിലെ ജനാധിപത്യം ആഗോളതലത്തിൽ വാർത്തയും ചർച്ചയുമായത് മൂല്യങ്ങളുടെയല്ല, അപചയങ്ങളുടെ പേരിലാണ്. കേന്ദ്രസർക്കാരിന്റെ അസഹിഷ്ണുതയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവരോടും കോടതിക്കു പറയേണ്ടിവന്നിരിക്കുന്നു, സഹിഷ്ണുതയുള്ളവരാകാൻ. ഇതു ചോദിച്ചുവാങ്ങിയ അടിയാണ്.
മിണ്ടിപ്പോകരുത് എന്ന് ഉത്തരവിടുന്ന അധികാരിയാണ്, അല്ലാതെ അയാളുടെ പേരോ വിലാസമോ അല്ല ജനങ്ങൾക്കും ജനാധിപത്യത്തിനും ഭീഷണി. ഡൽഹിയിലിരുന്നു പറഞ്ഞാലും തമിഴ്നാട്ടിലോ കേരളത്തിലോ ഇരുന്നു പറഞ്ഞാലും അതു ഭീഷണിതന്നെയാണ്.
സ്വാതന്ത്ര്യമെന്നാൽ രണ്ടും രണ്ടും നാല് എന്നു പറയാനുള്ള സ്വാതന്ത്ര്യമാണെന്ന് ‘1984’ എന്ന നോവലിൽ ജോർജ് ഓർവെൽ പറയുന്നുണ്ട്. അധികാരികൾക്ക് ഇഷ്ടമില്ലെന്നു കരുതി നാലെന്നു പറയുന്നവരെയൊക്കെ ജയിലിൽ അയച്ചാൽ എത്രപേരെ അയയ്ക്കേണ്ടിവരുമെന്ന ജനങ്ങളുടെ ആശങ്ക കോടതി ഉയർത്തിപ്പിടിച്ചിരിക്കുന്നു. ഇക്കാലത്ത് അത് എത്ര വലിയ ആശ്വാസമാണ്!