ക്രൈസ്തവ ക്ഷേമത്തിന് എത്ര കാത്തിരിക്കണം?
ജെ.ബി. കോശി കമ്മീഷനെ നിയോഗിച്ചതിന്റെ ലക്ഷ്യം ക്രൈസ്തവരുടെ പ്രതിസന്ധികൾക്കും പിന്നാക്കാവസ്ഥയ്ക്കും പരിഹാരമുണ്ടാക്കുക എന്നതാണ്; ഒരു റിപ്പോർട്ടുണ്ടാക്കി സൂക്ഷിക്കുക എന്നതല്ല. നാലു മാസമായി അതിൽ എന്തു നടപടിയുണ്ടായി എന്നറിയാൻ ക്രൈസ്തവർക്കു താത്പര്യമുണ്ട്.
അന്വേഷണ, പഠന കമ്മീഷനുകൾ നീതിക്കുവേണ്ടിയുള്ളതാണെങ്കിലും അവയുടെ റിപ്പോർട്ടുകൾ യഥാസമയം ഉപയോഗിച്ചില്ലെങ്കിൽ അതു സാന്പത്തിക നഷ്ടം മാത്രമല്ല, ലക്ഷ്യത്തെ അട്ടിമറിക്കുകയും ചെയ്യും. ഇക്കാരണത്താലാണ് ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷനെക്കുറിച്ച് സർക്കാരിനെ ഓർമിപ്പിക്കേണ്ടിവരുന്നത്.
കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹ്യ, സാന്പത്തിക പിന്നാക്കാവസ്ഥകളെക്കുറിച്ചു പഠിച്ച് വിവിധ ക്ഷേമപദ്ധതികൾ നിർദേശിക്കാനുള്ളതായിരുന്നു കമ്മീഷൻ. കഴിഞ്ഞ മേയ് 17ന് കമ്മീഷൻ മുഖ്യമന്ത്രിക്കു റിപ്പോർട്ട് സമർപ്പിച്ചു. സർക്കാരുകളുടെ പതിവുകൾ അറിയാവുന്നതുകൊണ്ടാണ് “ഈ റിപ്പോർട്ടിൽ അടയിരിക്കരുത്’’ എന്ന തലക്കെട്ടിൽ മേയ് 19ന് ദീപിക മുഖപ്രസംഗത്തിലൂടെ അഭ്യർഥിച്ചത്. ആഭ്യന്തര വകുപ്പിൽനിന്ന് റിപ്പോർട്ട് ന്യൂനപക്ഷ ക്ഷേമ വകുപ്പിലേക്കു കൈമാറിയതാണ് ഇക്കാര്യത്തിൽ ആകെയുണ്ടായിട്ടുള്ള പുരോഗതിയെന്നാണ് അറിയുന്നത്. ഒരിക്കൽക്കൂടി ഓർമിപ്പിക്കട്ടെ, ക്രൈസ്തവ ന്യൂനപക്ഷങ്ങളോട് ആത്മാർഥയുണ്ടെങ്കിൽ ആ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കാൻ ഇനിയും നല്ലനേരം നോക്കരുത്; ഒരു സമ്മർദത്തിനും വഴങ്ങുകയുമരുത്.
2020 നവംബർ അഞ്ചിനായിരുന്നു ജസ്റ്റീസ് ജെ.ബി. കോശി അധ്യക്ഷനായി കമ്മീഷനെ നിയമിച്ചത്. മുൻ ഡിജിപി ജേക്കബ് പുന്നൂസ് ഐപിഎസ്, ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് ഐഎഎസ് എന്നിവരായിരുന്നു മറ്റംഗങ്ങൾ. 2021 ഫെബ്രുവരി ഒമ്പതിന് കമ്മീഷന്റെ പരിഗണനാവിഷയങ്ങളിൽ വ്യക്തത വരുത്തി സർക്കാർ പ്രത്യേക ഉത്തരവിറക്കി. റിപ്പോർട്ട് സമയബന്ധിതമായി സമർപ്പിക്കാനുള്ള നിർദേശവും ഉത്തരവിലുണ്ടായിരുന്നു. ക്രൈസ്തവരുടെ ജീവനോപാധികൾ, വിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധികൾ, സാമൂഹ്യമായ പിന്നാക്കാവസ്ഥ തുടങ്ങിയ വിഷയങ്ങളിൽ അഞ്ചുലക്ഷത്തോളം പരാതികളും നിര്ദേശങ്ങളുമാണ് കമ്മീഷനു മുന്നിലെത്തിയത്. 4.87 ലക്ഷം പരാതികൾ പരിശോധിച്ച് തയാറാക്കിയ 500 ശിപാർശകളാണ് രണ്ട് വോള്യങ്ങളായി കമ്മീഷൻ സർക്കാരിനു സമർപ്പിച്ചത്.
