ആദിയുടെ കണ്ണുകൾ കേരളത്തെ നോക്കുന്നു
കേരളത്തിന്റെ മുക്കിലും മൂലയിലും നിറയുന്ന മദ്യ-മയക്കുമരുന്നു ക്രിമിനലുകളെ നിലയ്ക്കു നിർത്തുന്നതിൽ പരാജയപ്പെട്ട സർക്കാരിനെയും നോക്കുന്നുണ്ട് ആദി എന്ന ബാലൻ.
കൊല്ലപ്പെടുന്നതിനു തൊട്ടുമുന്പ് ഇര കൊലയാളിയെ നോക്കുന്നതിനോളം ഹൃദയഭേദകമായതൊന്നും വേറെയില്ല. തിരുവനന്തപുരം കാട്ടാക്കടയിലെ ആദിശേഖരനെന്ന കുട്ടി, വാഹനമോടിച്ചെത്തുന്ന കൊലയാളിയെ തിരിഞ്ഞൊന്നു നോക്കുന്നുണ്ട്. കണ്ണൊന്നു ചിമ്മുന്നതിനു മുന്പ് കൊലയാളിയെന്നു കരുതുന്നയാൾ വാഹനം കയറ്റി ആ സുന്ദരമിഴികൾ എന്നെന്നേക്കുമായി അടയ്ക്കുകയും ചെയ്തു.
കൊടും ക്രൂരതയുടെ ആ സിസിടിവി ദൃശ്യം ഒരു വാൾപോലെയാണ് കാഴ്ചക്കാരിലേക്ക് ആഴ്ന്നിറങ്ങിയത്. ആദിയുടെ സംസ്കാരം കഴിഞ്ഞെങ്കിലും ആ കണ്ണുകൾ തുറന്നേയിരിക്കുന്നു. കേരളത്തിന്റെ മുക്കിലും മൂലയിലും നിറയുന്ന മദ്യ-മയക്കുമരുന്നു ക്രിമിനലുകളെ നിലയ്ക്കു നിർത്തുന്നതിൽ പരാജയപ്പെട്ട സർക്കാരിനെയും നോക്കുന്നുണ്ട് ആദി എന്ന ബാലൻ.
കഴിഞ്ഞ 31ന് ആദിശേഖരനെന്ന 15 വയസുകാരൻ മരിച്ചത് വാഹനാപകടത്തിലാണെന്നായിരുന്നു പോലീസും ബന്ധുക്കളും കരുതിയത്. കേസന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മനഃസാക്ഷിയെ മരവിപ്പിക്കുന്ന കൊടുംക്രൂരതയുടെ സൂചന ലഭിച്ചത്.
വൈകുന്നേരം അഞ്ചോടെ സമീപത്തെ മൈതാനത്ത് കളി കഴിഞ്ഞു മടങ്ങുന്നതിനിടെ കൂട്ടുകാരനുമൊത്ത് വഴിയരികിൽ നിൽക്കുകയായിരുന്നു ആദി. ഏറെനേരമായി നിർത്തിയിട്ടിരുന്ന കാർ, ഏതാനും മീറ്ററകലെ കൂട്ടുകാരനുമായി സംസാരിച്ചുകൊണ്ടിരുന്ന ആദിശേഖരന്റെ നേർക്ക് പ്രിയരഞ്ജൻ ഓടിച്ചുകയറ്റുകയായിരുന്നു.
സൈക്കിളുമായി റോഡിലേക്ക് ആദി തിരിഞ്ഞയുടനെയാണ് കാർ മുന്നോട്ടെടുത്തത്. കാർ തൊട്ടടുത്തെത്തിയപ്പോൾ ഒപ്പമുണ്ടായിരുന്ന കുട്ടി ഓടിമാറി. റോഡിനു നടുവിൽ സൈക്കിളുമായി നിന്ന ആദിക്ക് ഒന്നും ചെയ്യാനായില്ല. കാറിന്റെ ശബ്ദം കേട്ടാകാം ആദി ഒരു നിമിഷം കാറിലേക്കു നോക്കുന്നതു കാണാം. അടുത്ത നിമിഷം ആദിക്കും സൈക്കിളിനും മുകളിലൂടെ പ്രിയരഞ്ജൻ കാർ കയറ്റിയിറക്കി. സംഭവസ്ഥലത്തുവച്ചുതന്നെ കുട്ടി മരിച്ചെന്നാണ് റിപ്പോർട്ട്.
സിസിടിവി ദൃശ്യം ലഭിച്ചതിനു പിന്നാലെ പോലീസ് മാതാപിതാക്കളെ സമീപിച്ചതോടെയാണ് കൊലപാതക സാധ്യതയിലേക്കു വിരൽ ചൂണ്ടുന്ന കൂടുതൽ വിവരങ്ങൾ അറിവായത്. ക്ഷേത്രമതിലിനു സമീപം പ്രിയരഞ്ജൻ മൂത്രമൊഴിച്ചതിനെ ആദി വിമർശിച്ചിരുന്നെന്നും അതിന്റെ പേരിൽ വാക്കുതർക്കം ഉണ്ടായിരുന്നെന്നും അവർ പറഞ്ഞതായി പോലീസ് വ്യക്തമാക്കി.
