പ്രതിക്കൂട്ടിലെ മാധ്യമവിചാരണക്കാർ
ബഹിഷ്കരണം ഉചിതമായോ എന്നു ചർച്ചയാവാം. ഒപ്പം, ബഹിഷ്കരിച്ച അവതാരകരുടെ മാധ്യമപ്രവർത്തനം ധീരതയുടേതായിരുന്നോ ഭരണകൂട വിധേയത്വത്തിന്റേതായിരുന്നോ
എന്ന് അവരും ആത്മപരിശോധന നടത്തട്ടെ.
രാജ്യത്തെ ഒരുപറ്റം മാധ്യമ വിചാരണക്കാരെ പ്രതിക്കൂട്ടിൽ നിർത്തുന്നതിനു തുല്യമാണ് സുപ്രീംകോടതിയുടെ ഇടപെടൽ. മുൻവിധിയോടുകൂടിയുള്ള റിപ്പോർട്ടിംഗാണ് പല മാധ്യമങ്ങളും നടത്തുന്നതെന്നു പറഞ്ഞ കോടതി, ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട വാർത്താസമ്മേളനങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു പോലീസിനു മാർഗനിർദേശം നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോടു നിർദേശിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ്, ഏകപക്ഷീയമായി വാർത്തകൾ അവതരിപ്പിക്കുന്ന 14 ചാനൽ അവതാരകരെ ബഹിഷ്കരിക്കാൻ പ്രതിപക്ഷ മുന്നണിയായ “ഇന്ത്യ’’ തീരുമാനിച്ചത്.
രണ്ട് സംഭവവികാസങ്ങളും ഗൗരവമർഹിക്കുന്നതാണ്. ആഗോള മാധ്യമസ്വാതന്ത്ര്യത്തിന്റെ പട്ടികയിൽ രാജ്യം തറയിൽ കുത്തിയിരിക്കുന്നതിനിടെയാണ് ഈ ആഭ്യന്തര അപചയ സൂചനകൾ. സ്വാതന്ത്ര്യവും നിഷ്പക്ഷതയും പ്രതിബദ്ധതയും ചോർന്നുപോകുന്ന മാധ്യമപ്രവർത്തനം വ്രണമായി പ്രത്യക്ഷപ്പെടുന്നത് ജനാധിപത്യ ഗാത്രത്തിലാണെന്ന വസ്തുതയാണ് നമ്മെ ഭയപ്പെടുത്തേണ്ടതും പ്രവർത്തനനിരതരാക്കേണ്ടതും.
വർധിച്ചുവരുന്ന മാധ്യമവിചാരണ കോടതികളുടെ നീതിനിർവഹണത്തെപോലും പ്രതികൂലമായി ബാധിക്കുവെന്നാണ് സുപ്രീംകോടതിയുടെ വിമർശനം. ഇതു ചെറുക്കാൻ മൂന്നുമാസത്തിനകം പുതുക്കിയ മാർഗനിർദേശം പുറത്തിറക്കണമെന്നാണ് നിർദേശം.
കുറ്റകൃത്യങ്ങളെ സംബന്ധിച്ച് പോലീസ് നടത്തുന്ന വെളിപ്പെടുത്തലുകൾ പലപ്പോഴും മാധ്യമവിചാരണയിൽ കലാശിക്കുന്നത് ഒഴിവാക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാനും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഢിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നിർദേശിച്ചു. മാധ്യമസ്വാതന്ത്ര്യത്തിനൊപ്പം മനുഷ്യനെന്ന നിലയിൽ കുറ്റാരോപിതർക്കുള്ള അവകാശങ്ങളെയും അംഗീകരിക്കുന്നതാണ് കോടതിയുടെ നിരീക്ഷണം.
“വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതും പ്രക്ഷേപണം ചെയ്യുന്നതും മൗലികാവകാശങ്ങളിൽ ഉൾപ്പെടുന്നതാണ്. ജനങ്ങൾക്ക് അതറിയാനുള്ള അവകാശവുമുണ്ട്. എന്നാൽ, പ്രധാനപ്പെട്ട തെളിവുകൾ പുറത്താകുന്നത് തുടരന്വേഷണത്തെ ബാധിക്കും”പക്ഷപാതപരമായ റിപ്പോർട്ടിംഗ് കുറ്റാരോപിതർ കുറ്റം ചെയ്തെന്ന സംശയം ജനങ്ങളിൽ സൃഷ്ടിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
കേരളത്തിലുൾപ്പെടെ ചില പത്രങ്ങളുടെയും ചാനലുകളുടെയും മുൻവിധിയോടെയുള്ള റിപ്പോർട്ടുകളും മാധ്യമവിചാരണകളും കുറ്റാരോപിതരുടെ മനുഷ്യാവകാശങ്ങളെ പൂർണമായും തമസ്കരിക്കുന്നതായിരുന്നു. നിയമാനുസൃതമായ കോടതിവിചാരണകൾക്കൊടുവിൽ കുറ്റാരോപിതരെ വെറുതെ വിട്ടാലും അംഗീകരിക്കാനാവാത്ത വിധമുള്ള പൊതുബോധം സൃഷ്ടിക്കാൻ അത്തരം മാധ്യമവിചാരണകൾക്കു കഴിഞ്ഞിട്ടുമുണ്ട്.