കമ്മീഷന്റെ ശിപാർശകൾ പുറത്തുവിട്ടിട്ടില്ലാത്തതിനാൽ അതേക്കുറിച്ചുള്ള സൂചനകൾ മാത്രമാണുള്ളത്. ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പ് 80:20 എന്ന നിലയിൽ മുസ്ലിം വിഭാഗത്തിനു കൂടുതൽ ലഭിക്കുന്നതിനാൽ ക്രൈസ്തവർ അവഗണിക്കപ്പെടുന്നെന്ന പരാതിയും പ്രതിഷേധവും ക്രൈസ്തവ വിഭാഗം ഉയർത്തിയതിനിടെയായിരുന്നു കമ്മീഷനെ നിയോഗിച്ചത്. 80:20 അനുപാതം റദ്ദാക്കി സ്കോളർഷിപ്പ് വിതരണം ജനസംഖ്യാനുപാതത്തിൽ വേണമെന്ന ഹൈക്കോടതി ഉത്തരവ് സർക്കാർ നടപ്പാക്കിയെങ്കിലും മുസ്ലിം വിഭാഗത്തിന്റെ എതിർപ്പിനെത്തുടർന്ന് സർക്കാർതന്നെ അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സുപ്രീംകോടതിയുടെ അന്തിമനിലപാട് അനുസരിച്ച് തുടർനടപടി എന്നതാണ് കമ്മീഷന്റെ നിലപാടെന്നറിയുന്നു. പട്ടികജാതി വിഭാഗത്തിൽനിന്നു ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരും തീരദേശവാസികളുമാണ് ഏറ്റവും പിന്നാക്കം നിൽക്കുന്നതെന്നും അവരുടെ ഉന്നമനത്തിനായി പ്രത്യേക കമ്മീഷൻ രൂപീകരിക്കണമെന്നും ശിപാർശ ചെയ്തിട്ടുണ്ടെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.
കുട്ടനാട്ടിലെയും മലയോര മേഖലയിലെയും ക്രൈസ്തവരുടെ ജീവിതനിലവാരം ഉയർത്താനുള്ള ശിപാർശകളുമുണ്ട്. തീരദേശ മേഖലയിൽ കടലിനോടു ചേർന്നു താമസിക്കുന്നവരുടെ പുനരധിവാസം നടത്തുന്പോൾ അവരുടെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ സ്ഥലത്തേക്കുതന്നെ മാറ്റി പാർപ്പിക്കണമെന്നാണത്രേ കമ്മീഷന്റെ നിർദേശം. ഔദ്യോഗികമായി റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ലാത്തതിനാൽ ഊഹാപോഹങ്ങളെക്കുറിച്ചുള്ള ചർച്ചകർക്കു പ്രസക്തിയില്ല.
ജെ.ബി. കോശി കമ്മീഷനെ നിയോഗിച്ചതിന്റെ ലക്ഷ്യം ക്രൈസ്തവരുടെ പ്രതിസന്ധികൾക്കും പിന്നാക്കാവസ്ഥയ്ക്കും പരിഹാരമുണ്ടാക്കുക എന്നതാണ്; ഒരു റിപ്പോർട്ടുണ്ടാക്കി സൂക്ഷിക്കുക എന്നതല്ല. നാലു മാസമായി അതിൽ എന്തു നടപടിയുണ്ടായി എന്നറിയാൻ ക്രൈസ്തവർക്കു താത്പര്യമുണ്ട്. ഇന്നലെ റോജി എം. ജോൺ എംഎൽഎയുടെ സബ്മിഷനു മറുപടിയായി നിയമസഭയിൽ കിട്ടിയ മറുപടി റിപ്പോർട്ട് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളിൽ പരിശോധിച്ചു നടപടി സ്വീകരിക്കേണ്ട ശിപാർശകളായതിനാൽ അതേക്കുറിച്ചു പരിശോധിച്ചുവരികയാണ് എന്നാണ്.
കമ്മീഷൻ റിപ്പോർട്ടും അതിന്മേൽ സർക്കാർ കൈക്കൊണ്ട നടപടികളെക്കുറിച്ചുള്ള വിശദമായ കുറിപ്പും (Action Taken Report) സഭയില് വയ്ക്കാൻ വൈകരുതെന്ന് വീണ്ടും ഓർമിപ്പിക്കേണ്ടി വന്നിരിക്കുകയാണ്. നാലു മാസംകൊണ്ട് ഈ റിപ്പോർട്ടിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടികൾ കാണുന്പോൾ ക്രൈസ്തവ ന്യൂനപക്ഷങ്ങൾ കാത്തിരുന്ന നീതി അനന്തമായി നീളുകയാണോയെന്ന ആശങ്ക കനക്കുകയാണ്. ഇക്കാര്യത്തിൽ സർക്കാരിന് ആത്മാർഥതയില്ലെന്നോ പിൻവാതിൽ സമ്മർദങ്ങളുണ്ടെന്നോ തെറ്റിദ്ധരിക്കാൻ ഈ കാലതാമസം ഇടയാക്കരുത്.