തല്ലുകൊണ്ടു കരയുന്നവരെ കരഞ്ഞതിനു തല്ലുകയോ?
Wednesday, February 21, 2024 12:00 AM IST
വെറുതെ ഊണുകഴിഞ്ഞിരുന്നപ്പോൾ നേരന്പോക്കിനു സമരത്തിനിറങ്ങിയതല്ല വയനാട്ടിലെ മനുഷ്യർ. അവർ യാചിക്കുന്നത് പ്രാണനുവേണ്ടിയാണ്. ആനയും കടുവയുമൊക്കെ കൊന്നൊടുക്കിയ പ്രിയപ്പെട്ടവരുടെ മരണപ്പന്തലിൽനിന്നാണ് അവർ പ്രതിഷേധിക്കാനിറങ്ങിയത്.
തങ്ങളുടെ സഹോദരങ്ങളെ വന്യജീവികൾ തുടർച്ചയായി കൊന്നൊടുക്കിയിട്ടും പരിഹാരമുണ്ടാകാത്തതിൽ പ്രതിഷേധിച്ചവരെയാണ് പുൽപ്പള്ളിയിൽ പോലീസ് കേസിൽ കുടുക്കി അറസ്റ്റ് ചെയ്തത്. വേട്ടക്കാരായ വന്യജീവികളുടെ കൊലവെറി തടയാനാകാത്തവർ ഇരകളോടു പോരിനിറങ്ങുന്നു! ഡൽഹിയിൽ സമരം നടത്തുന്ന കർഷകരുടെ പ്രധാന ആവശ്യങ്ങളിലൊന്ന് 2020ലെ സമരത്തിൽ തങ്ങൾക്കെതിരേ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നാണ്.
അതിന്റെ പേരിൽ കേന്ദ്രത്തിനെതിരേ വലിയവായിൽ വർത്തമാനം പറയുന്നവർ സ്വന്തം ജനങ്ങളെ വന്യജീവികൾക്കു കുരുതി കൊടുക്കുകയും പ്രതിഷേധിക്കുന്നവരെ കേസിൽ കുടുക്കുകയും ചെയ്യുന്നു. ഇതല്ലേ ഇരട്ടത്താപ്പ്? വെറുതെ ഊണുകഴിഞ്ഞിരുന്നപ്പോൾ നേരന്പോക്കിനു സമരത്തിനിറങ്ങിയതല്ല വയനാട്ടിലെ മനുഷ്യർ. അവർ യാചിക്കുന്നത് പ്രാണനുവേണ്ടിയാണ്. ആനയും കടുവയുമൊക്കെ കൊന്നൊടുക്കിയ പ്രിയപ്പെട്ടവരുടെ മരണപ്പന്തലിൽനിന്നാണ് അവർ പ്രതിഷേധിക്കാനിറങ്ങിയത്.
തല്ലുകൊണ്ടു കരയുന്നവരെ കരഞ്ഞതിനു തല്ലുകയോ? മനുഷ്യത്വമുണ്ടെങ്കിൽ ആ കേസുകൾ പിൻവലിക്കണം. കാട്ടാനയുടെ ചവിട്ടേറ്റു കൊല്ലപ്പെട്ട വെള്ളച്ചാലിൽ പോളിന്റെ മൃതദേഹവുമായി കഴിഞ്ഞ ശനിയാഴ്ച പുൽപ്പള്ളിയിൽ നടന്ന പ്രതിഷേധമാണ് സംഘർഷത്തിലേക്കു നീങ്ങിയത്.
ജനങ്ങൾ രോഷാകുലരായിരുന്നു. അവർ വനംവകുപ്പിന്റെ ജീപ്പിനു കേടു വരുത്തുകയും കടുവ കൊന്ന മൂരിയുടെ ജഡം ബോണറ്റിൽ വയ്ക്കുകയും ജീപ്പിനു മുകളിൽ റീത്ത് വയ്ക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന സഹജീവികൾ കൊല്ലപ്പെട്ടതിന്റെ വേദനയാണ്, പരിഹാരമില്ലാതെ വന്നതോടെ രോഷമായും സമരമായും മാറിയത്.
സർക്കാര് ജീവനക്കാരനെ മർദിച്ചു, കൃത്യനിർവഹണം തടസപ്പെടുത്തി, പൊതുമുതൽ നശിപ്പിച്ചു... തുടങ്ങി വിവിധ വകുപ്പുകളിലാണു കേസെടുത്തിരിക്കുന്നത്. വന്യജീവി ആക്രമണത്തിൽ ഇത്രയേറെ മനുഷ്യർ കൊല്ലപ്പെട്ടിട്ടും ഉത്തരവാദികളായ എത്ര ഉദ്യോഗസ്ഥർക്കെതിരേയാണ് നിങ്ങൾ ഇതുവരെ കേസെടുത്തത്? ജനങ്ങൾക്കെതിരേയല്ല, തോക്കെടുക്കേണ്ടതു മൃഗങ്ങൾക്കെതിരേയാണ്.
വയനാടും ഇടുക്കിയും പാലക്കാടും കണ്ണൂരും ഉൾപ്പെടെ മിക്ക ജില്ലകളിലും വന്യജീവി ആക്രമണങ്ങൾ തുടർക്കഥയായി. വനാതിർത്തിയിലെ മനുഷ്യർ പട്ടാപ്പകലും പുറത്തിറങ്ങാൻ മടിക്കുകയാണ്. കുട്ടികൾക്കു സ്കൂളിൽ പോകാനോ മുതിർന്നവർക്കു ജോലിക്കു പോകാനോ പോലും ഭയമാണ്. മനുഷ്യർ സമാധാനത്തോടെ ഉറങ്ങിയിട്ടു നാളുകളായി.