പ്രിയരഞ്ജൻ കുട്ടിയെ തടഞ്ഞുനിർത്തി മർദിക്കാൻ ശ്രമിച്ചുവെന്ന ആദിയുടെ പിതാവ് അരുൺകുമാറിന്റെ അടുത്ത ബന്ധു ലതാകുമാരിയുടെ മൊഴിയും നിർണായകമായി. കൊലയാളിയെന്നു സംശയിക്കുന്ന പ്രിയരഞ്ജൻ ആദിശേഖരന്റെ അകന്ന ബന്ധുകൂടിയാണ്. കാരണം എന്തായാലും നരാധമൻ ശിക്ഷിക്കപ്പെടണം. ഇത്ര നിസാരമായ ഒരു കാര്യത്തിന് ഒരു കുട്ടിയോട് ഇത്ര ക്രൂരമായ പ്രതികാരം നടത്തിയത് അവിശ്വസനീയമാണ്.
കൊടും കുറ്റവാളികൾക്കോ മയക്കുമരുന്ന് അടിമകൾക്കോ മാത്രമേ ഇത്ര പൈശാചികത കാണിക്കാനാകൂ. ഒന്നര മാസം മുമ്പ് പ്രിയരഞ്ജൻ ഉൾപ്പെടെയുള്ള സംഘം എംഡിഎംഎ ലഹരിമരുന്നുമായി എക്സൈസിന്റെ വലയിലായെന്നും ഉന്നതതല ഇടപെടലിൽ കേസിൽനിന്നു രക്ഷപ്പെട്ടെന്നുമാണ് പുറത്തുവരുന്ന വിവരം. വാർത്ത ശരിയാണെങ്കിൽ ആരാണ് ഇത്തരം കുറ്റവാളികളെ വളർത്തിയെടുക്കുന്നതെന്ന ചോദ്യമുണ്ട്.
മയക്കുമരുന്നുവ്യാപനം കുറ്റകൃത്യങ്ങളുടെ പ്രധാന കാരണമായി. കോടികളുടെ മയക്കുമരുന്നു പിടിച്ചാലും ലഭ്യതയ്ക്ക് ഒരു കുറവുമില്ലാത്ത മാന്ത്രികവ്യാപാരമായി മയക്കുമരുന്ന് മാറി. ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങൾ മുതൽ സംസ്ഥാനതലം വരെ സമിതികൾ രൂപീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് 2022 സെപ്റ്റംബറിലാണ്.
ഒന്നും സംഭവിച്ചില്ല. സർക്കാരിന്റെ ശ്രമങ്ങൾ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. മയക്കുമരുന്ന് മാഫിയ കൈയടക്കാത്ത ഒരു പഞ്ചായത്തെങ്കിലും കേരളത്തിൽ അവശേഷിക്കുന്നുണ്ടെങ്കിൽ സർക്കാർ വെളിപ്പെടുത്തണം. പലയിടത്തും സ്വൈരമായി വഴിനടക്കാനാകില്ല. മരുന്നടിച്ച് ഇരുചക്രവാഹനങ്ങളിൽ വിലസുന്നവർ കാട്ടിക്കൂട്ടുന്ന ദ്രോഹങ്ങൾ നാട്ടുകാരോ മറ്റു വാഹനങ്ങളിലുള്ളവരോ ചോദ്യം ചെയ്താൽ സംഘടിതമായ ആക്രമണമാണ് ഫലം.
സ്ത്രീകൾക്കു തനിയെ നടക്കാൻ ഭയമാണ്. പോലീസിനും ഭയമാണെന്നു തോന്നും പല നടപടികളും കാണുന്പോൾ. ഇതിലൊക്കെ ഗൗരവമുള്ള കാര്യം, മയക്കുമരുന്നു മാഫിയയുമായി വിവിധ രാഷ്ട്രീയ നേതാക്കൾക്കുള്ള ബന്ധമാണ്. പിടിയിലാകുന്നവരെ രക്ഷിക്കാൻ ശിപാർശയുമായെത്തുന്നതു രാഷ്ട്രീയക്കാരാണ്. കാട്ടാക്കടയിൽ പോലീസ് തെരയുന്ന പ്രിയരഞ്ജൻ എംഡിഎംഎയുമായി വലയിലായപ്പോൾ ഉന്നത ഇടപെടലുണ്ടായെന്നാണ് ആരോപണം.
മയക്കുമരുന്നു കുറ്റവാളികൾക്ക് തനിയെ നിൽക്കാനാകില്ല. താങ്ങാൻ പോലീസിലും രാഷ്ട്രീയ പാർട്ടികളിലുമൊക്കെ ആളുണ്ടാകണം. ആ ബന്ധങ്ങൾ അറുത്തുമാറ്റിയില്ലെങ്കിൽ പ്രിയരഞ്ജന്മാർ കേരളത്തിന്റെ സ്വതന്ത്രജീവിതത്തെ വണ്ടികയറ്റി കൊല്ലുന്നതു തുടരും. ആദിയെന്ന കുഞ്ഞിനുള്ള നീതി പ്രിയരഞ്ജനുള്ള ശിക്ഷയിൽ ഒതുങ്ങില്ല.