മറ്റുള്ളവരുടെ വ്യക്തിജീവിതത്തെയും അവകാശങ്ങളെയും ചവിട്ടിമെതിച്ച് അവരെ എക്കാലത്തേക്കും സംശയമുനയിൽ നിർത്തുന്നവർ മാധ്യമസ്വാതന്ത്ര്യത്തിൽ സർക്കാരിനും കോടതികൾക്കും ഇടപെടാനുള്ള വഴി തുറക്കുകയാണ്. മാധ്യമങ്ങൾ സ്വയംനിയന്ത്രണ സംവിധാനങ്ങൾ പാലിക്കുകയാണു വേണ്ടതെന്നും സെൻസർഷിപ് അടിച്ചേൽപ്പിക്കാൻ തങ്ങൾക്കു യാതൊരു താത്പര്യവുമില്ലന്നും ഒരു മാസം മുന്പ് സുപ്രീംകോടതി പറഞ്ഞിരുന്നു.
മാധ്യമങ്ങളുടെ സ്വയംനിയന്ത്രണ സംവിധാനത്തിനെതിരായ മുംബൈ ഹൈക്കോടതിയുടെ പരാമർശങ്ങളെ ചോദ്യം ചെയ്ത് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആൻഡ് ഡിജിറ്റൽ അസോസിയേഷൻ (എൻബിഡിഎ) നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. അതു മുന്നറിയിപ്പു കൂടിയാണ്. സ്വാതന്ത്ര്യത്തിന്റെ മറവിൽ ഇടുങ്ങിയ താത്പര്യങ്ങൾ കെട്ടിയെഴുന്നള്ളിക്കരുതെന്ന മുന്നറിയിപ്പ്.
പത്രങ്ങളും പത്രപ്രവർത്തകരും പ്രതിക്കൂട്ടിലാകുന്നത് ആദ്യമൊന്നുമല്ല. ഭരണകൂടത്തെ വിമർശിക്കുകയും അഴിമതികളും ജനദ്രോഹങ്ങളും തുറന്നുകാട്ടുകയും ചെയ്തതിന്റെ പേരിൽ പീഡിതരായ ധീരമാധ്യമപ്രവർത്തകർ ജനാധിപത്യത്തിന്റെ കാവൽക്കാരാണ്. പക്ഷേ, നീതിന്യായ സംവിധാനത്തെ നോക്കുകുത്തിയാക്കി ഇക്കിളിവിചാരണകൾ നടത്തുക, റേറ്റിംഗ് കൂട്ടി പണമുണ്ടാക്കാനുള്ള വ്യഗ്രതയിൽ വ്യക്തിഹത്യ നടത്തുക, ഉറപ്പില്ലാത്ത കാര്യങ്ങൾ വാർത്തയാക്കുകയോ വിളിച്ചുപറയുകയോ ചെയ്യുക, ഭരണകൂട താത്പര്യങ്ങൾ നടപ്പാക്കാൻ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുക, പക്ഷപാതപരമായി വാർത്ത അവതരിപ്പിക്കുകയും ചർച്ച വഴിതിരിച്ചുവിടുകയും ചെയ്യുക തുടങ്ങിയവയൊക്കെ അപചയമെന്നല്ല, മാധ്യമപ്രവർത്തനംപോലുമല്ലെന്നാണ് പറയേണ്ടത്.
അസഹനീയമായ മാധ്യമവിചാരണയുടെയും അപചയത്തിന്റെയും സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. അതുപോലെ, പ്രതിപക്ഷം ചില അവതാരകരെ ബഹിഷ്കരിച്ചത് ഏതാനും വർഷങ്ങളായുള്ള തിക്താനുഭവങ്ങളുടെ വെളിച്ചത്തിലാവാം. എങ്കിലും ബഹിഷ്കരണം ഉചിതമായോ എന്നു ചർച്ചയാവാം. ഒപ്പം, ബഹിഷ്കരിച്ച അവതാരകരുടെ മാധ്യമപ്രവർത്തനം ധീരതയുടേതായിരുന്നോ ഭരണകൂട വിധേയത്വത്തിന്റേതായിരുന്നോ എന്ന് അവരും ആത്മപരിശോധന നടത്തട്ടെ. അതിനുള്ള എളുപ്പമാർഗം “ഇന്ത്യ’’ ബഹിഷ്കരിച്ച റിപ്പബ്ലിക് ഭാരതിലെ അർണാബ് ഗോസ്വാമി ഉൾപ്പെടെയുള്ള 14 അവതാരകരും തങ്ങളുടെ പഴയ പ്രകടനങ്ങൾ വീണ്ടും കാണുകയും അതേക്കുറിച്ച് രാജ്യം ബഹുമാനിക്കുന്ന പ്രമുഖ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരോട് അഭിപ്രായം ചോദിക്കുകയുമാണ്. റേറ്റിംഗിനെക്കാളും വിധേയത്വത്തെക്കാളും പ്രധാനമാണ് അഭിപ്രായസ്വാതന്ത്ര്യവും ജനാധിപത്യവും.