അവരുടെ പ്രശ്നങ്ങൾ വനംവകുപ്പിനും പോലീസിനും ജനപ്രതിനിധികൾക്കും മൃഗസ്നേഹികൾക്കും നഗരവാസികൾക്കും മാത്രമല്ല, സർക്കാരിനും കോടതികൾക്കുംപോലും തിരിച്ചറിയാനാകുന്നില്ല. ഇതാണ് യഥാർഥ നിസഹായാവസ്ഥ.
കേന്ദ്രത്തിന്റെ വനം-വന്യജീവി സംരക്ഷണ നിയമങ്ങളാണ് നിലവിൽ വയനാട്ടിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ തടസമെന്നും, കേന്ദ്രമാണ് നിയമഭേദഗതി നടത്തേണ്ടതെന്നുമാണ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞത്. അതു പറയാൻ ഒരു മന്ത്രിയുടെ ആവശ്യമില്ലല്ലോ. കേന്ദ്ര നിയമങ്ങളോ കോടതിയുടെ ഇടപെടലോ എന്താണെങ്കിലും അതു പരിഹരിക്കാനുള്ള നടപടിയെടുക്കുകയാണു വേണ്ടത്.
ജനങ്ങൾക്കു നേരിട്ടു ഡൽഹിയിൽ പോയി പ്രശ്നം പരിഹരിക്കാനാവില്ലല്ലോ. അതിനല്ലേ ജനം എംഎൽഎമാരെയും എംപിമാരെയുമൊക്കെ തെരഞ്ഞെടുക്കുന്നത്. വന്യജീവികൾ ജനങ്ങളെ കൊന്നൊടുക്കുന്പോൾ തടസങ്ങൾ ചൂണ്ടിക്കാണിക്കാനാണെങ്കിൽ ഇവിടെയൊരു സർക്കാരിന്റെ ആവശ്യമെന്താണ്? രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ആദ്യവർഷംതന്നെ നിയമം ഭേദഗതി ചെയ്യുന്നതിനു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിക്കു നിവേദനം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒരു നിവേദനം കൊടുത്താൽ തീരുന്ന ഉത്തരവാദിത്വമാണോ സംസ്ഥാന സർക്കാരിനുള്ളത്? രാജ്യത്തൊട്ടാകെ വന്യജീവികൾ പെരുകിയിട്ടുണ്ട്. അഞ്ചു വർഷത്തിനിടെ ആനയും കടുവയും മാത്രം 2,950 പേരെ കൊന്നു. കഴിഞ്ഞ വർഷം മാത്രം 708 പേർ. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ ഡിസംബറിൽ പാർലമെന്റെിൽ വച്ച കണക്കിൽ പക്ഷേ, കേരളമില്ല.
എട്ടു വർഷത്തിനിടെ കേരളത്തിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 909 പേരാണെന്ന് കഴിഞ്ഞ ദിവസം മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ജനസാന്ദ്രത കൂടിയ കേരളത്തിൽ സ്ഥിതി ഗുരുതരമാണ്. അതു കേന്ദ്രത്തെ ബോധ്യപ്പെടുത്തുകയും നിയമഭേദഗതി നടത്താൻ സമ്മർദം ചെലുത്തുകയും വേണം. ഒരു നിവേദനം കൊടുത്തിട്ട് കൈയുംകെട്ടി ഇരുന്നാൽ പ്രശ്നം തീരില്ല.
അക്രമം ഒന്നിനും പരിഹാരമല്ല. പക്ഷേ, വീട്ടിലും നാട്ടിലുമുള്ളവർ കൊല്ലപ്പെടുന്പോൾ നിശബ്ദരായി തങ്ങളുടെ ഊഴവും കാത്തിരിക്കണോ ബാക്കിയുള്ള മനുഷ്യർ? കാടുനിറഞ്ഞ് നാട്ടിലിറങ്ങുന്ന വന്യജീവികളെ കൊന്നൊടുക്കുകതന്നെയാണ് പരിഹാരം. മറ്റെല്ലാ രാജ്യങ്ങളും അതാണു ചെയ്യുന്നത്. ആ സർക്കാരുകൾക്കു ജനങ്ങളാണു വലുത്.
ഇവിടെയോ? സുരക്ഷിത കേന്ദ്രങ്ങളിലിരുന്നു പാഴായ നിയമത്തിന്റെ ഭൂതക്കണ്ണാടി വച്ച് മൃഗസ്നേഹം എഴുന്നള്ളിക്കുകയാണ്; മനുഷ്യരെ കൊന്നൊടുക്കുന്ന മൃഗങ്ങൾക്കു കൂട്ടുനിൽക്കുകയാണു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. വന്യജീവികളോടു കടക്ക് പുറത്തെന്നു പറയാൻ കഴിവില്ലാത്തവർ ഇരകളായ മനുഷ്യരോട് കിടക്ക് അകത്തെന്നു പറയുന്നു.
നിങ്ങളുടെ കെടുകാര്യസ്ഥതയ്ക്കെതിരേ പ്രതിഷേധിച്ചവർക്കെതിരേയുള്ള കേസുകൾ പിൻവലിക്കണം. ജനങ്ങളെ രക്ഷിക്കാൻ കഴിയാത്തവർക്കു ശിക്ഷിക്കാനുമില്ല അധികാരം.